രചന : ആന്റണി കൈതാരത്തു ✍
പകലിനെ മൃദുവായി ചുംബിച്ച്
സന്ധ്യ യാത്രയാക്കുന്നു.
മറന്നുപോയ ഒരു നൂലു പോലെ
സമയം അഴിഞ്ഞുവീഴുന്നു.
ഒടുക്കത്തിനും തുടക്കത്തിനും മധ്യേ
നിറങ്ങളുടെ നിശബ്ദ ഭാഷണം.
പോക്കുവെയിലിന്റെ
സുതാര്യമായ പുതപ്പിൽ
അവളുടെ നഗ്നത തിളങ്ങുന്നു.
ശാന്തമായ നെടുവീർപ്പുകളിൽ,
അവൾ,
ഒരു കവിയുടെ സ്പർശനം കൊതിച്ചു.
രാത്രിയിൽ പിണക്കങ്ങൾ പൂക്കുന്നതു പോലെ
അവൻ്റെ വിരലനക്കങ്ങളിൽ
ഉടലിൽ വാക്കുകൾ പൂക്കുന്നതും
ഭാഷ അതിന്റെ ഭവനം കണ്ടെത്തുന്നതും
രാവ് രതിമൂർച്ഛയിലേക്ക് പുഷ്പിച്ച് വിടരുന്നതും
അവൾ സ്വപ്നം കണ്ടു.
ഒരു കവി വന്നു.
പ്രതീക്ഷയിൽ അവളുടെ ഉടലുണർന്നു.
പാരമ്പര്യത്തിന്റെ പാത വരച്ച്
അവളുടെ ഉടലൊടിവുകളിലൂടെ
അവൻ്റെ തണുത്ത വിരലുകൾ ഇഴഞ്ഞു.
അവൻ്റെ ചുംബനത്തിന്
പഴയ പുസ്തകത്താളുകളുടെ
മടുപ്പിക്കുന്ന ചുവയായിരുന്നു.
വികാരാവേശത്തിൽ, അവൻ
കാതിൽ കുറുകിയ വാക്കുകളുടെ
മുഷിഞ്ഞ മുഴക്കത്തിൽ
അവളുടെ ഉടലാഴികൾ
ഒന്നൊന്നായി കെട്ടുപോയി.
കോസ്മോസിലെ തണുത്ത നക്ഷത്രം പോലെ
അവളുടെ ഉടൽ മരച്ചു.
അപ്പോഴാണ്,
ശൈത്യത്തിന്റെ നിഴൽ വീണ് മരച്ച
അവളുടെ ഉടലിന്റെ ശ്രീകോവിലേക്ക്
നീലാകാശം പോലെ തിളങ്ങുന്ന കണ്ണുകളുമായി
അവൻ വരുന്നത്.
അവന്റെ വിരൽസ്പർശം
തൂവൽ തെന്നൽ പോലെയായിരുന്നു.
അതുവരെ ആരും തൊടാത്ത ഉടലിടങ്ങളിൽ
അവന്റെ വിരലുകൾ സ്വപ്നങ്ങൾ വരച്ചു.
മറ്റൊരിടത്തേക്ക് കടന്നുപോകുന്ന
ആ നിമിഷത്തേക്കാൾ
വലിയ ആനന്ദം അവൾക്കറിയില്ലായിരുന്നു.
അവളുടെ ഇന്ദ്രിയങ്ങൾ ഉണർന്നു.
അവന്റെ ഉച്ഛ്വാസവായുവിന്റെ ഉഷ്മളത
അവളുടെ കാതലിലേക്ക്
കൊതിയുടെ മഷി പടർത്തി.
അവൻ്റെ ഓരോ വാക്കും
കാറ്റിൻ്റെ ആലിംഗനത്തിൽ പെട്ട ഇലപോലെ
അവളെ ചുറ്റിപ്പിടിച്ച് നൃത്തം ചെയ്തു.
വിസ്മയങ്ങളുടെ വലതീർത്ത്
രൂപകങ്ങളുടെ നിർഝരി,
അവളുടെ മനസ്സിനെ കുളിർപ്പിച്ചൊഴുകി.
മാനസിക കല്പനകളുടെ ലാവെളിച്ചത്തിൽ
അവളുടെ ഉള്ളിലെ ഇരുളു നീങ്ങി.
ഒരു പ്രഭാതം പോലെ
സൗമ്യവും എന്നാൽ തീക്ഷ്ണവുമായി,
അവന്റെ ചുംബനം വന്നു.
സ്വപ്നങ്ങളുടെ കാൻവാസിൽ
അവൻ പുതിയൊരു ആകാശം വരച്ചു.
ആനന്ദത്തിന്റെ ഒരു പ്രതീതി വിസ്മയം.
ആ നിമിഷത്തിൽ,
അവൾ,
രതിമൂർച്ഛയുടെ നിർവൃതിയിലേക്ക്
സ്ഫോടനാത്മകമായി പൂത്തു.
*
