ചിലരുണ്ടാകും..
അവ്യക്തതമായ
ഒരു പാട്ടിന്റെ താളം പോലെ..
ദൂരെ എവിടെയോ..
അവരിലേക്ക് പോവുക എന്നത്
നിലാവിലേക്ക് പോകും പോലെയാണ്…
ഒപ്പം നടക്കും..
കൂടെ വരും..
എത്തി കൈ നീട്ടുമ്പോൾ
എത്താ കൊമ്പത്തെവിടെയോ……..
ചിലരുണ്ടാകും..
പെരുമഴയത്ത്
ഒരു ബസ്റ്റോപ്പിലേക്ക്
ഓടി കയറി നിൽക്കും പോലെ…
മഴയുടെ തണുപ്പും
കാറ്റിന്റെ ഈറനും ഉള്ളവർ…
മഴ തുള്ളി തോരുമ്പോൾ
യാത്രക്കാരൊന്നും ഇല്ലാത്ത വണ്ടിയിൽ കയറി ധൃതിയിൽ മറഞ്ഞു പോകുന്നവർ…
ചിലരുണ്ടാകും….
കുഞ്ഞു പൂച്ചയെ പോലെ..
നമ്മുടെ കാൽ വിട്ട് എങ്ങും പോകാതെ..
എത്ര തട്ടി എറിഞ്ഞാലും
നമ്മിലേക്ക് തന്നെ തിരിച്ചു വന്ന്
അള്ളി പിടിച്ചിരിക്കുന്നവർ…
കണ്ണു നനച്ചു നെറ്റിയിൽ വച്ച്‌
ഉൾ ചൂട് ആറ്റുന്നവർ…
ചിലരുണ്ട്
വ്യക്തമായ ഭൂപട കാഴ്ചകളുള്ളവർ..
കണ്ണിലേക് നോക്കി മിണ്ടുന്നവർ..
അവർ നമ്മളെ മാറ്റി എഴുതും
ശൂന്യമായ ഉപരിതലങ്ങളിലേക്ക്
നമ്മെ കൂട്ടി കൊണ്ടു പോകും..
നമുക്ക് ഒട്ടും പരിചയമില്ലാത്ത
ഒരാളെ ഉള്ളിൽ നിന്നും വലിച്ചു പുറത്തിടും…
അവർക്കൊപ്പം ഏറെ നടക്കും മുന്നേ
നമുക്ക് ഒരുപാട് ചിറകുകൾ വന്നു കാണും..
അവിടെ ഒരു വളവും..
ചെങ്കുത്തായ തൂക്കവും ഉണ്ടാകും..
അവിടെ നമുക്കവരെ നഷ്ടപ്പെടും…
അവരെല്ലാം കാണുന്നുണ്ടാകും
അവരെല്ലാം അറിയുന്നുണ്ടാകും..
പക്ഷേ നമ്മിലേക്ക്
പിന്നീടൊരിക്കലും
അവർ എത്തി നോക്കില്ല…
ചിലരുണ്ട്..
നമ്മളെ തന്നെ നോക്കി
എന്നാൽ നോക്കിയെന്നു അറിയിക്കാതെ
ഒരില അനക്കം പോലും ഇല്ലാതെ
നിശബ്ദരായി കടന്നുപോകുന്നവർ..
ചിലരെ നമ്മൾ മാത്രമേ കണ്ടു കാണു…
ഗോപ്യമായതെല്ലാം തട്ടിയെടുത്ത്
സുന്ദര സ്വപ്നം പോലെ നമ്മെ കടന്ന് പോകും…
മുള്ളുകൾ കൊണ്ട് മാത്രം കുത്തി
കണ്ണുകൾ കൊണ്ട് ദയവ് കാട്ടുന്ന
ചിലരും ഉണ്ട്…
സ്നേഹിക്കുന്നു എന്നു മാത്രം മന്ത്രിക്കുന്നവർ……
അതേ…..!!!!!!!
നമുക്കെല്ലാം ചിലരുണ്ട്…
ആരെന്നു പോലും
പറയാൻ കഴിയാത്ത ചിലർ..
ആരോ ആയ മറ്റുചിലർ..

റിഷു

By ivayana