രചന : ജയരാജ് പുതുമഠം.✍
പുതിയൊരു അദ്ധ്യായത്തിൻ
ഏടുകൾ മറിച്ച്
മിഴികളിൽ വിസ്മയറാന്തലിൻ
തിരി തെളിച്ച്
വരികളിൽ മാനവ താപശമനത്തിൻ
വേനലഭിരുചികൾ
തിരയുകയാണെൻ ജന്മമൃഗം
ഭ്രമണപഥത്തിൽ പാടിയിറങ്ങിയ
അനന്തവീണയുടെ
സ്വരവിന്യാസം ശ്രവിച്ച്
കാലമുഴക്കങ്ങളിൽ ഭയപ്പെടാതെ
ആഴിയടിത്തട്ടിലെ മണികിലുക്കം
ഉയരുന്നതും കാതോർത്ത്
സന്ധ്യയുടെ കുങ്കുമം ചിതറിയ
സമയനൗകയുടെ മടിയിൽ
തലച്ചുമടിറക്കിവെച്ച്
പടിഞ്ഞാറോട്ട് ദൃഷ്ടി ചെരിച്ചു
എന്റെ പിറന്നാൾപക്ഷി.