രചന : വാസുദേവൻ. കെ. വി✍

ട്രോളിംഗ് നിരോധനത്തിന് പച്ചക്കൊടി. വീട്ടുമുറ്റത്തെത്തി മീൻ വൃത്തിയാക്കി തരുന്നവരുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.. മീൻ വില്പനശാലയിലെത്തി ഇത്തിരി ചാളയും അയലയും വാങ്ങാൻ ചിന്നവളെയും കൂടെ കൂട്ടി.
മീനുകൾ തൊട്ടു നോക്കി അവൾ ആവശ്യപ്പെട്ടു.. അച്ഛാ പ്രോൺ മതി.
ബിംഗോയും ലയ്സും മാറ്റി നിർത്തിയാൽ അവളുടെ ആവശ്യങ്ങൾ തീ വിലയുള്ളതിൽ. നിവേദനം തള്ളാനാവില്ല. ഒരു കിലോ വാങ്ങി നാനൂറു രൂപ നൽകി.
കടുത്ത സംഘി വിരോധിയായ വാമഭാഗത്തിന് പക്ഷേ പശുമാംസം തൊട്ട് മുട്ട വരെ ഹറാം.


ചെമീൻ വൃത്തിയാക്കാൻ പെണ്ണുങ്ങളെ പോലെ കുന്തിച്ചിരുന്നപ്പോഴാണ് അതിന്റെ വൈഷമ്യം തിരിച്ചറിഞ്ഞത്. നഖമുനയില്ലാത്ത വിരലുകൾ കൊണ്ട് തോട് പൊളിച്ചു വൃത്തിയാക്കുമ്പോൾ തോന്നി കവിത കുറിക്കൽ പോലെ അത്ര എളുപ്പമല്ല സംഗതിയെന്നും.നേരാക്കി വന്നപ്പോൾ പാതിയായി.നവമാധ്യമക്കവിതകൾ പോലെ വാലും തലയുമില്ലാതെ. എണ്ണതേച്ചു കുളിപ്പിക്കുമ്പോൾ അമ്മമാർ കാണുന്ന ബാലഗോപാലന്റെ കുഞ്ഞായുധം പോലെ ഓരോന്നും കാഴ്ച്ചയിൽ.. ഉള്ളിലോട്ടു ഇത്തിരി വളഞ്ഞ്.


കടൽത്തീരമില്ലാത്ത പാലക്കാട്.. പക്ഷേ ട്രോളിംഗ് നിരോധനം പ്രശ്‌നമേയല്ല. മത്സ്യസമ്പത്ത് എത്തുന്നതിലേറെയും അതിർത്തി കടന്ന്. മത്തിയും അയലയും മാത്രം തിന്നാൻ വിധിക്കപ്പെട്ടവർ.അയ്ക്കൂറ എന്ന് കേട്ടാൽ പാറ്റഗുളിക എടുക്കാൻ ഓടുന്നവർ.. അവർക്ക് ചെമ്മീൻ എന്നത് ആഡംബര വിഭവം. പീലിംഗ് എന്ന വാക്ക് തിരിച്ചറിയാത്തവർ.ചെമ്മീൻ ഫാം എന്തെന്നറിയാതെ ആഴക്കടൽ വിഭവം എന്ന് കരുതുന്ന അല്പജ്ഞാനികൾ.


പക്ഷേ കഥയിലും സിനിമകളിലുമായി ചെമ്മീൻ എന്ന വാക്ക് പരിചിതം. ചെമ്മീൻ എന്ന പേര് ചെമ്മീൻരഹിത സിനിമയിൽ എന്തു കൊണ്ട് എന്ന ചോദ്യം പണ്ടുതൊട്ടേ. കയർ തൊഴിലാളികളുടെ കഥയാണ് തകഴി ‘കയർ’ എന്ന നോവലിൽ കുറിച്ചിട്ടതെന്നു കരുതുന്ന പുതുതലമുറ എഴുത്തുകാരെ പോലെ ചെമ്മീൻ തൊഴിലാളികളുടെ യാതനകളാണ് സിനിമയെന്ന് കരുതുന്നവരും ഇനി.


ഓവർ ടു ആലപ്പുഴ….
ചെമ്മീൻ വൃത്തിയാക്കൽ നൽകിയത് അരൂരിലേക്കും അമ്പലപ്പുഴയിലേക്കും ഒരെത്തിനോട്ടം.
ചെമ്മീൻ വഴി ആലപ്പുഴ നേടിത്തന്നത് ആണ്ടുതോറും 20000 കോടി വിദേശനാണ്യം. മറ്റെല്ലാ വ്യവസായങ്ങളും നാട് നീങ്ങിയ പോലെ ഇപ്പോൾ അതും. ഒറീസ്സ, ആന്ധ്രപ്രദേശ്, തമിഴ്നാട് ഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന ചെമ്മീൻ സംസ്കരണം ഇന്ന് അഞ്ചിലൊന്നായി കുറഞ്ഞു. സ്വന്തമായി സംസ്കാരണ യൂണിറ്റുകൾ തുടങ്ങി തെലുങ്ക് നാട് കഴിഞ്ഞവർഷം നേടിയത് 25000 കോടി വിദേശ നാണ്യംമെങ്കിൽ നമുക്കത് 10000 കോടിയിൽ താഴെ.


നമ്മുടെ കൃഷിസൗഹൃദ സർക്കാർ ചെമ്മീൻ കൃഷിക്കായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി. വനമി കൃഷി എന്ന ഓമനപ്പേരുള്ള ചെമീൻ ഫാമുകൾക്ക് സർക്കാർ ധനസഹായം ആന്ധ്രയിൽ. ഇവിടെ അതിനുള്ള വൈദ്യുതി യൂണിറ്റ് ഒന്നിന് 20 രൂപ നൽകേണ്ടിവരുമ്പോൾ അവിടെ കേവലം രണ്ടു രൂപ മാത്രം. കടത്തു കൂലി ഒഴിവാക്കി തെലുങ്കൻ അവിടെത്തന്നെ ചെമ്മീൻ സംസ്കരിക്കുമ്പോൾ അതിലും ലാഭം.
നമ്മുടെ 800 ലേറെ പീലിംഗ് ഷെഡ്ഡുകൾ പൊളിച്ചു നീക്കപ്പെടാൻ ഇനി ഏറെക്കാലം വേണ്ട.അവിടെ പീലിംഗ് തൊഴിലെടുക്കുന്ന 3 ലക്ഷത്തിലേറെ സഹോദരിമാർ ഐസിന്റെ തണുപ്പും ചെമ്മീൻ കൊഴുപ്പും തട്ടി അളിഞ്ഞു തഴമ്പിച്ച വിരലുകളുമായി. അവർക്ക് തൊഴിൽ നഷ്ടപ്പെടാനും.


സാമൂഹ്യ സുരക്ഷാ പെൻഷനൊപ്പം കാർഷിക വാണിജ്യ മേഖലകളും നിലനിർത്താൻ ആവേണ്ടതുണ്ട് നമ്മുടെ മാതൃകാ സർക്കാരിന്.

വാസുദേവൻ. കെ. വി

By ivayana