രചന : കെ.ആർ.സുരേന്ദ്രൻ ✍
വിരസത
കാലങ്ങളായി
കെട്ടിക്കിടക്കുന്ന
ഒരു ജലാശയമാണ്.
പായൽ പടർന്ന്,
അഴുക്കലിഞ്ഞ്,
സോപ്പലിഞ്ഞ്,
എണ്ണപ്പാടകളുമായി
മനംപുരട്ടുന്ന ദുർഗ്ഗന്ധം
പുറത്തേക്ക്
തുപ്പി മലർന്ന്
കിടക്കുന്ന ജലാശയം.
വിരസത
ഒരു കിനാവള്ളിയാണ്.
വരിഞ്ഞ് മുറുക്കി
ശ്വാസം മുട്ടിച്ച്
വിഷാദത്തിന്റെ
ആഴക്കയങ്ങളിലേക്ക്
വലിച്ചുതാഴ്ത്തി
അത് നമ്മെക്കൊല്ലുന്നു.
വിരസതയുടെ
ആകാശങ്ങൾ
ഏത് നിമിവും
പെയ്യുമെന്ന്
തോന്നിപ്പിക്കുന്ന,
ഒരിക്കലും പെയ്യാത്ത
വിഷാദത്തിന്റെ
കറുത്ത മേഘക്കൂട്ടങ്ങളാണ്.
വിരസത പലപ്പോഴും
കാട് കയറുന്ന
ചിന്തകളുടെ
മരഞ്ചാടികളുടെ
വിഹാരകേന്ദ്രങ്ങളാണ്.
വിരസതയും
ഒരു ഘട്ടം കഴിയുമ്പോൾ
രസകരമായ
ഒരു അവസ്ഥാവിശേഷമാകുമോ?
ഏത് പ്രതികൂലസാഹചര്യങ്ങളും
കാലക്രമേണ
സൗഹൃദത്തിന്റെ
ആയിരം കരങ്ങൾ
നീട്ടിപ്പുണരുന്നു……
