‘ദൈവീകത’ എന്ന ബോധവും, അസൂയയുടെയും, സ്വാർത്ഥതയുടെയും, ദുഷ്ടതയുടെയും അഭാവവും, എല്ലാ മനുഷ്യരെയും സഹായിക്കണമെന്ന മനോഭാവവും ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യൻ മഹാനാകുന്നത് എന്നാണ് സ്വാമി വിവേകാനന്ദ പറഞ്ഞിട്ടുള്ളത്. ഇത് ആത്മീയതയുടെ ഭാഗം കൂടിയാണ്.ആത്മീയതയെ പറ്റി പറയുമ്പോൾ മതങ്ങളെപ്പറ്റിയും പറയേണ്ടിവരും. മഹാന്മാരായ എല്ലാ ചിന്തകരും പറഞ്ഞിട്ടുള്ളത്: എല്ലാ മതങ്ങളുടെയും ഉൾസത്ത് അഥവാ ഉൾകാമ്പ് പരിശോധിച്ചാൽ വ്യത്യസ്തതകൾ ഒന്നുമില്ല എന്നാണെങ്കിലും, മതത്തിന്റെ പേരിൽ ഉള്ള സംഘർഷങ്ങൾ ഇന്നും ഒരു തുടർക്കഥ തന്നെയാണ് എന്നാണ്.

അതൊരുപക്ഷേ ലോകാവസാനം വരെയും തുടർന്നേക്കും. മനുഷ്യ സംസ്കാരത്തിന്റെയും, സാംസ്കാരിക തത്വങ്ങളുടെയും, മൂല്യങ്ങളുടെയും ഒരു പ്രധാന ഭാഗം തന്നെയാണ് ‘മതം’ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻറെ ജീവിതത്തിന്റെയും, അവൻറെ ചിന്താധാരകളുടെയും ഏറ്റവും ഉയർന്ന തലം കൂടിയാണ് ‘മതം’. മനുഷ്യരിൽ എതിർദിശയിൽ പ്രവർത്തിക്കുന്ന രണ്ട് ശക്തികളാണ് ‘സ്നേഹവും’ ‘വെറുപ്പും’. ഈ രണ്ടു വിപരീത ശക്തികളുടെയും പ്രവർത്തനം ഏറ്റവും ശ്രദ്ധേയമാണ്. അറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും തീവ്രമായ സ്നേഹം മതത്തിൻറെ സൃഷ്ടിയാണ്. അതുപോലെ മനുഷ്യരാശി നേരിട്ടുള്ള ഏറ്റവും പൈശാചികമായ വിദ്വേഷത്തിന്റെ ഉത്ഭവവും മത ചിന്തകളിൽ നിന്നാണ്.

ലോകം ഇന്നേവരെ കേട്ടതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ സമാധാനത്തിന്റെ സ്വരങ്ങൾ മതപണ്ഡിതർ ആണ് ഉച്ചരിച്ചിട്ടുള്ളത്.ലോകം ഇന്നേവരെ കേട്ടതിൽ വെച്ച് ഏറ്റവും കഠിനമായ ഭാഷയിലുള്ള അപലപിക്കലുകളും (മറ്റുമതക്കാരെ) മതപ്രഭാഷണങ്ങളിലാണ് ഉണ്ടായിട്ടുള്ളത്.മതവിദ്വേഷത്തെ പോലെ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ സംഭവങ്ങൾ ലോകത്തിൽ വിരളമാണ്. എന്നാൽ കാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ മതങ്ങളാണ് എപ്പോഴും മുൻപന്തിയിൽ ഉള്ളത്. ലോകമൊട്ടുക്കും സ്നേഹവും, സമാധാനവും കെട്ടിപ്പിടിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, നിലനിർത്തുകയും ചെയ്യുക എന്നതാണ് മതത്തിൻറെ പ്രധാന കർത്തവ്യമെങ്കിലും, പലപ്പോഴും അത് ആക്രമത്തിന്റെ ഉറവിടമായി വ്യതിചലിക്കപ്പെടുന്നു.

‘മതം’ മനുഷ്യൻറെ ഏറ്റവും പ്രധാനപ്പെട്ട ഉത്തേജനങ്ങളിൽ ഒന്നാണ്. ഒരർത്ഥത്തിൽ അത് ഒരു ഉത്തേജക മരുന്ന് ആണെങ്കിലും, അധികം ആയാൽ അത് മയക്കുമരുന്ന് പോലെയാണ്. ഓരോ മതവും അതിൻറെ തത്വചിന്തകളും, പുരാണങ്ങളും, ആചാരങ്ങളും, ഏറ്റവും ശ്രേഷ്ഠമായതാണെന്ന് അവകാശപ്പെടുകയും, മറ്റു മതങ്ങളെ ഇകഴ്ത്തുവാൻ ശ്രമിക്കുകയും, ചിലപ്പോൾ മതം മാറുവാൻ നിർബന്ധിക്കുകയും ചെയ്യും. ഇതിനെ സ്വാമി വിവേകാനന്ദൻ ഏറ്റവും ഭയാനകമായ മാനസികാവസ്ഥ അഥവാ ‘മതഭ്രാന്താ’യിട്ടാണ്ചിത്രീകരിച്ചത്.

വിശാല ഹൃദയം ഉള്ളവരും, ദേശസ്നേഹികളും ആയ പുരുഷന്മാരും, സ്ത്രീകളും ജീവിതത്തിന്റെ ആഡംബരങ്ങൾ ആസ്വദിക്കുവാനുള്ള ആഗ്രഹങ്ങൾ മാറ്റിവെച്ച്, എല്ലാ ദേശവാസികളുടെയും ക്ഷേമത്തിനായി ദീർഘനേരം പരിശ്രമിക്കുകയും, തങ്ങളുടെ പരമാവധി അതിനായി സമർപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യ ഉണരുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്ന് പറയാനാവുകയുള്ളൂ എന്ന് സ്വാമി പ്രഖ്യാപിക്കുകയുണ്ടായി. ആ വചനങ്ങളിൽ അദ്ദേഹത്തിന്റെ രാജ്യസ്നേഹം വ്യക്തമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ് ‘ദേശീയത’. സർവ്വ കാര്യങ്ങളും മതത്തിന്റെയും ജാതിയുടെയും കാഴ്ചപ്പാടിലൂടെ വീക്ഷിക്കുകയും ദേശീയതയുടെ പരിവേഷം അണിയിക്കുകയും ചെയ്യുന്നവർ സ്വാമി വിവേകാനന്ദൻറെ ഈ വചനങ്ങൾ ശ്രദ്ധിക്കണം.

മതത്തിനും, മതപരമായ അസ്ഥിത്വത്തിനും പൊതുസഞ്ചയത്തിൽ (public domain), വളരെ പ്രാധാന്യമുള്ളതും, ഇവ നയപരമായ കാര്യങ്ങളെ സ്വാധീനിക്കുന്നതുമായ സ്ഥിതി വിശേഷം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.എല്ലാറ്റിന്റെയും ‘കേന്ദ്രബിന്ദു മതമാണ്’ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. കൂടാതെ ദൗർഭാഗ്യമെന്ന് പറയട്ടെ; ഒഴിവാക്കലും,വിദ്വേഷ പ്രസംഗങ്ങളും, അതിനെ തുടർന്ന് ഉണ്ടാവുന്ന കുറ്റകൃത്യങ്ങളും, മതത്തിന്റെയും, മതചിന്തകളുടെയും മറവിൽനടമാടുന്ന ആക്രമണങ്ങളും,വ്യക്തിപരവും, സാമൂഹികവുമായ ഏതൊരു സംഭവവികാസവും, ഒക്കെ ജാതിയുടെയും മതത്തിന്റെയും മഞ്ഞകണ്ണിലൂടെ മാത്രം കാണുവാൻ പലരും നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. കൂടാതെ, മതത്തെ ദേശീയതയുടെ പേരിൽ വ്യാഖ്യാനിക്കുവാനും തുടങ്ങിയിരിക്കുന്നു.

ഇവിടുത്തെ ഒരു പ്രബല രാഷ്ട്രീയ പ്രത്യയശാസ്ത്രം, ജനാധിപത്യത്തെ, മത ആധിപത്യമായി മാറ്റുവാനും ശ്രമിക്കുന്നു. മേൽക്കോയ്മയുടെയും, അടിമത്തത്തിന്റെയും, ഒഴിച്ചുനിർത്തലിന്റെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പഴഞ്ചൻ പ്രത്യയശാസ്ത്രം, ലോകത്തിലെ ചില ജനവിഭാഗങ്ങളെ അല്പന്മാർ ആയിട്ടാണ് കണക്കാക്കുന്നത്. ഈ പ്രത്യേക പ്രത്യയശാസ്ത്രം ഭൂരിപക്ഷം ജനങ്ങൾക്കും സ്വീകാര്യമാക്കുന്നതിനും, ആ മേൽക്കോയ്മ അടിച്ചേൽപ്പിക്കുവാനും ആയി, അവർക്ക് അനുയോജ്യമായ രീതിയിൽ ചരിത്രത്തെ വളച്ചെടുക്കുവാനും, ചരിത്ര പുരുഷൻമാരെയും, അവരുടെ തത്വചിന്തകളെയും തെറ്റായി വ്യാഖ്യാനിക്കുവാനും തുടങ്ങിയിരിക്കുന്നു.

മതവാദമെന്ന മൂർച്ചയുള്ള മാറ്റത്തിലേക്ക് എല്ലാവരെയും നിർബന്ധിച്ചു കൊണ്ടു വരികയാണ് അവർ ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചില മതങ്ങൾക്കും മത ചിന്തകൾക്കും എതിരായി സാമൂഹിക പൊതുബോധം സൃഷ്ടിക്കപ്പെടുന്ന കാഴ്ച നിരീക്ഷിക്കുമ്പോൾ, ഇവിടുത്തെ വൈവിധ്യത്തെ കുറിച്ചുള്ള സ്വാമി വിവേകാനന്ദൻറെ ചിന്തകൾ, മതവിദ്വേഷത്തിന്റെ വിഷപ്പുക ഏറ്റു കിടക്കുന്നവർക്ക് ഒരിറ്റു ശുദ്ധവായു ലഭിക്കുന്നതുപോലെയാണ് അനുഭവപ്പെടുക. ചിലരെ അന്യഗ്രഹ ജീവികളായും, ആക്രമണകാരികളായും, നമ്മുടെ ദൗർഭാഗ്യങ്ങളുടെ സൃഷ്ടാക്കളായും കണക്കാക്കുന്നതിനു പകരം, ഭാരതമെന്ന മാതൃഭൂമിയെ പല മഹത്തായ പാരമ്പര്യങ്ങളുടെ കലവറയായും, സകല മതങ്ങളിലെയും നന്മകളുടെ സംഗമ ഭൂമിയുമായിട്ടാണ് സ്വാമിവിവേകാനന്ദൻ ചിത്രീകരിച്ചത്.

യഥാർത്ഥ വിശ്വ ഗുരുവായ സ്വാമി വിവേകാനന്ദനെ ഒരു മതത്തിൻറെ മാത്രം ഇതിഹാസ പുരുഷനായി പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുന്ന പലരും, അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊള്ളുവാൻ വിസമ്മതിച്ചവരാണ്. അദ്ദേഹം ദാരിദ്രനിർമാർജനത്തിനും, ദരിദ്രരുടെയും, പിന്നോക്ക വിഭാഗക്കാരുടെയും അന്തസ്സ് പുനഃസ്ഥാപിക്കുന്നതിനും, ജാതി വ്യവസ്ഥയെ എതിർക്കുന്നതിനും, എല്ലാ മതവിഭാഗങ്ങൾക്കിടയിലും സൗഹാർദ്ദം നിലനിർത്തുന്നതിനും, സാമൂഹ്യനീതിയും ലിംഗസമത്വവും നടപ്പാക്കുന്നതിനും വേണ്ടിയാണ് നിലകൊണ്ടത്. മതത്തിൻറെ പേരിലും, ആശയത്തിന്റെ പേരിലും ആക്രമണ രാഷ്ട്രീയം പിന്തുടരുന്നതിന് പകരം അദ്ദേഹത്തിൻറെ വചനങ്ങൾ സത്യസന്ധമായി പിന്തുടരുകയാണെങ്കിൽ വീണ്ടും ‘ഒരു ഭ്രാന്താലയമായി’ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ ശരിക്കും ‘ദൈവത്തിൻറെ സ്വന്തം നാടാക്കി’ മാറ്റുവാൻ നമുക്ക് കഴിയും. എക്കാലത്തെയും യഥാർത്ഥ വിശ്വ ഗുരുവായ സ്വാമി വിവേകാനന്ദൻറെ ‘ഏകത്വ ചിന്തകൾ’ പ്രതിഫലിക്കുന്ന രീതിയിൽ ഉള്ള ‘വിവേക മാർഗ്ഗം’ എന്ന ഗ്രന്ഥത്തിൽ നിന്ന്.

രവീന്ദ്രൻ മേനോൻ

By ivayana