നമുക്കീ ഫേസ്ബുക്കിന്റെ വരമ്പിലൂടെ നടന്നിട്ട് വരാം.

കാഴ്ച്ചകൾക്ക് പഞ്ഞമില്ല,
കേൾവികൾക്കും
മറയുള്ളതും ഇല്ലാത്തതുമായി
ശരീരങ്ങൾ
നഗ്നതപുത്തൻ ആശയമത്രേ!
നവസമ്രാജ്യത്തിന്റെ അടയാളമത്രേ
അവിടെ വിദഗ്ധമാരുണ്ട്
സദാചാരക്കാരുണ്ട്
വിധിക്കുന്നു പോകുന്നു!
മുന്നോട്ട് നടക്കൂ വായിക്കാനുണ്ട്,
പ്രണയവും, അവിഹിതവും
തിരിച്ചറിയാത്തവിധം ഇണച്ചേർന്നിരിക്കുന്നു!
കവികളൊക്കെ ഇന്നും സങ്കല്പത്തിലാണ്
എല്ലിൻകഷ്ണങ്ങൾ സ്വപ്‌നങ്ങൾ കണ്ടു
വാലും ചുരുട്ടിയിരിക്കുന്നു.
വാർത്തകളുണ്ട്
ലഹരിയുടെ, കുരുതിയുടെ
ഉറക്കെ വായിക്കുന്നു.
രോഷങ്ങൾ, സങ്കടങ്ങൾ, ആദരാഞ്ജലികൾ
അടുത്ത വാർത്തവരുന്നു
ക്യാമറതിരിയുന്നു.
ചാവിന്റെ നോവ് തിന്നയമ്മമാർ
കണ്ണടച്ച നീതി പീഠത്തിനെ ശപിച്ചിരിക്കുന്നു
നീതിപാലകർ കുടപിടിക്കുന്നു
നിയമം നോക്കുത്തുന്നു
പണവും പദവിയും
പല്ലിളിച്ചു മുന്നോട്ട് നടക്കുന്നു…

സുബി വാസു

By ivayana