രചന : ബി സുരേഷ് കുറിച്ചിമുട്ടം ✍.
നാട്ടുവഴിയോരത്തുനാലാളറിയെ,
ഞെളിഞ്ഞുനിന്നൊരെൻ കാലം.
നാടും നഗരവുമെല്ലാം മാറിമറിഞ്ഞു,
നാശമില്ലാതിന്നുമങ്ങനെ നിന്നിടുന്നുഞാൻ!
അന്നത്തെയൊരാക്കാലമോർത്തീടുകിൽ,
അകലത്തെ പട്ടണം പൂകുവോർ;
അന്നംതിരഞ്ഞുപോകുവോർകാൽനടയായ്.
അവരിൻഭാണ്ഡമെൻത്തോളിൽതാങ്ങിയകാലം!
നാട്ടിനിർത്തിയ രണ്ടുകരിങ്കല്ലിൽ,
നന്നേമലർന്നു കിടന്ന മറ്റൊരുകല്ലു ഞാൻ.
ചുമടെടുത്തുതളർന്നവർക്കത്താണിയായവൻ,
എൻ പേരല്ലോചുമടുതാങ്ങി!
നന്മകളന്നു നിറഞ്ഞു പൊഴിയും നാട്ടുവഴികളിൽ,
തിന്മകളിന്നു തിളച്ചു മറിയും ഓരോവഴികളിൽ!
ഉള്ളവനില്ലാത്തവനേകിയിരുന്നൊരുകാലം
ഉള്ളവനിന്നു ഇല്ലാത്തവനെയില്ലാതാക്കുംകാലം!
ലോകം മാറി മർത്യനും മാറി,
മാറ്റങ്ങളൊന്നും ഗുണമല്ലാതെമാറി!
ഗുണമായിടുന്നവരുണ്ടേറെ,
ഗുണമേറിടാതെ ചോദ്യച്ചിഹ്നമാകുന്നവരുണ്ടതിലേറെ!!
ഇനിയും പലതും കണ്ടു കണ്ണുനിറയ്ക്കാൻ,
ഈ പാതയോരത്തു കാടുംപടലുമേറി ഞാൻനിൽക്കും!
എത്രഭാരം താങ്ങിയിട്ടും തളരാത്തൊരെന്നുടൽ,
ഇന്നു പലതും കണ്ടും കേട്ടും നാണിച്ചും തളരുന്നു!!
