“മണ്ണിലിറങ്ങേണമമ്മെ
മണ്ണിൽ കളിക്കേണമല്ലൊ
പൂക്കൾ പറിക്കേണമമ്മെ
പൂമണമേല്ക്കണമല്ലൊ
ചന്തത്തിൽ മുറ്റത്തു തുള്ളി-
ച്ചാടിനടക്കേണമല്ലൊ
തുമ്പപ്പൂ പോലെ ചിരിച്ചു
തുമ്പിക്കു പിന്നാലെ പോണം
നല്ല മലയാളപ്പാട്ടിൽ
ചാഞ്ചക്കമാടേണമൊന്ന്
കൊച്ചുകിളിപ്പാട്ടുകേട്ടു
കാതോർത്തവകളെ നോക്കി
മാമരക്കൊമ്പുകൾ തോറും
പാറുന്ന കാഴ്ചകൾ കണ്ടു
മഞ്ഞണിപ്പുല്ലിൽ ചവുട്ടി
മണ്ണിൽ നടക്കേണമമ്മെ
മഞ്ജിമ തൂകുന്ന കാല്യം
കാണാതെ പോകുന്നെൻ ബാല്യം
കൂപമണ്ഡൂകത്തെ പോലെ
കൂട്ടിൽ കഴിയണൊ ഞാനും
നല്ലിളം കാറ്റു പുണർന്ന്
മണ്ണിൻ്റെ ഗന്ധമറിഞ്ഞ്
നാടിൻ്റെ നൻമ നുകർന്ന്
ഞാനും വളരട്ടെ മെല്ലെ.”

എം പി ശ്രീകുമാർ

By ivayana