എന്നിൽ ……….
പ്രണയം പൂവിടുന്നത്
നിൻ്റെ ………
നീലക്കടലാഴമുള്ള
കണ്ണുകൾ കാണുമ്പോഴല്ല !!!
നെറ്റിയിലേക്കൂർന്ന
നേർത്ത മുടിയിഴകൾ കാണുമ്പോഴല്ല !!
ചെന്തൊണ്ടി തോൽക്കുന്ന
പേലവാധരഭംഗി കാണുമ്പോഴല്ല !!!
യൗവ്വന സൗഷ്ഠവങ്ങൾ
അലങ്കാരമണിയിച്ച
പെണ്ണുടൽ വടിവം കാണുമ്പോഴല്ല !!!
ചിരിയിലോ അന്നനടയിലോ അല്ലേയല്ല……….!!!
നിൻ്റെ മിഴിയാഴങ്ങളിൽ മിന്നിത്തെളിയുന്ന
നിന്നെ അറിയുമ്പോഴാണത് !!!
ഓരോ പൂവുവിരിയുന്നതും
ഒരോ അരിമണിയും
അന്നമായി വിളമ്പപ്പെടുന്നതും
ഒരോ ദിനവും സൂര്യചന്ദ്രന്മാർ മാനത്തു കണ്ണോട്ടം നടത്തുന്നതും
ഓരോ തുള്ളി സ്നേഹവും പങ്കുവയ്ക്കപ്പെടുന്നതും
എനിക്കോ നിനക്കോ വേണ്ടി മാത്രമല്ലെന്നും
പരസ്പര വിശ്വാസത്തിൽ കുരുത്തുപൊങ്ങുന്ന
പ്രണയ ഭാവം
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞാൽ
ഭൂഗോളം ഒരു കൊച്ചു
കിളി കൂടുപോലെ
ചെറുതായി തീരുമെന്നും
അതിൽ നമുക്ക്
നേരിൻ്റെ നേർമ്മപാറ്റിയ കിളിമുട്ടകൾ അടവച്ച് വിരിയിച്ചെടുക്കാമെന്നും
അന്നു നീ പറഞ്ഞപ്പോൾ
പെണ്ണേ…. എന്നിൽ പ്രേമം പൂത്തു !!!
നീ എൻ്റെ മുന്നിൽ
ഒരു മഹാമേരുപോലെവളർന്നു
പ്രണയത്തിന് വിശ്വജനീനമായ തലങ്ങളുമുണ്ടെന്ന് ഞാനറിഞ്ഞത് അന്നാണ്
പ്രണയാർദ്രരേ നിങ്ങളിത് ‘ മനസ്സിൽ കുറിച്ചെങ്കിൽ !!!

സ്നേഹചന്ദ്രൻ

By ivayana