രചന : പണിക്കർ രാജേഷ് ✍
മീനമാസത്തിലെ ചൂടരിച്ചീടുവാൻ
മെല്ലിച്ച കൈപ്പടം ചൂടി,
മലിനമാംമുണ്ട് തെരുപ്പിടിച്ചുകൊണ്ട്
മണ്ടിയടുക്കുന്ന ദേഹം!
കായബലമുള്ള കാലങ്ങളത്രയും
കാത്തുസൂക്ഷിച്ചു കുടുംബം.
കാന്ത കളമൊഴിഞ്ഞേറെക്കഴിയാതെ
കലിതുള്ളിയോടിച്ചു മക്കൾ!
“അച്ഛൻ ചുമച്ചുതുപ്പുന്നൊരാ അങ്കണം
ആതുരരാക്കുമെല്ലാരേം”.
ആദ്യം പറഞ്ഞതോ അരിയിട്ടുവാഴിച്ച
ആദ്യസുതന്റെ കളത്രം.
ഉന്നതനായിക്കഴിഞ്ഞ രണ്ടാമനോ
ഊര വളഞ്ഞവനച്ഛൻ!
ഊരിൽ പ്രമാണികൾക്കൊപ്പം നടക്കുവാൻ
ഉന്നതിയത്ര പോരത്രേ!
ആരുമറിയാത്ത, ആലംബമില്ലാത്ത,
അപരിചിതരുടെ നാട്ടിൽ,
അല്ലലറിയാത്ത മക്കളറിഞ്ഞില്ല
അച്ഛന്റെയുള്ളിലെയാന്തൽ!
പകലന്തിയോളമപ്പാതയോരങ്ങളിൽ
പാണികൾ കൂപ്പിയാചിക്കും.
പകലോൻ മറയുമ്പോൾ പീടികത്തിണ്ണയിൽ
പരിഭവമില്ലാതെ ചായും.
പലവുരു ചോദിച്ച നേരത്തൊരുദിനം
പാവം, മൊഴിഞ്ഞു തൻഭൂതം.
പതിവായിക്കാണുന്ന കാഴ്ചയതെങ്കിലും
പതിതനെയോർത്തൊന്നു തേങ്ങി.