അജേഷ് P P യെ പോലെ ഒരുപാട് പയ്യന്മാരെ നമ്മൾ എല്ലാം കണ്ടിട്ടുണ്ട്, ദിവസവും കാണാറുണ്ട്.
വില കൂടിയത് അല്ലെങ്കിലും കൃത്യമായ professional dressing.
ഒരു സാധാരണ ബൈക്ക്.
രണ്ടറ്റവും കൃത്യമായി കൂട്ടി മുട്ടിച്ചു ഓടി പോകാൻ പറ്റിയ വരുമാനം ഉള്ള ഒരു ജോലി.
തൊഴിലിനോടു കൃത്യമായ ആത്മാർത്ഥത.
തൊഴിൽ ദാതാവിനോട്, അല്ലെങ്കിൽ സ്ഥാപനത്തിനോട് അങ്ങേ അറ്റത്തെ കൂറ്.
എല്ലാറ്റിനും ഉപരിയായി അവർ കൊണ്ട് നടക്കുന്ന എത്തിക്സ്.
രാവിലെയും വൈകിട്ടും ട്രെയിനിയിലും, ബസിലും ഒക്കെ ആയി ഇത്തരം പയ്യന്മാർ നമുക്ക് ചുറ്റും ഉണ്ട്.
സമപ്രായക്കാർ വിദേശ രാജ്യങ്ങളിലോ, സർക്കാർ ജോലിയിലോ, വൈറ്റ് കോളർ ജോബിലോ ഒക്കെ സെറ്റിൽ ആകുമ്പോൾ, ആരുടേയും പിൻബലം ഇല്ലാതെ, പാരമ്പര്യ സ്വത്തിന്റെ പ്രിവിലേജ് ഇല്ലാതെ, അവിടെയും ഇവടെയും ആകാതെ എന്നാൽ ആത്മാഭിമാനം പണയം വെക്കാതെ, തോൽക്കാൻ തയാർ ആകാതെ വ്യവസ്ഥയോടും ലോകത്തോടും പട വെട്ടി പൊരുതുന്ന ആൺ കുട്ടികൾ.
ചത്തു പണി എടുക്കുന്നവർ.
Hustlers ആണ് ഇവർ.
ഒന്നിനും തളർത്താൻ കഴിയത്തവർ, വര ഒന്ന് മാറിയാൽ ലോകം കീഴ്മേൽ മറിക്കുന്നവർ.
രണ്ടെണ്ണം അടിച്ചു കൊല്ലത്തെ ബീച്ചിലൂടെ ജെട്ടി പുറത്തോടണം എന്ന് പറയുന്ന അജേഷ് ഗോവയിലോ,മറ്റേത് ഏതെങ്കിലും വിദേശ ബീച്ചിലോ ഒഴിവുകാലം ആഗ്രഹിക്കുന്നു ഒരു പയ്യൻ ആവും.
കിട്ടുന്ന കാശിനു മദ്യപിക്കാൻ തികയാത്തത് കൊണ്ടാവും അയാൾ കിട്ടുന്ന സ്ഥലത്തു നിന്നെല്ലാം നന്നായി അടിക്കുന്നത്.
Formal dress ഇട്ട് നടക്കുന്ന അയാളുടെ വീട് കാണുമ്പോൾ ചങ്ക് തകരുന്നത് അതാണ്.
മുതലാളിയുടെ മകൻ അടിക്കുമ്പോഴും അതൊരു possibility ആയി ആൺ ആയാൾ കാണുന്നത്.
എന്തൊക്കെ ആയാലും സ്വന്തം പണി അത് ജീവൻ കളഞ്ഞാണെലും അത് അജേഷ് ചെയ്യും. അതിന്റെ ഉത്തരവാദിത്തം അയാൾ ഏറ്റെടുക്കും.
കോടികൾ എണ്ണി മേടിക്കുന്ന കോർപ്പറേറ്റ് ജോലിക്കാർ കാണിക്കാത്ത ownership.
ഒറ്റ കോളിൽ ഇവടെ ലക്ഷങ്ങൾ വരും.
അതാണ് character എന്നയാൾ പറയുന്നുണ്ട്.
പൊട്ടി പൊളിഞ്ഞ ഒരു മൂന്ന് സെന്റിലെ വീടിന്റെ പണയത്തിൽ ആണ് അജേഷ് PP യുടെ കളി.
നെഞ്ചത്തു അടിച്ചാണ് അയാളുടെ വെല്ലുവിളി.
മാരിയാനോ എന്ന അതി ഭീകരനായ ആജാന ബാഹുവിനേ പുച്ഛിച്ചു ചിരിച്ചാണ് അവൻ നേരിടുന്നത്.
Ponman ഒരു working class movie ആണ്.
ശരാശരി മധ്യ വർഗ പുരുഷന്റെ പെടാ പാടുകളുടെ വരച്ചു കാട്ടൽ ആണ്.
അജേഷ് PP നമുക്ക് ചുറ്റും ഉണ്ട്.
പലപ്പോഴും നമ്മൾ തന്നെ ആണ്.

കുറച്ചു കാലങ്ങൾക്ക് മുന്നേ വരെ ആയിരുന്നെങ്കിൽ, അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആയിരുന്നു എങ്കിൽ വില്ലനാകേണ്ടിയിരുന്ന ഒരു കഥാപാത്രമായിരുന്നു പൊൻമാൻ സിനിമയിലെ അജേഷ്.
ഒരു അമ്മയുടെയും കല്യാണപെണ്ണിന്റേയും കണ്ണീരിനോ ജീവിത സാഹചര്യങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാതെ സ്വന്തം പൊന്നിന് വേണ്ടി മുറവിളികൂട്ടൂന്ന ഒരു വില്ലൻ കഥാപാത്രം. എപ്പോളും ഒരു വശം മാത്രം ചിന്തിക്കുന്ന, സാഹചര്യങ്ങളാൽ വില്ലനാക്കപ്പെടുന്ന കഥാപാത്രങ്ങൾ അജേഷിന് മുന്നേ ഉണ്ടായിട്ടുണ്ട്. അവിടെ ആണ് അജേഷിന്റെ ഭാഗത്ത് നിന്ന് കൊണ്ട് സംവിധായകനും എഴുത്തുകാരും ചേർന്ന് അജേഷിനെ ഒരു നായകനിലേക്ക് മാറ്റിയെഴുതുന്നത്.
നീയും നിന്റെ പെങ്ങളും കൂടെ എന്റെ ചോറിലാടാ മണ്ണ് വാരിയിട്ടത്. ആ ചോറ് തിന്നിട്ടായാലും ഞാൻ എന്റെ പൊന്ന് കൊണ്ട് വരും എന്ന് പറയുന്നിടത്ത് നിന്നും അജേഷ് ഒരിക്കലും ഒരു വി ല്ലനല്ല മറിച്ച് സ്വന്തം ജീവിതത്തിനും നിലനിൽപ്പിനും കുപ്പ തൊട്ടിയിൽ നിന്നും സ്വന്തം ഉണ്ടാക്കിയെടുത്ത വിശ്വാസത്തെ നിലനിർത്തുന്നതിനും വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരുവനായി മാറുന്നത്.
വേറെ ആരുടെ കൈയിൽ നിന്ന് പ്രതീക്ഷിച്ചാലും നിന്റെ കൈയ്യിൽ നിന്ന്.. അതാണ് പപ്പക്ക് ഇത്രക്ക് ടെൻഷൻ ആയി പോയത്. ഈ വിശ്വാസം നിലനിർത്തുന്നതിന് വേണ്ടിയാണ് അജേഷ് ഇറങ്ങുന്നത്.
അതിന് വേണ്ടി അയാൾ മറ്റാരെയും സമീപിക്കുന്നില്ല സഹായം തേടുന്നില്ല. അപ കടത്തിലേക്കാണ് പോകുന്നത് എന്നറിഞ്ഞിട്ടും ആത്മവിശ്വാസവും ധൈര്യവും കൊണ്ട് അജേഷ് ചെന്ന് കേറുന്നത് പുറത്ത് നിന്ന് ആരും ചെല്ലാൻ ഭയക്കുന്ന തലവെ ട്ടിച്ചിറയിലേക്കാണ്. മല പോലുള്ളൊരു രാക്ഷസന്റെ മുന്നിലേക്കാണ്. കൂടെ വരാൻ തയ്യാറായ കൂട്ടുകാരെ പിന്നാലെ വരരുത് അപകടമാണ് എന്ന് പറഞ്ഞ് അവൻ തടയുന്നുണ്ട്. മരിയാനോയ്ക്ക് മുന്നിൽ കൈക്കരുത്ത് കൊണ്ട് ജയിക്കാനാവില്ല എന്ന് അറിയാമെങ്കിലും അജേഷിന്റെ ആത്മവിശ്വാസമാണ് അവന്റെ ധൈര്യവും കൈക്കരുത്തും. അത്കൊണ്ട് തന്നെയാണ് ആ മല പോലുള്ള രാക്ഷസന്റെ കയ്യിൽ നിന്നും തന്റെ പൊന്ന് കൈക്കലാക്കി ശരീരത്തിൽ മണ്ണ് പറ്റാതെ പള്ളി മുറ്റത്ത് നിക്കുന്ന സ്റ്റെഫിയുടെ മുന്നിൽ അവൻ തിരിച്ചെത്തുന്നത്.
തന്റെ അവസ്ഥക്ക് കാരണക്കാരായ കൂട്ടുകാരെ ഒരിക്കൽ പോലും അജേഷ് കുറ്റം പറയുകയോ ശകാരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് സ്റ്റെഫിയുടെ സഹോദരൻ ബ്രൂണോക്ക് ഒരു ജോലി ആക്കി കൊടുക്കുന്നുണ്ട്. താൻ കാരണം കീറിപ്പോയി മരിയാനോയുടെ ഷർട്ടിന് പകരമായി വലിയ വിലപിടിപ്പുള്ളതല്ലെങ്കിൽ കൂടെ ഒരു ഷർട്ട് വാങ്ങി നൽകുന്നുണ്ട് അയാൾ.
മരിയാനോയുടെ അടുത്ത് നിന്ന് ഓരോ അ ടി കൊള്ളുമ്പോളും അതിനെ മറികടന്ന് അജേഷ് ആ ചെമ്മീൻ കെട്ടിൽ പുറത്ത് വരണമെന്നും ആഗ്രഹിക്കുന്നതും, അയാൾ തന്റെ പൊന്നുമായി വിജയിച്ച് വരുമ്പോൾ കാണുന്ന പ്രേക്ഷകന്റെ ഉള്ളു നിറയുന്നതും ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ഒരുപാട് ആളുകൾക്ക് തങ്ങളെ തന്നെ അജേഷിൽ കാണാൻ കഴിയുന്നത് കൊണ്ടാണ്. ബേസിൽ ജോസഫ് എന്ന നടന്റെ അഭിനയം കൊണ്ടാണ്. അയാൾ അജേഷിനെ അത്രമേൽ ആഴത്തിൽ ചെയ്ത് ഫലിപ്പിച്ചത് കൊണ്ടാണ്.
ആത്മവിശ്വാസത്തിന് മറ്റൊരു വാക്ക് നൽകണമെങ്കിൽ അത് അജേഷ് എന്ന് പറഞ്ഞാലും തെറ്റില്ല.അജേഷ് ആടാ അജേഷ്.

“ഞാൻ വന്നില്ലേ നിനക്കെന്താ”
“ഞാൻ ചത്താ നിനക്കെന്താ”
എന്ന് പൊൻMAN മൂവീല് അജേഷ് സ്റ്റെഫിയോട്
ചോദിക്കുന്നില്ലേ?
ആ ചോദ്യങ്ങൾ മനുഷ്യർ ചോദിക്കുന്നത്
അവർ അത്രയും സ്നേഹിക്കുന്ന മനുഷ്യരീന്ന്
നീ വന്നില്ലേ എനിക്ക് സങ്കടം വരുമെന്നോ
നീയില്ലാതെ പറ്റൂലെന്നോ ഒക്കെ കേൾക്കാനുള്ള
അങ്ങേയറ്റത്തെ ആഗ്രഹം കൊണ്ടാണ്……
ഞാൻ മിണ്ടീലെ നിനക്കെന്താ
എന്ന് ചോദിക്കാൻ തോന്നുന്നതെപ്പഴാ?
നീ മിണ്ടാതെങ്ങനാ
എനിക്ക് സന്തോഷമുണ്ടാവുക എന്നൊക്കെ മറുപടി പ്രതീക്ഷിച്ചു തന്നെയാകും
ചില മനുഷ്യരുടെ Love language അങ്ങനാണ്
അവരത് നേരെ പറയൂല
എന്നെ ആർക്കാടോ ഇഷ്ടാവുക എന്നൊക്കെ നമ്മളോടവർ പറയുമ്പോൾ
നിന്നെ എനിക്കിഷ്ടാന്നങ്ങ് പറഞ്ഞേക്കണം
ഞാൻ സ്നേഹം പ്രകടിപ്പിക്കില്ല ട്ടോ എന്ന് പറഞ്ഞു വരുമ്പോൾ
ഞാനങ്ങോട്ട് പ്രകടിപ്പിക്കാമെന്ന് ഉറപ്പുകൊടുത്തേക്കണം
ചില മനുഷ്യർ സ്നേഹം പറയാതെ
പറയുന്നവരാണ്
ഉള്ളിലിങ്ങനെ തിങ്ങിവിങ്ങി വരുമ്പോൾ
ചിലപ്പോൾ സ്നേഹിക്കുന്ന മനുഷ്യരോട്
ഞാനിച്ചിരി സ്നേഹം പ്രകടിപ്പിക്കാൻ ശീലിക്കട്ടെ എന്നൊക്കെ വന്ന് പറഞ്ഞേക്കും…….
എന്നേം കൂടെ സ്നേഹിക്കുമോ എന്ന് നമ്മളീന്ന് കേൾക്കാൻ കൂടി വേണ്ടിയാണത്
ചിലർക്ക്
സ്നേഹം അലിവില്ലാത്ത “ചോദ്യങ്ങളാണ് “
ഞാനില്ലേ നിനക്കെന്താ?
നീയൊക്കെ ഞാനില്ലാതെ വളരെ ഹാപ്പിയായിരിക്കും
അങ്ങനുള്ള ധിക്കാരങ്ങൾ
പക്ഷെ
ഉള്ളിൽ ഉള്ളിൻ്റെ ഉള്ളിൽ
എന്നെക്കൂടെ വേണോന്ന്
ഒന്ന് പറയടോ പ്ലീസ് എന്ന നിമന്ത്രണം നമുക്ക് കേൾക്കാം……..
മറ്റാരെയെങ്കിലും സ്നേഹാന്ന് പറഞ്ഞാൽ
എന്നേം സ്നേഹിക്യോന്ന് നമ്മൾ അവരോട് ചിണുങ്ങുന്നത് കേൾക്കാനുമാകും…….
നമ്മളത് പറയണം
കാരണം ചില മനുഷ്യർക്ക് സ്നേഹമുണ്ടെങ്കിൽക്കൂടി ആ സ്നേഹത്തിൻ്റെ ഭാഷ അറിയില്ല……….
അവരേം ഇവരേം അവിടേം ഇവിടേം എങ്ങും തൊടാതെ
സ്നേഹാന്ന് പറഞ്ഞ്
പോകാനേ അറിയൂ…….
അവർ സ്നേഹത്തിൻ്റെ ഭാഷ വഴങ്ങാത്തവരാണ്
ആ ഭാഷയിൽ
സംവദിക്കാൻ അതീവ ജാള്യതയുള്ളവരുമാണ്…….


By ivayana