രചന : സുമോദ് എസ് ✍

പുറമ്പോക്കിൽ
റോഡരികിൽ
ഇന്നലെ പൊളിച്ചുനീക്കിയ
വീട് എന്ന
തകരകൂനയുടെ മുന്നില്‍
നാലഞ്ച് ചോന്നചെമ്മരത്തി
ഇതളുകൾ
കൂട്ടിവെച്ച് രണ്ട് കുട്ടികളും
ഒരു പൂച്ചക്കുട്ടിയും പൂക്കളമിട്ടു….
കൊഴിഞ്ഞ വാകപ്പൂ
നടുക്കുവെച്ചു..
മണ്ണു കുഴച്ച്
ഉരുളയുമുണ്ടാക്കി…
ഇന്നലെ വരെ അവർ
താമസ്സിച്ചിരുന്ന വീടായിരുന്നു അത്..
അവർ എങ്ങോട്ടോ പോയപ്പോൾ
കനാലിന്റെ മറവിൽ
പതുങ്ങിനിന്ന ദെെവം
പൂക്കളത്തിനു മുന്നില്‍ നിന്ന്
സെൽഫിയോട് സെൽഫി…
പേപ്പട്ടി എന്ന
വൃാജപ്രചരണത്തെ
തുടർന്ന് അടികിട്ടി അവശനായി
ആ വഴി ഓടിവന്ന
ശുനകന് ദേഷൃം വന്നു…
എന്റെ ദെെവമേ
ജോലി സമയത്ത് പൂക്കളമിട്ടതും പോര
സെൽഫിയെടുത്ത് കളിക്കുന്നോ…
ഒന്നു പോടാപ്പാ….
ഇതാണ് എന്റെ പുതിയ
പ്രൊഫെെൽ പിക്ചർ…
ദെെവം ഉര ചെയ്തു…
അല്ലെങ്കില്‍ വാ..
ദെെവം അവനേയും
തോളോടുചേർത്ത്
ഒരു ഗ്രൂപ്പിയെടുത്തു…

സുമോദ് എസ്

By ivayana