യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ചിലതു പരിഹരിക്കാൻ യുദ്ധം ചിലപ്പോൾ ആവശ്യവുമാണ്. . ഇന്ത്യ വിഭജിയ്ക്കപ്പെട്ട കാലം മുതൽ കാശ്മീർ മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ കണക്കുകൾ പരിശോധിച്ചാൽ, അവിടെ കൊല്ലപ്പെട്ട നിരപരാധികളായ ജനങ്ങളുടെ കണക്കു പരിശോധിച്ചാൽ, നാശനഷ്ടങ്ങളുടെ കണക്കു പരിശോധിച്ചാൽ യുദ്ധം ചിലപ്പോൾ ആവശ്യമാണെന്നു കാപട്യമില്ലാത്ത ഏതൊരാൾക്കും ബോദ്ധ്യപ്പെടും.

ഇന്ത്യൻ പാർലമെൻ്റിൽ ഉൾപ്പെടെ എത്രയെത്ര ഭീകരാക്രമണങ്ങൾ അവർ നടത്തിയിട്ടുണ്ട്. എല്ലാം സംയമനത്തോടെ ഇന്ത്യ നേരിടുകയായിരുന്നില്ലേ ? അന്നൊന്നും പ്രതികരിക്കാത്ത, കണ്ണീരൊഴുക്കാത്ത യുദ്ധഭീകരതയെക്കുറിച്ചുള്ള ചിലരുടെ ഉണർത്തുപ്പാട്ടുകളുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്തായതു കൊണ്ടല്ലേ വലിയ യുദ്ധങ്ങൾ ഇക്കാലമത്രയും ഒഴിവായിട്ടുള്ളത്. ഒരേ രാജ്യത്തിൻ്റെ രണ്ടു ഖണ്ഡങ്ങൾ.

അതതു രാജ്യങ്ങളുടെ പുരോഗതിക്കായി കരുതലോടെ, സൗഹൃദത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ലോകരാഷ്ട്രങ്ങളുടെ മുൻ നിര പട്ടികയിൽ ഇടം പിടിക്കുമായിരുന്നില്ലേ? കാശ്മീരിനു വേണ്ടി അനാവശ്യമായി പോരാടി പാപ്പരായി പാകിസ്ഥാൻ, ചെറുത്തു നിൽപ്പിനു പണമൊഴുക്കി ഇന്ത്യയും. ഇതൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ സമയം അതിക്രമിച്ചില്ലേ? ഭീകരവാദം കൊണ്ട് പാകിസ്ഥാൻ എന്തുനേടി ? എത്ര നിരപരാധികളുടെ ജീവനെടുത്തു ? എത്ര കുടുംബങ്ങൾ അനാഥമായി. ഒടുവിൽ പഹൽഗായിൽ നിരപരാധികളായ ടൂറിസ്റ്റുകൾക്കു നേരെ നടന്ന ലോക ജനതയെ കരയിച്ച ഭീകര കൂട്ടക്കുരുതി.

അപ്പോഴൊന്നും സമാധാനത്തിനു വേണ്ടി വാദിക്കാത്തവർ, യുദ്ധത്തിൻ്റെ ഭീകരാവസ്ഥയെക്കുറിച്ച് വർണിക്കാത്തവർ, സമാധാന ചർച്ചകൾ നടത്താത്തവർ, അതിനു വേണ്ടി പോസ്റ്റിടാത്തവർ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനിലെ ഭീകരപ്രവർത്തകരുടെ കോട്ടകൾ തകർത്തപ്പോൾ സടകുടഞ്ഞെണീറ്റിട്ടുണ്ടെങ്കിൽ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടണം. നിരീക്ഷണവിധേയമാക്കണം. കഴിയുമെങ്കിൽ ഇവർ ചർച്ചകളിലൂടെ യുദ്ധം ഒഴിവാക്കട്ടെ. യുദ്ധം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കട്ടെ. അതിനു കഴിയില്ലെങ്കിൽ മുതലക്കണ്ണീരുമായി വരാതിരിക്കൂ…. സകുടുംബം സുരക്ഷിതസ്ഥാനങ്ങളിൽ പോയി ഒളിച്ചു കഴിഞ്ഞോളൂ. മറ്റുള്ളവരുടെ സുരക്ഷിതത്തെച്ചൊല്ലി കപട നാട്യം വേണ്ട. അത് ജനത്തിന് പെട്ടെന്ന് മനസിലാകും.

ഇന്ത്യ എക്കാലത്തും യുദ്ധത്തിന് എതിരാണ്. സമാധാനത്തിൻ്റെ കാവൽ മാലാഖയാണ്. എന്നിട്ടും ഇന്ത്യയ്ക്ക് യുദ്ധം ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ അത് ഇരന്നുവാങ്ങുന്നതാണെന്ന സത്യം മനസിലാക്കുക. അതിന് ഇങ്ങനെ മുതലക്കണ്ണീർ പൊഴിയ്ക്കണോ? രാജ്യ സംരക്ഷണാർത്ഥം പട്ടാളക്കാർ വീരമൃത്യു പ്രാപിക്കുമ്പോൾ നിരപരാധികളായവർ ചിലർ മരിക്കുന്നതിൽ എന്തിനു കേഴണം? പട്ടാളക്കാരും നിരപരാധികളല്ലേ? യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന തിരിച്ചറിവുകൾ എല്ലാവർക്കും ഉണ്ടാവട്ടെ……..!!! സമാധാനത്തിൻ്റെ പുലരികൾ പിറക്കട്ടെ…..!!!

ഷാജി പേടികുളം

By ivayana