ബീരാനിക്കാക്ക് കലശലായ നടുവേദന, കുറച്ചു നാളായി തുടങ്ങിയിട്ട് കടയിലെ പാരസെറ്റാമോളും വിക്‌സും ഒക്കെ വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. കടയിലെ സ്ഥിരം പറ്റുകാരും തള്ളുകാരുമായ നാട്ടുകാർ ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു ബീരാനിക്കയെ ഭയപ്പെടുത്തി. എല്ലാവരും ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ ഉപദേശിച്ചു.

ബീരാനിക്കയുടെ ഫാമിലി ഡോക്ടറായ അവറാൻ ഡോക്ടറെ കാണാൻ അയാളുടെ വീട്ടിൽ എത്തിയപ്പോൾ, ഡോക്ടർ പുറത്തേക്കിറങ്ങാൻ കാറിൽ കയറുകയായിരുന്നു. ബീരാനിക്ക ഓടിച്ചെന്ന് ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ ഒട്ടും അമാന്തിക്കാതെ തന്റെ പോക്കറ്റിൽ നിന്നും പേന എടുത്തു, കുറിക്കാൻ പേപ്പർ ഇല്ലാത്തതുകൊണ്ട് ബീരാനിക്കയുടെ പോക്കറ്റിൽ കിടന്ന ഇലക്ട്രിസിറ്റി ബില്ലിന്റെ പുറത്ത് മരുന്ന് കുറിച്ചു കൊടുത്തു. ആ തിരക്കിനിടയിലും തിരക്കിട്ട് ഇക്കയുടെ കയ്യിൽ നിന്ന് ഫീസും വാങ്ങി ഡോക്ടർ യാത്രയായി.

“അയാളുടെ കുഞ്ഞമ്മയുടെ പേരകുട്ടിയുടെ 28 കെട്ട്, നന്നായി ഒന്ന് പരിശോധിച്ചു പോലുമില്ല”

ബീരാനിക്ക ദേഷ്യത്തോടെ പിറുപിറുത്തു. അന്നുതന്നെ മരുന്നുവാങ്ങി സേവിച്ചു തുടങ്ങിയെങ്കിലും വേദനയ്ക്ക് കാര്യമായ ശമനം ഉണ്ടായില്ല. പിന്നെ ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെയായി മൂന്നു നാല് ഡോക്ടർമാരെ കൂടി പോയി കാണിച്ചു. പോക്കറ്റിലെ കാശിന് കുറവുണ്ടായതല്ലാതെ വേദനക്ക് ഒട്ടും കുറവുണ്ടായില്ല. അങ്ങനെ വിഷണ്ണനും വിക്രീതനുമായ ബീരാനിക്കയെ കണ്ടു ആസ്ഥാന തള്ളിസ്റ്റും സ്ഥലത്തെ പ്രധാന വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനും ആയ ശുക്കൂർ കാര്യം തിരക്കി. സുക്കൂറിന്നോട് ഇക്ക കാര്യങ്ങൾ ഷെയർ ചെയ്തു.
സുക്കൂർ തന്റെ യൂണിവേഴ്സിറ്റിയിൽനിന്ന് കരഗതമായ അഗാധമായ അവഗാഹം ബീരാനിക്ക മുന്നിൽ വിളമ്പി.

“പല കാരണങ്ങൾ കൊണ്ടും നടുവേദന വരാം കിഡ്നി, ഹൃദയം സംബന്ധമായ അസുഖങ്ങൾക്കും കാൻസർ തുടങ്ങിയ രോഗങ്ങൾക്കും
ലക്ഷണമായി നടുവേദന കാണാറുണ്ട്.”

മുഴുവൻ കേട്ടിരിക്കാനുള്ള ത്രാണി ബീരാനിക്കക്കുണ്ടായില്ല. വെട്ടിയിട്ട തടി പോലെ ബോധരഹിതനായി താഴേക്കു വീണു. ബോധം വീണ്ടെടുത്ത ബീരാൻ, തന്റെ ബോധമുള്ള കൂട്ടുകാർ പറഞ്ഞതനുസരിച്ച് നഗരത്തിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ നഗരത്തിലെ മുന്തിയ ആശുപത്രിയിൽ എത്തി. ബീരാനിക്കയെ പരിശോധിക്കുന്നതിനോടൊപ്പം ബീരാനി
ക്കയുടെ പോക്കറ്റും ഡോക്ടർ പരിശോധിച്ചു. അതിൻപ്രകാരം അവിടത്തെ ടെസ്റ്റിംഗ് മെഷീനുകൾ സാധകം ചെയ്യാനുള്ള ടെസ്റ്റുകളും ചെയ്യിച്ചു. പക്ഷേ ഒരു ടെസ്റ്റിലും കുഴപ്പമൊന്നും കാണാൻ കഴിഞ്ഞില്ല.

“ഇക്കാ നാളെ വന്ന് എംആർഐ സ്കാൻ കൂടി എടുത്തു നോക്കാം”

ഡോക്ടർ കുറിപ്പ് എഴുതുന്നതിനിടെ മൊഴിഞ്ഞു. വീട്ടിലെത്തിയ ബീരാനിക്കയെ ഭാര്യ സമാധാനിപ്പിച്ചു.

“നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല ഇക്കാ, ഇനി സ്കാനിംഗ് ഒന്നും ചെയ്യേണ്ടന്നേ, അതിനൊക്കെയുള്ള കാശും നമ്മുടെ കയ്യിൽ ഇല്ലല്ലോ.”

“അതൊക്കെ ശരിയാ പാത്തു എന്നാലും എന്റെ ടെൻഷൻ മാറണ്ടേ, കടയിൽ പുതിയ ഫ്രിഡ്ജ് വാങ്ങാൻ കുറിയെടുത്ത പൈസയുണ്ട് ഫ്രിഡ്ജ് അടുത്തകൊല്ലം വാങ്ങാം സ്കാനിങ് നടക്കട്ടെ.”

പാത്തുമ്പി ഇത്ത മറുപടിയൊന്നും പറഞ്ഞില്ല. പിറ്റേദിവസം അതിരാവിലെ ഹോസ്പിറ്റലിൽ എത്തി സ്കാനിങ് ചെയ്തു. സ്കാനിംഗ് റിസൾട്ടും ഫിലിമുകളും
നേരത്തെ നോക്കിയ ടെസ്റ്റ് റിപ്പോർട്ടുകളും മാറ്റിയും മറിച്ചും നോക്കി, അതിനിടയിൽ ബീരാനിക്കയെയും നോക്കുന്നുണ്ട് ഡോക്ടർ, ബീരാനിക്കയുടെ നെഞ്ചിടിപ്പ് കൂടി.

“എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ?”

ഡോക്ടർ ഗൗരവത്തിൽ

“ഒരു കുഴപ്പവും കാണുന്നില്ലല്ലോ ബീരാനെ, തനിക്ക് ഒരസുഖവും ഇല്ല വേദനയൊക്കെ വെറുതെ തോന്നുന്നതാ, എന്നാലും ഞാൻ ഒരുഗ്രൻ ടാബ്‌ലെറ്റ് എഴുതിയിട്ടുണ്ട് അത് വേദനയുണ്ടേൽ മാത്രം കഴിച്ചാൽ മതി കെട്ടോ”

ബീരാനിക്കയുടെ നെഞ്ചിടിപ്പ് നിന്നു. തലക്ക് ചുറ്റും മൂളൽ തുടങ്ങി. പൊടുന്നനെ അയാൾ ഡോക്ടറുടെ തുടയിൽ ആഞ്ഞു നുള്ളി. ഞെട്ടിത്തരിച്ച ഡോക്ടർ അലറികൊണ്ട് ബീരാനെ തെറിവിളിച്ചു.

“ന്താ ഡോക്ടറെ വേദനിച്ചോ?”

“പിന്നെ വേദനിക്കൂല്ലേടാ ഭ്രാന്താ “

“അതൊക്കെ ഡോക്ടർക്ക് ചുമ്മാ തോന്നുന്നതാ”

ദേഷ്യവും പരിഹാസവും സമാസമം മിക്സ്‌ ചെയ്ത സ്മൈലിയും ഇട്ട് ബീരാനിക്ക അവിടെന്ന് പെട്ടെന്ന് സ്കൂട്ട് ആയി. കാര്യങ്ങൾ അങ്ങനെയൊക്കെ ആയെങ്കിലും സ്പെഷ്യലിസ്റ്റ് ഡോക്ടർ കുറിച്ചുകൊടുത്ത സ്പെഷ്യൽ ടാബ്‌ലെറ്റ് വാങ്ങാൻ ഇക്ക മറന്നില്ല. ഗുളിക കണ്ട ഇക്കയും ഇത്തയും മുഖത്തോട് മുഖം നോക്കി.

“ഈ ഗുളിക കണ്ടു നല്ല പരിചയം ഉണ്ടല്ലോ”
“കണ്ടു മാത്രമല്ല കഴിച്ചും പരിചയമുണ്ട്, ഇതാണ് നിങ്ങൾക്ക് അവറാൻ ഡോക്ടർ ആദ്യം കുറിച്ച് തന്ന മരുന്ന്”

ബീരാനിക്ക ഒരു നെടുവീർപ്പ് ഇട്ട് കൊണ്ട് :

“ഹോ, അന്ന് അവറാൻ ഡോക്ടർ 28 കെട്ടിന് പോകാനുള്ള ദൃതിയിൽ മുട്ടേൽ വെച്ച് എഴുതി തന്ന ഗുളിക”

ബീരാനിക്കയുടെ നടുവേദന പെട്ടെന്നൊന്നും മാറിയില്ല, പിന്നീട് പരിശോധനക്ക് ഒരിടത്തും പോയതുമില്ല. എല്ലാവരും ബീരാനിക്കയുടെ നടുവേദന മറന്നു, ബീരാനിക്കയും, അതിനിടക്ക് എപ്പോഴോ ഇക്കയുടെ വേദനയും മാറി.
-ശുഭം –

അനസ് അരൂക്കുറ്റി

By ivayana