സമാന്തരമായ മാറ്റങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കുന്ന ഒരു തീവണ്ടി യാത്രയിൽ,
വിരസതയുടെ തോറ്റംപാട്ട്
ചുവന്ന രാശികൾ പൂശാൻ തുടങ്ങുന്ന വൈകുന്നേരം
ഞാനെന്റെ ;
എവിടെയും നങ്കൂരമിടാനാവാത്ത കണ്ണിണകളെ ഇരയാക്കി അയാളിലേക്ക് ചൂണ്ടയെറിഞ്ഞു.
ജീവിതം അതിന്റെ നിംനോന്നതങ്ങളെ
അടയാളപ്പെടുത്തിയിട്ടും തേഞ്ഞുതീരാതിരുന്ന തുണികൾ അയാളെ പൊതിഞ്ഞു പിടിക്കുന്നുണ്ട്.
കാറ്റിന്റെ പേക്കൂത്ത്
അനുവദിച്ചു കൊടുത്തേക്കുന്ന മുടിയിഴകൾ ,
ആരെയോ കാത്തു കിടക്കുന്ന വരണ്ട ഞരമ്പ് വഴികളെ ഓർമിപ്പിച്ചു.
സസൂക്ഷ്മം സൂചിയി
ലയാൾ
നൂല് കോർത്തുകൊണ്ടിരിക്കെ വണ്ടി സ്റ്റേഷനിൽ നിന്ന് അടികൊണ്ട കുതിരയെപ്പോലെ ഓടിത്തുടങ്ങി.
കയ്യിലുള്ളതിൽ വെച്ചേറ്റം
വെളുപ്പിൽ
കറുപ്പുകൊണ്ടെന്തോ അടയാളപ്പെടുത്തുകയാണ്.
ആൺ വിരലുകളിൽ
നൂല് വഴങ്ങുന്ന കാഴ്ച
മറ്റാരിലുമെത്താതെ വിയർത്തു.
ഒരുറുമ്പു വഴിയിലെ
അവസാന കണ്ണിപോലെ
പിന്തുടരുന്ന ശൂന്യതയുടെ
കറുപ്പിനെ ആവലാതിപ്പെട്ട്
പ്രത്യശയുടെ ഉദയം മാത്രം
ധ്യാനിച്ച്
സമയ നഷ്ടങ്ങളുടെ
തീരാക്കടലിൽ
കൈകാലിട്ടടിക്കുമ്പോൾ
ഞാനയാളെക്കുറിച്ച്
വെറുതെ ഓർത്തുകാണും.
തിരക്കുള്ള ബോഗിയിൽ
സീറ്റിന്റെ അരികുപറ്റി
ചമ്രം പറഞ്ഞിരിക്കുന്ന ആൾ
ധ്യാന ബുദ്ധനാവുന്നതും
അയാളിലേക്ക് ഒരു ബോധി വൃക്ഷം
ചെവി കൂർപ്പിച്ചിരിക്കുന്നതും.

തീവണ്ടിയൊന്ന്‌ ഏങ്ങിക്കിതച്ചു.
അയാളെഴുന്നേറ്റ് നിന്ന്
ചിത്രത്തുന്നലുകൾ
മറ്റുള്ളവരെ കാട്ടി
ആരാണെന്ന് ചോദിച്ചു.
അവരത് പകർത്തി,
കാണ്മാനില്ലെന്നെഴുതി
മറ്റൊരാളിലേക്ക് അദൃശ്യമായി
പറത്തിവിട്ടു.
മേഘക്കീറിൽ നിന്നൊരു
നിലാവെട്ടം
പാളിനോക്കി.
ഒരു മനുഷ്യമുഖം നൂലു കൊണ്ട്
വിളക്കിച്ചേർത്തിരിക്കുന്നു.
“കണ്ടവരുണ്ടോ ?”
അയാളാവർത്തിക്കുന്നു
എന്റെ കണ്ണുകളെളുപ്പത്തിൽ
അയാളിൽ
നങ്കൂരമിട്ടു.
അയാർക്ക് ചുറ്റുമൊരു പ്രഭാവലയുണ്ടാവണം.
ബോധി പന്തലിക്കുന്നു.
എന്നെയിറക്കി വിടാനാവാതെ
തീവണ്ടി മുന്നോട്ട് തന്നെ.

By ivayana