വർണ വെറിയാൽ
വിഷം ചീറ്റിയ
ഗതകാല നീചത്വമേ
തിരിച്ചു വരുന്നുവോ
വീണ്ടുമീ ഭാരതമണ്ണിൽ
മഹാഭാരത
രചനയ്ക്കായ്
ധീവര വ്യാസനെ
നിയോഗിച്ചവർ
രാമായണ
സൃഷ്ടിക്കായ്
കാട്ടാള
വാല്മീകിയെ
വിളിച്ചവർ
ഭരണഘടനാ
ശില്പിയായി
അംബേദ്കറെ
ഏൽപ്പിച്ചവർ
ദളിതരുടെ മുതുകു
ചവിട്ടുപടിയാക്കി
സിംഹാസനത്തിൽ
കയറിക്കൂടിയവർ
അടിയാത്തിയുടെ
അടിവസ്ത്രം
വലിച്ചൂരി
നഗ്നയാക്കി
അടിയാന്റെ
നെഞ്ചത്തേക്കാഞ്ഞു
ചവിട്ടി
അട്ടഹസിച്ചവരല്ലോ
സവർണ
ഭരണ പുംഗവർ…
കാനനത്തിൻ കാവലാളാം
ദ്രാവിഡകുലത്തെയാകെ
കാട്ടാളക്കൂട്ടങ്ങളാക്കി
നിശാചരരെന്നോതി
നിഷ്കാസനം ചെയ്തില്ലേ?
ആര്യപ്പേക്കോലങ്ങളുടെ
പത്തായപ്പുരകളിൽ
സമ്പത്തുനിറയ്ക്കാൻ
മണ്ണിലും വിണ്ണിലും
വിയർപ്പൊഴുക്കി
കരിവാളിച്ചുപോയ
അധ്വാന വർഗ്ഗത്തിൻ
കറുപ്പിനെനോക്കി
നീചരെന്നും
രാക്ഷസരെന്നും
ചാപ്പ കുത്തിയില്ലേ!
നിങ്ങൾ ചാപ്പ കുത്തിയില്ലേ
ചുട്ടു കൊല്ലാൻ
ചുമടെടുക്കാൻ
കാമം തീർക്കാൻ
പിച്ചി ചീന്താൻ
കെട്ടി തൂക്കാൻ
പട്ടിണിക്കോലം
ദളിതർ മാത്രം…
കറുപ്പിൻ്റെ
ഗതകാലത്തെ
വികലമാക്കി
ചരിത്രം കുറിച്ച
ആര്യഭക്തരുടെ
ഗോപുര വാതിൽ
ചവിട്ടിത്തുറന്നു
പൊരുതി വാങ്ങണം
ചെങ്കോലും ചിലങ്കയും

ഷറീഫ് കൊടവഞ്ചി

By ivayana