രചന : ലാലു നടരാജൻ ✍
ദൈവം പാവാടാ.
മതമാണ് പ്രശ്നം.
ദൈവവിശ്വാസം മാനസിക ദൗർബല്യമാണ്. നിയന്ത്രണം വിട്ടാൽ മാനസിക രോഗമോ മുഴുത്ത വട്ടോ തന്നെ ആവും.
സാധാരണക്കാരുടെ വിശ്വാസം കൊണ്ട് മറ്റുള്ളവർക്ക് വലിയ പ്രശ്നം ഒന്നുമില്ല. വിശ്വാസത്തിൻറെ പേരിൽ സ്വാർത്ഥ താല്പര്യക്കാർ, (പുരോഹിതർ പ്രത്യേകിച്ചും), വിശ്വാസികളെ സംഘടിപ്പിച്ച മറ്റുള്ളവരെ ഉപദ്രവിക്കുന്നതാണ് പ്രശ്നം. ചിലർക്ക് മറ്റുള്ളവരുടെ സങ്കടം കാണുന്നതാണ് ഇഷ്ടം. ഒരു മനസ്സുഖം. ആരെയങ്കിലും സന്തോഷമായിട്ട് കണ്ണിൽപ്പെട്ടാൽ സ്വസ്ഥത നഷ്ടപ്പെടും. ഇത് കുരങ്ങുകളുടെ സ്വഭാവമാണ്,
ദൈവവും മതങ്ങളും ദേവാലയങ്ങളും പുരോഹിതരും എങ്ങനെ ഉണ്ടായി? ഗോത്രകാലത്ത് മനുഷ്യരായി പരിണമിക്കുന്നതിന് മുമ്പ് വേട്ടക്കാരായി ജീവിച്ച ആൾക്കുരങ്ങുകളുടെ ഏറ്റവും വലിയ പ്രശ്നം അതിജീവനമായിരുന്നു. കാട്ടുതീ വെള്ളപ്പൊക്കം കൊടുങ്കാറ്റ് അഗ്നിപർവ്വതം പാമ്പുകൾ വന്യമൃഗങ്ങൾ പിന്നെ മറ്റു ഗോത്രങ്ങളും. മഴവില്ല് മഴ ഇടിമിന്നൽ രോഗങ്ങൾ അംഗവൈകല്യം ഉറക്കത്തിലെ സ്വപ്നങ്ങൾ മരണം ഒക്കെ ആകാശത്തുള്ള സൃഷ്ടാവിന്റെ ദൃഷ്ടാന്തങ്ങൾ ആയിട്ടാവാം പൊതുവേ ധരിച്ചത്. അങ്ങനെ അതിൽ നിന്നൊക്കെ രക്ഷപ്പെടാൻ സ്രഷ്ടാവിനെ സ്തുതിക്കുകയും പൂജിക്കുകയും പ്രീതിപ്പെടുത്തുകയും ഒക്കെയാണ് വഴി എന്ന് അവർക്ക് തോന്നിക്കാണും.
കാരണം അവരുടെ സ്വഭാവം അങ്ങനെയായിരുന്നു. സ്തുതിച്ചാൽ, സമ്മാനം കൊടുത്താൽ പ്രസാദിക്കും. ആർക്കെങ്കിലും എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ വേണ്ട ആളെ പ്രീതിപ്പെടുത്തണം എന്നാണ് അവരുടെ അനുഭവജ്ഞാനം.
അതൊരു പരിഹാസ്യമായ വിഡ്ഢിത്തമായി കാണേണ്ടതില്ല. പ്രശ്നം അതല്ല. അന്യ ഗോത്രങ്ങൾ ആയിരുന്നിരിക്കും മറ്റുള്ളവരുടെ ഉറക്കം കെടുത്തിയത്. അവരുടെ ശക്തി, എണ്ണം, സ്വഭാവം. മറ്റു ഗോത്രങ്ങളിൽ നിന്നും സ്വന്തം ആൾക്കാരെ തിരിച്ചറിയാനുള്ള അടയാളങ്ങൾ വേഷങ്ങൾ ആചാരങ്ങൾ പെരുമാറ്റ രീതി ഒക്കെ ആയിരിക്കും ഗോത്ര നേതാക്കൾ നിയന്ത്രിച്ചത്. ഒരാളെ ഇരുട്ടത്ത് കണ്ടാൽ സ്വന്തമാണോ ശത്രുവാണോ എന്ന് തിരിച്ചറിയണമെല്ലോ.
സ്വന്തം ഗോത്രത്തിലെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ഭക്ഷണം അപഹരിക്കുകയും ഒക്കെ ചെയ്യുന്ന അന്യ ഗോത്രങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള ശ്രമങ്ങളാണ് മതങ്ങളായി മാറിയത്.
ഓരോ ഗോത്രത്തിനും ഓരോ മതവും ദൈവവും ആചാരവും ഒക്കെ കാണുമല്ലോ. മറ്റു ഗോത്രക്കാരുടെ ദൈവങ്ങളെ ആരാധിക്കരുത് എന്ന് നേതാക്കൾ നിഷ്കർഷിക്കാൻ കാരണം ഗോത്രങ്ങളുടെ ഈ ഭയ വിഹ്വലമായ ചിന്തയാണ്.
പിന്നീട് പല ഗോത്രങ്ങളും കോംപ്ലിമെൻറ്സ് ആയി എല്ലാവരുടെ ദൈവങ്ങളെയും ആരാധിച്ചിരിക്കാം. തലക്കകത്തുള്ള ഭയം വിട്ടു പോവില്ലല്ലോ. കാലം കഴിഞ്ഞപ്പോൾ ചില ദൈവങ്ങളെ ആരാധിക്കണ്ട എന്നും ആരാധിച്ചിട്ട് വലിയ ഗുണം ഒന്നുമില്ലന്നും തോന്നിക്കാണും.
അങ്ങനെ ചില അപ്രധാന ദൈവങ്ങൾ പട്ടിണി കിടന്നു ചത്തുപോയി. മനുഷ്യരുടെ മനസ്സിൽ മാത്രമാണ് ഈ ദൈവങ്ങൾ ജീവിക്കുന്നത്. സ്വയം ബോധപൂർവ്വം പരിണമിക്കാൻ കഴിവുള്ള ഒരു അസ്തിത്വമാണ് ഇപ്പോൾ പ്രപഞ്ചമായി കാണപ്പെടുന്നത്. ഈ ലളിതമായ സത്യം മനസ്സിലാക്കിയാൽ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ല എന്ന് ബോധ്യപ്പെടും. ചിലർക്ക് ഇത് പെട്ടെന്ന് കത്തും. ചിലർക്ക് ജന്മത്ത് മനസ്സിലാവുകയുമില്ല.
കാരണം വേറെ ചിന്തകൾ മനസ്സിൽ കയറി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇനി മറ്റു ചിന്തകൾക്ക് പ്രവേശനമില്ല. അതിനെ യഥാർത്ഥ ദൈവം ആയാലും സത്യമായാലും ശരി. എല്ലാംകൂടി ഒരുമിച്ച് മനസ്സിൽ ഇരിക്കുകയില്ല.
അങ്ങനെ പ്രപഞ്ചത്തിന് സ്രഷ്ടാവിന്റെ ആവശ്യമില്ല എന്ന് തിരിച്ചറിയുന്നതുവരെ ഈ വിഡ്ഢി വേഷങ്ങൾ മനുഷ്യരെ ഭയപ്പെടുത്തി ഉള്ളിൽ കയറിക്കൂടി അവരെ കുറേശ്ശെ തിന്ന് ജീവിക്കും.
ഇത്തരം വിശ്വാസികളാണ് ജോലി ചെയ്യാതെ ഈച്ചയടിച്ചു കുണ്ടിയും ചൊറിഞ്ഞ് കോട്ടുവായിട്ട് ഇരകളെ കണ്ണും തള്ളി നോക്കിയിരിക്കുന്ന പുരോഹിതന്മാരുടെ അന്നദാതാക്കൾ. ആശാ കേന്ദ്രം. കേറി വാടാ മക്കളേ. വിശന്നിട്ട് പാടില്ല.
പക്ഷേ പുരോഹിതന്മാർ ഇത് പുറത്തു കാണിക്കുകയില്ല. ജനങ്ങളെ കണ്ടാൽ എഴുന്നേറ്റ് നിന്ന് തൊഴുകേണ്ട ജന പ്രതിനിധികൾ രാജാക്കന്മാരായി ജനങ്ങളെ ഭരിക്കുന്നത് പോലെ, മത പുരോഹിതന്മാർ ഈ വിഡ്ഢി കൂശ്മാണ്ഡ വിശ്വാസികളെ കുറേശ്ശെ കറന്നു ജീവിക്കും.
അതൊരു ഭാഗ്യമായി വിശ്വാസികൾ കരുതുകയും ചെയ്യും. ദൈവം അനുഗ്രഹിച്ചു. ഇവർക്ക് ബോധം എന്നൊന്നില്ല. കംപ്ലീറ്റ് ഭയവും ആക്രാന്തവും മാത്രം. പിന്നെ ഇവന്മാരെ കുടില ബുദ്ധികൾ ചൂഷണം ചെയ്തില്ലെങ്കിൽ അല്ലേ അതിശയം ഉള്ളൂ?
ലോകത്ത് കൂടുതലും വിശ്വാസികൾ ആയതുകൊണ്ട് “ദൈവം ഉണ്ട്” എന്ന് പറയുന്നവർക്കാണ് കയ്യടി. ഇല്ല എന്ന് പറയുന്നവരെ വിചിത്ര ജീവികളെ പോലെ തുറിച്ചു നോക്കും. സോക്രട്ടീസ് ബ്രൂണോ കോപർ നിക്കസ് ഗലീലിയോ തുടങ്ങിയ എത്രയെത്ര രക്തസാക്ഷികൾ സത്യത്തിനും നീതിക്കും വേണ്ടി ഭൂരിപക്ഷം വരുന്ന വിഡ്ഢികളുടെ പീഡനം ഏറ്റുവാങ്ങിയിരിക്കുന്നു.
എങ്കിലും പ്രതീക്ഷയില്ലാതില്ല. പതിയെ പതിയെ ആളുകൾ കാര്യം മനസ്സിലാക്കും. ദൈവം എന്നത് തൻറെ തലക്കകത്തുള്ള ഒരു വൈറസ് ഉമ്മാക്കി ബഗ് മാത്രമാണന്ന് തിരിച്ചറിയുമ്പോൾ ആണ് ഇവർ മനുഷ്യരായി തീരുന്നത്.
അതുവരെ ഇവരുടെ കുരങ്ങ് സ്വഭാവങ്ങൾ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും.