ഇന്നലകളിലെ യാത്രയിലവളെന്നെ
പിന്തുടർന്നുവന്നു.
ഉറക്കത്തിലെന്റെ ലാളനയേറ്റുകിടന്നു.
ഞങ്ങളെയമ്മയെന്നും അച്ഛനെന്നും
വിളിച്ചവളുടെ കണ്ണുകളിൽ
കോടിനക്ഷത്രത്തിളക്കം.
സനാഥയായതിന്റെ പൂത്തിരിത്തിളക്കം.
പരസ്പരം പുണർന്നു
ഹൃദയഘോഷം.
പുള്ളിമാൻ തുടിക്കുന്ന കറുകപുല്ലിലെ
മുയലിന്റെ നടനവൈഭവം.
ഉറക്കത്തിൽ പുണർന്നവളുടെ കവിളിലും
നെറ്റിയിലും തുരുതുരാന്ന് മധുരചുംബനം
ഇരുട്ടിൽതിളങ്ങുന്ന പല്ലുകളുണ്ടായിരുന്നവൾക്കു .
അവൾ കുലുങ്ങിച്ചിരിച്ചു
ഹർഷബാഷ്പം കുടുകുടാന്നൊഴുകി.
നിലക്കാതെ ഒരരുവിപോലെ ..
നെടുനീളെ ഒരു വെള്ളിയരഞ്ഞാണംപോലെ …
കൊലുസു ചിരിക്കുന്നതുപോലെ
അവളാ വാകയിൽ കുരുങ്ങി
വഴി ചികഞ്ഞു പുളഞ്ഞു.
അവൾ സുന്ദരി.
അമ്മയുടെ ഉദരത്തിലും
എന്റെ മനസ്സിലുമവൾ നീണ്ടുനിവർന്നുകിടന്നു.
രാവിലെയുണർന്നെന്നെ,
ഒന്നു നോക്കി,
ഓട്ടക്കണ്ണിട്ടുനോക്കി.
“കണ്ണിൽ,ഞാൻ, സനാഥയായെന്ന ഭാവം”.
സൂര്യകിരണങ്ങളേറ്റു വിരിഞ്ഞവൾ
പുറത്തേക്ക്,
പേരറിയാത്തവളെപ്പോലെ .
അവളുടെ പേരെന്താകാം…?
എന്നിലുറങ്ങി പടിയിറങ്ങിയവളാരാകാം.
അവളെന്റെ നിഴലും
വെളിച്ചവും ജീവനും.
സുന്ദരിയും..
സൂര്യകിരണങ്ങൾപോലെ വിശുദ്ധയും’ .
സൂര്യനുദിച്ചസ്തമിക്കും വരേയും
പലരുടെ കൂടെ അവളെ കാണാം.
പൂവിരിയുമ്പോൾ
വണ്ടുനുകരുമ്പോൾ
കുയിലുപാടുമ്പോൾ
മാമ്പൂണരുമ്പോൾ
പ്രണയാർദ്രയാവുമ്പോൾ
മഞ്ഞുപെയ്യുമ്പോൾ
അസ്തമയസൂര്യസിന്ദൂരം ചാർത്തി
ഒരു ചിത്രകാരിയെപ്പോലെ
അവളെന്നിൽ നിറവാർന്നുനിറയുന്നു.
അവളുടെ പേരെന്താകാം…?.
മരണവീട്ടിൽ കണ്ണുനീർ തുള്ളികൾക്കുള്ളിൽ
അവശയായിവിതുമ്പും
വായ്ക്കരിയിടുമ്പോൾ ഒരു പൂവായ്
ഒരു അരിമണിയായ് ചുണ്ടിൽ വഴിയറിയാതെ
ഒട്ടിനിൽക്കും.
നെഞ്ചിൽ തീ പുകഞ്ഞുകത്തുമ്പോളവൾ
സ്വതന്ത്രയായ് നക്ഷത്രമായി തിളങ്ങും.
അവളുടെ പേരെന്താകാം….
പൊടിമഴയിൽ
ഊർന്നിറങ്ങി
ഇടിമിന്നലായ്
പ്രളയമായി അവൾ വരും.
അവളുടെ പേരെന്താകാം..?
മയിലുപോലെയവൾ
പീലിവിടർത്തി മഴനൃത്തം ചെയ്യുന്നു.
അവളുടെ പേരെന്താകാം….?

By ivayana