നിന്നെ ഒമ്പത് മാസം ചുമന്ന് പ്രസവിച്ചില്ലേ?
നിന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ?
നിനക്ക് വേണമെന്ന് പറയുന്നത് അന്നേരം തന്നെ വാങ്ങി തന്നിട്ടില്ലേ?
നിന്റെ ഇഷ്ടത്തിന് എന്തെങ്കിലും ഞങ്ങൾ എതിര് പറഞ്ഞിട്ടുണ്ടോ?
ഒരു നേരം പോലും നിന്റെ വയറ് വിശക്കാൻ ഞങ്ങൾ ഇട വരുത്തിയിട്ടുണ്ടോ?
നിനക്ക് എന്താ ഇവിടെ ഒരു കുറവ് വരുത്തിയിട്ടുള്ളത്?
നിനക്ക് വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്?
നീ അത് ചെയ്യരുത്, നീ ഇത് ചെയ്യരുത്
നീ അവിടെ പോയിട്ട് എന്താ അച്ഛനോടും അമ്മയോടും പറയാഞ്ഞത്?….. തുടങ്ങി ഇത്തരം ചോദ്യങ്ങൾക്ക് ഇന്ന് ഒരു വിലയും ഇല്ലാതെയായിക്കഴിഞ്ഞു.

ഒരു കാലം വരെ അപ്പനെയും അമ്മയെയും മുതിർന്നവരെയും ബഹുമാനിച്ചും അനുസരിച്ചും വളർന്നവർ ഇന്ന് ആ അനുസരണ മക്കളെ പഠിപ്പിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കാരണം അന്നത്തെ കുട്ടികൾ അല്ല ഇന്നുള്ളത്.ഇന്ന് ജനിച്ചു വീഴുന്ന കുട്ടി കണ്ണ് തുറക്കുമ്പോൾ തന്നെ ചിരിപ്പിക്കാൻ ഫോണിലെ കാർട്ടൂണുകൾ തുറന്ന് കൊടുക്കുന്ന അപ്പനമ്മമാരെ, നിങ്ങളെ കാത്തിരിക്കുന്നത് ജീവിതകാലം മുഴുവനും നിങ്ങളെ കരയിക്കാനുള്ള ഒരു വലിയ ദുരന്തത്തിന്റെ തുടക്കമാണ്.
മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം കുട്ടികളുടെ മാനസികാവസ്ഥ താറുമാറാക്കുന്നുന്നു എന്നത് നൂറ് ശതമാനം സത്യമാണ്. ഇന്നത്തെ പത്ത് വയസ്സ് മുതലുള്ള കുട്ടികൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ ഒരു പക്ഷേ വളരെ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ഒരാൾക്ക് പോലും ചിന്തിക്കുന്നതിന് അപ്പുറമായിക്കഴിഞ്ഞു.

മുടി സ്ട്രൈറ്റ് ചെയ്യാൻ വീട്ടുകാർ വിസമ്മതിച്ചതിന് മുംബൈയിൽ പോയി അത് ചെയ്തത് വെറും പതിനേഴു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികൾ.അത് നമ്മുടെ ഇടയിലാണെന്ന് ഓർക്കണം.
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി അവനെക്കാൾ പ്രായം കുറഞ്ഞ പത്തു വയസ്സുള്ള സഹോദരിക്ക് ലഹരി കൊടുത്തതും നമ്മുടെ ഇടയിലാണ്.
ജീവിതം എന്തെന്ന് പഠിച്ചു തുടങ്ങുന്നതിനു മുമ്പ് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടാക്കി ഒരു കുടുംബത്തെ മുഴുവനും ഇല്ലാണ്ടാക്കിയവനും നമ്മുടെ ഇടയിലാണ്.
നിസ്സാര പ്രശ്നത്തിന് കൂട്ടുകാരനെ മർദിച്ചു കൊന്ന കുട്ടികളും നമ്മുടെ ഇടയിലാണ്.
ലഹരി ഉപയോഗം ചോദ്യം ചെയ്ത ആളെ മകനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതും നമ്മുടെ ഇടയിലാണ്.

ഇവിടെ കുറ്റം ആരെ പറയും? അപ്പൻ എന്താടാ എന്ന് ചോദിച്ചാൽ നീ ആരാടാ ചോദിക്കാൻ എന്ന് തിരിച്ചു ചോദിക്കുന്ന മക്കളുടെ കാലമാണ് ഇത്. ഇന്ന് മാതൃ, പിതൃ സഹോദര ബന്ധം ഇല്ല എന്നതാണ് സത്യം.
ഫേസ്ബുക്കിലെ ചില പേജുകൾ, ഗ്രൂപ്പുകൾ എടുത്തു നോക്കിയാൽ കാണാം അവിടെ വരുന്ന പോസ്റ്റുകളും കമെന്റുകളും. ഒരു സ്ത്രീയുടെ ഫോട്ടോ ഇട്ടിട്ട്.. എന്റെ അമ്മ എങ്ങനെ? ആറ്റം ചരക്കല്ലേ?.. ഒരു ഫേക്ക് ഐഡി ആണെങ്കിൽ പോലും അമ്മ എന്ന് ഉച്ചരിക്കുമ്പോൾ അല്പമെങ്കിലും സ്ഥിരത ഉള്ള ഒരാൾക്ക് അങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ കഴിയുമോ?അതിൽ വരുന്ന കമെന്റ്സുകൾ കണ്ടാൽ മനസ്സിലാകും പുരാതന കാലത്ത് പോലും ഇത്രയും വൃത്തികെട്ട ഒരു തലമുറ ഉണ്ടായിട്ടില്ല എന്ന്.

ഇനിയുള്ള തലമുറയെ വടി കൊണ്ടോ കൈ കൊണ്ടോ നിയമം കൊണ്ടോ നേരെയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അപ്പൊ വരും എന്റെ ജീവിതം എന്റെ വഴി എന്റെ റൂൾസ് എന്ന ന്യൂ ജനറേഷൻ മുദ്രാവാക്യം കൊണ്ട്. ഉപദേശിക്കുന്നവരെ തന്ത വൈബ് ആക്കി ഒതുക്കാനും കുറേ ഊളകൾ ഉണ്ട്.
കല്യാണം കഴിഞ്ഞില്ല, അല്ലെങ്കിൽ കുട്ടികൾ ഇല്ല എന്ന് വിലപിച്ചിരിക്കുന്നവരെ ഇനിയുള്ള കാലം അങ്ങനെ തന്നെ ജീവിച്ച് തീർക്കാം എന്നങ്ങട് വിചാരിച്ചോ.. അതാണ് നല്ലത്.ഇന്നത്തെ കാലത്ത് ഉണ്ടായിട്ട് പിഴച്ചു പോയി എന്ന് പറഞ്ഞു ജീവിതം മുഴുവനും വിലപിക്കുന്നതിലും നല്ലത് അതാണ്.

ലഹരിക്കും ലൈംഗീകതയ്ക്കും അക്രമത്തിനും അടിമപ്പെട്ട ഒരു തലമുറയാണ് ഇന്നുള്ളത്..
വഴക്ക് പറഞ്ഞാൽ പറയുന്നവരുടെ കഴുത്ത് കണ്ടിയ്ക്കുന്ന, അല്ലെങ്കിൽ സ്വയം ജീവിതം അവസാനിപ്പിക്കുന്ന ഭയാനകമായ ഒരവസ്ഥയിലേക്കാണ് നമ്മുടെ മക്കൾ വന്നു കൊണ്ടിരിക്കുന്നത്.
ഈ ഒരു അവസ്ഥ നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി നമുക്ക് എന്ത് ചെയ്യാൻ കഴിയും?

അനിൽ മാത്യു

By ivayana