വേദന തിങ്ങും ഹൃദയത്തിൽ നിന്നിതാ
വേദിയിലെത്തുന്നൊരഗ്നിനാളം
വേറിട്ട ഭാഷയിൽ വേർപാടിൻ വേദന
വേഷപ്പകർച്ചയണിഞ്ഞിടുന്നൂ
കടലിൽക്കുളിക്കുവാൻ വെമ്പുന്ന വേളയിൽ
കതിരോൻ്റെ സ്വപ്നങ്ങൾ മേഘങ്ങളായ്
കമിതാവു വേർപെട്ട യുവതിയെപ്പോലെയീ
പ്രമദയാം ഭൂമി വിതുമ്പിനില്ക്കേ
കനവുകളേകിയാ
സവിതാവു ചൊല്ലുന്നു
കരയേണ്ട നാളെക്കുളിച്ചു വന്ന്
കമനീയമായൊരു തിലകമായ് മാറിടാം
കദനത്തിൻയാമങ്ങൾ മാറ്റി വയ്ക്കൂ
അജ്ഞാത ദ്വീപിൽനി-
ന്നാത്മഹർഷത്തിൻ്റെ,
ആരവം മെല്ലേയുയർന്നിടുമ്പോൾ
അദ്രിതന്നുത്തുംഗ സീമയിലെത്തിടും,
അർക്കൻ്റെയാ മൃദു പുഞ്ചിരിയാൽ
അംഭോരുഹവുമവനിയുമുൾപ്പടെ
അണ്ഡകടാഹങ്ങൾ ദീപ്തമായീ
അച്ചെറു യാമത്തിലിത്തിരിപ്പോരുമീ
അജ്ഞനും കണ്ടെത്തി സുപ്രഭാതം…..😶‍🌫

കൃഷ്ണമോഹൻ കെ പി

By ivayana