രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍
കനലാണ് തീയാണ് കരുത്താണവൾ
സ്നേഹവും കരുതലും സത്യവുമാണവൾ
അവളെന്ന വാക്കിൻ്റെ പ്രസക്തിയേറെ
അമ്മയും ഭാര്യയും സോദരിയുമാണവൾ
പ്രണയിനിയും മകളും സ്നേഹിതയുമാണവൾ
അവളെന്നെ ജീവിതം മാറുമീയുലകത്തിൽ
രക്തം മുലപ്പാലാക്കിയാമാതൃത്വ സ്നേഹം
മക്കൾക്കായ് ചുരത്തി നൽകുന്ന നേരത്ത്
സ്ത്രൈണ ചേതനതൻ്റെ തുടിക്കുന്ന ഹൃദയമായ്
അമ്മയെന്നുള്ളോരു സത്യമായ് മാറുന്നു
പരസ്പരം വേദനകൾ പങ്കിട്ടുകൊണ്ടവൾ
ജീവിതയാത്രതൻ വിവിധയിടങ്ങളിൽ
സോദരിതന്നുടെ സ്നേഹമായ് മാറുന്നു
ജീവിതയൗവ്വന വേളയിലായവൾ
ഭർത്തൃസ്നേഹത്തിൻ പ്രതീകമായിക്കൊണ്ട്
സുഖദുഃഖജീവിത സമ്മിശ്രമായിട്ട്
സർവ്വവും പങ്കിട്ട് ജീവൻ്റെ ജീവനായ്
പതിതൻ ഉത്തമ ഭാര്യയായ് മാറുന്നു
അച്ഛനുമമ്മയ്ക്കും സന്തോഷം നൽകീട്ടും
അവർതൻ സുഖദു:ഖങ്ങളുമൊക്കെ
പങ്കിട്ടെടുത്തിട്ട് ഭാവി പ്രതീക്ഷയായ്
മകളായും വളരുന്നുണ്ടവളീ മന്നിൽ
നൻമകൾനേരുന്ന നല്ലൊരു സ്നേഹമായ്
സ്നേഹിതയായും നിലകൊള്ളുന്നുണ്ടവൾ
ദിവ്യപ്രണയത്തിൻ നിർമ്മലസ്നേഹമായ്
റോസാദളങ്ങൾതൻ നൈർമല്യമായിട്ട്
മധുരമാം ഓർമ്മതൻ പ്രതീകമായിട്ടവൾ
നിത്യവസന്ത പ്രണയിനിയുമാവുന്നു
രൂപവും ഭാവവും മാറിടുമെങ്കിലും
ഉദാത്തമായോരു സ്നേഹ പ്രതീകമായ്
മന്നിലെന്നുമവൾ മായാതെ നിൽക്കും……
