രചന : ലോപാമുദ്ര✍

അവൾക്ക് ഏഴു വയസ്സുള്ളപ്പോഴാണ്
നിരണത്തമ്മൂമ്മ എന്ന വലിയമ്മൂമ്മ –
കിടപ്പിലായത്.
തണ്ടെല്ലു നീർന്ന തന്റേടം
തണ്ടൊടിഞ്ഞ ആമ്പലായി
തെക്കേ ചായ്‌പിൽ കിടന്നു….
കിടപ്പു നീണ്ടപ്പോൾ
എന്നും ചീകിയാലും ചെട പിടിക്കുന്ന
കുലുകുലാമുടി മുറിച്ച്
അമ്മ അമ്മൂമ്മയെ മാർഗരറ്റ് താച്ചറാക്കി
ബാക്കിയായ ഇത്തിരി മുടിയിൽ
പേനുകൾ വളർന്നു കുമിഞ്ഞു.
പിന്നെ എന്നും ,
അമ്മയുടെ പേൻചീകലിന്
ചൂണ്ടക്കാരന്റെ നിശബ്ദയായ കൂട്ടാളിയെപ്പോലെ
അവളും ഒപ്പമിരുന്നു .
കരിമ്പൻ തല്ലിയ പഴയ തോർത്തിലേക്ക്
പേനുകൾ കൂട്ടമായി പൊഴിഞ്ഞു-
വീഴുമ്പോൾ
ശർദ്ദിലിന്റെ ആദിമമായ ഒരല ,
കിരുകിരാന്ന് തുപ്പലായൂറി –
അവളുടെ വെളുത്ത പെറ്റിക്കോട്ട് നനച്ചു.
ഉള്ളിലെ ഞരമ്പ് കാണുമ്പോലെ
വെളുത്തു നേർത്ത – ഈയൽപ്പേനുകൾ,
ഇത്തിരി കൂടി വളർന്ന
തവിട്ടു നിറപ്പേനുകൾ ,
ചോര കുടിച്ചു കൊഴുത്ത
കറുത്തു മുഴുത്ത പേനുകൾ ,
ഓങ്ങുന്ന നഖപ്പാടിനു താഴെ
ഇണ ചേരുന്ന പ്രണയിപ്പേനുകൾ ,
പൊട്ടീര് തൊട്ട് വിളഞ്ഞു പൊട്ടാറായ
പേനുകൾ ഒക്കെ ,
ഏഴു വയസ്സിന്റെ നഖച്ചോട്ടിൽ
ടക് ടക് എന്ന് താളബദ്ധരായി മരിച്ചു.

പിന്നെ പേനുകൾ കൂട്ടമായി
മുറ്റത്തേക്ക് ഇഴഞ്ഞു
നിലാവിന്റെ തോർത്തിൽ വെളുക്കാത്ത രാത്രിയായി നിറഞ്ഞു.
അമ്മയുമമ്മൂമ്മയും – കത്തിത്തീർന്നിട്ടും
ഒരിക്കലും വളരാത്ത അവൾ ,
മുന്നിൽ ചീകിയിട്ട
സ്നേഹങ്ങളെ…
വർഷങ്ങളെ….
ജീവിതത്തെ
ടക്…. ടക്… എന്ന്

വാക്കനൽ

By ivayana