ഇതൾ കുഞ്ഞും ഞാനും കൂടി റീൽ ചിത്രീകരിക്കാൻ നേരം എത്രയോ തെറ്റുകളാണ് വരുത്തുകയെന്നോ! ഓരോ തവണ തെറ്റുമ്പോഴും അടുത്ത തവണ നന്നാക്കാൻ പരിശ്രമിച്ചു. എന്നാലും, പല തവണയും തെറ്റി. അങ്ങനെയുള്ള പല സന്ദർഭങ്ങളും ഞങ്ങൾക്ക് കൂട്ടായി ചിരിക്കാനുള്ള പലതും സംഭവിക്കാറുണ്ട്.
റീലുകളിൽ മാത്രം ചിരിക്കുകയും അതിനു മുൻപും പിൻപും പല്ല് കടിച്ചു പിടിച്ച് സംസാരിക്കുകയും ചെയ്യുന്ന ചില മനുഷ്യരെ എനിക്കറിയാം. എല്ലാത്തരം ബന്ധങ്ങളിലും, ഇത്തരം മുഖം മൂടികൾ വെച്ച മനുഷ്യരുണ്ട്. അവരുടെ കൂടെ കഴിയാൻ വിധിക്കപ്പെട്ടവരെ കുറിച്ച് ഞാൻ ഇടക്ക് ആലോചിക്കും, ചിലരുടെ സങ്കടങ്ങൾ കേട്ട് ചില ദിവസങ്ങളിൽ ഞാനും കടുത്ത മാനസിക സമ്മർദ്ദത്തെ മറികടക്കാൻ ബുദ്ധിമുട്ടും.
നമ്മൾ ആരും പൂർണരല്ല. എങ്കിലും, മറ്റുള്ളവർ കാണാൻ മാത്രം ചിരിക്കുകയും ചിരിപ്പിക്കുകയും, വാതിൽ അടച്ച് അകത്തു കയറിയാൽ കരയിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കൂടെ താമസിക്കുന്നവർ എങ്ങനെയായിരിക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടാകുക? ആലോചിക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു.
നമ്മുടെ ചുറ്റിലും നോക്കിയാൽ, നമുക്ക് പല ഇരകളെയും വേട്ടക്കാരെയും കാണാൻ പറ്റും. മിക്കവാറും ഇരകൾ എല്ലാ സങ്കടങ്ങളും ചെറുചിരിയിൽ മറച്ചു വെച്ചിട്ടുണ്ടാകും. അത്തരക്കാർ ചിലപ്പോൾ ഒന്നോ രണ്ടോ സൂചന നമുക്ക് തരും. അപ്പോഴൊക്കെ, സദാചാരബോധത്തിൽ പൊതിഞ്ഞ ഉപദേശം നൽകാനായിരിക്കും നമ്മൾ ഉത്സാഹം കാണിക്കുക.
അരുത്,
ഒന്ന് ഉൾക്കണ്ണു തുറന്ന് നോക്കുക.
അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്ന് ആലോചിക്കുക.
അതില്ലാതിരിക്കുമ്പോഴാണ് രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തീവണ്ടിയുടെ മുന്നിൽ ഇരിക്കേണ്ടി വരുന്ന ഷൈനിമാർ ഉണ്ടാകുന്നത്!

By ivayana