ആ നീലരജനിതൻ
ആലസ്യ മന്ത്രങ്ങൾ
അനുരാഗ സ്മൃതികളായ്
പുനർജനിക്കേ …
ആരും കൊതിച്ചു പോ-
മൊരാരാമ പുഷ്പമായ് നീ
ആ രാവിൻ വിരിമാറിൽ
വിരിഞ്ഞുലനിൽക്കേ …..
നാളേറെ കൊതിച്ചൊരാ
ഗന്ധർവ്വ യാമത്തിൽ നീ
പറന്നിറങ്ങി മണ്ണിൽ ശലഭമായി…. (ആ നീല…..)

ആകെ തുടുത്തു പോയോ
നാണത്തിൻ മുനകൊണ്ടാ-
ഇണക്കവിൾ നുണക്കുഴി
തെളിഞ്ഞുയർന്നു പോയോ …
ഉൻമത്തമാമൊരു
മാദകഗന്ധമപ്പോൾ
കുളിർകാറ്റിൻ കരങ്ങളാൽ
തഴുകിനിൽക്കേ …
കണ്ടൂ വിവശയായ് നിൻ
കരിനീലക്കണ്ണുകൾ
രതിമയക്കത്തെ പുൽകി
പരിലസിക്കേ…..(ആ നീല…..)

അധരദലങ്ങളപ്പോൾ
മൃദുലാതിലോലം ചെന്നാ-
ചുടുതേൻ ചൊടികളെ
നുകർന്നമർന്നീടുമ്പോൾ…
ഏതോ വികാരം നെയ്യും
മാസ്മര ശക്തിയാൽ നാം
കരലാളനങ്ങളാൽ
ചുറ്റിപ്പടർന്നുറങ്ങീ …
മമനെഞ്ചിലമരും നിൻ
തരളിത താരുണ്യത്താൽ
ഉടലാകെ തുടിച്ചു തീ
പടർന്നീടവേ…. (ആ നീല…..)

കനൽപ്പൂക്കൾ വന്നൂ
കവർന്നൊരാ സിരകളിൽ
കരിനാഗ നിർവൃതി
ഉരഞ്ഞുയർന്നീടവേ …
വിറയാർന്ന സ്പർശങ്ങൾ
സുഖദന്തക്ഷതങ്ങളും
സ്വരസുധാ സായൂജ്യ –
മനുഭവിക്കേ ….
ആനന്ദ ശൈലങ്ങളിൽ
ഉന്മാദക്കയങ്ങളിൽ
കാൽവിരൽത്തുമ്പിൽ
നീ കുതിർന്നുയർന്നു നിൽക്കേ,(ആ നീല…..)

ഹേമാംഗകങ്ങൾ തോറും
രോമാഞ്ചശരങ്ങളാൽ
ആത്മനിർവൃതി തേടി
തനു തളർന്നീടവേ,
ആ മേഘഗർജ്ജന –
മാശാപവചനങ്ങൾ
പൊട്ടിത്തെറിച്ചൊരാ
പൂവിൻ സ്പടികസ്വപ്നം.
” കണ്ടെത്തി നിന്നെ ഞാൻ
വിണ്ണിലെ ഗന്ധർവ്വാ
നിനക്കന്യമാണിന്നീ
ഗഗനസ്വർഗ്ഗകവാടം ….
ഈ ഭൂവിലില്ലിനി
മാനുഷരൂപമൊന്നും,
നിന്നെ കാമിക്കുമോരോ
മനസ്സിലും, വെറും
ഗന്ധമായ്, നിറമായ്
കുളിർ കാറ്റിൻ മുത്തമായ്
ഗതിതേടിയലയും
നീ പുനർജനിക്കായ്…. “

അനീഷ് കൈരളി.

By ivayana