പച്ചയ്ക്ക്
കൊന്ന് തിന്നാൻ
വട്ടം ചുറ്റി നിന്ന
പുലികൾക്കിടയിലൂടെ
ഞാനെന്റെ വാക്കുകളെ
പറഞ്ഞയക്കാറുണ്ട് .
ഓലപാമ്പ് കാട്ടി
എന്റെ ശബ്ദത്തെ
കെട്ടിയിടാനാവില്ല
നാക്കിനെ
അരിഞ്ഞു കളയാൻ
നിങ്ങൾ ആയുധമെടുക്കാം.
ഖുർആനും , ബൈബിളും
ഭഗവത് ഗീതയും അടുക്കി വച്ച
മനസ്സിലേക്ക് തീപ്പന്തം
ചുഴറ്റിയെറിയാനാവില്ല .
ചുരുണ്ടു കൂടി കിടന്ന
നിങ്ങളെപ്പോഴാണ്
ഉണർന്നെണീറ്റ്
ഭരണഘടനക്ക് നേരെ
തോക്ക്
ചൂണ്ടുന്നതെന്നറിയില്ല .
അമ്പലവും , പള്ളിയും
വരച്ച് തമ്മിൽ കൊമ്പ്
കോർക്കുന്ന
ചെകുത്താന്മാരെ
യേശുവിനെയും ,
കൃഷ്ണനെയും
മുഹമ്മദ്‌ നബിയെയും
ചേർത്ത് പിടിച്ച്
ഒറ്റ മനസ്സായ്‌ പൂക്കുന്ന
പുതു തലമുറ
നിങ്ങൾക്ക്
താക്കീത് നൽകി
ഇവിടെ
ഉയർത്തെഴുന്നേൽക്കുന്നുണ്ട്…….
എന്റെ
സിരകളിലലിഞ്ഞു ചേർന്ന
മത സഹിഷ്ണുതയെ
ഒന്ന് നുള്ളി നോവിക്കാൻ
പോലും നിങ്ങൾക്കാവില്ല
ഭിന്നിപ്പിക്കുക എന്നത്
നിങ്ങളുടെ
തത്വശാസ്ത്രമാണെങ്കിൽ
വഴങ്ങാൻ എനിക്ക്
മനസ്സില്ല………..

ഷാജു. കെ. കടമേരി

By ivayana