കാലം കൊഴിച്ചിട്ട ഓർമ്മകൾ തേടിയോ
കാലടിപ്പാടിന്റെ സൂചന തേടിയോ
കാവിൽ, ഭഗവതിക്കോലങ്ങൾ നോക്കിയോ
കെട്ടിലമ്മയ്ക്കിന്ന് ആധിയേറി?

കൊട്ടമറിഞ്ഞ പഴുക്കപോലന്നൊക്കെ
കുട്ടികളോടിക്കളിച്ചൊരാ അങ്കണം
കാൽത്തളയിട്ട പൊൻകാലുകളോടാതെ
കറുക വളർന്നുകാടേറിക്കിടക്കുന്നു.

പുത്തൻതലമുറ പറുദീസ തേടിയാ
പശ്ചിമദിക്കിലേയ്ക്കോടിമറഞ്ഞപ്പോൾ
പടുതിരി കത്താതെ നിലവിളക്കുംനോക്കി
പ്രതീക്ഷതൻനോട്ടമെറിഞ്ഞിരിക്കാം!

പാടംകടന്നെത്തും പവനന്റെ ലാളന
പതിവായി നൽകും കുളിരുമാത്രം,
പടിയേറിയെത്തുവാനാരുമില്ലെങ്കിലും
പതിവായിപ്പോയോരു ശീലമാണ്.

By ivayana