1990-കളുടെ അവസാനത്തിലാണ് കരീബിയൻ കടലിലെ മനോഹരമായ ഒരു ഫ്രഞ്ച് ദ്വീപ്, ഗ്വാഡലൂപ്പ്. തെങ്ങുകളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ, ഒറ്റനോട്ടത്തിൽ ശാന്തസുന്ദരമായ ഒരിടം. ആ കാലത്താണ് ഗ്വാഡലൂപ്പിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത്, പ്രത്യേകിച്ച് പ്രായമായവരിൽ, വൈദ്യശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വിചിത്രമായ ചില രോഗലക്ഷണങ്ങൾ കൂടുതലായി കണ്ടുതുടങ്ങി. ശരീരത്തിന് വിറയൽ, ചലനങ്ങൾക്ക് വേഗത കുറയുക, പേശികൾക്ക് മുറുക്കം… ലക്ഷണങ്ങൾക്ക് ഒറ്റനോട്ടത്തിൽ പാർക്കിൻസൺസ് രോഗവുമായി സാമ്യമുണ്ടായിരുന്നു.

നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രധാന നാഡീക്ഷയ രോഗമാണ് പാർക്കിൻസൺസ് രോഗം. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് കാരണം. വിറയൽ, പേശികളുടെ മുറുക്കം, ചലനങ്ങളുടെ വേഗത കുറയുക, ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ച ഡോക്ടർമാർക്ക് മനസ്സിലായി, ഇത് സാധാരണ പാർക്കിൻസൺസ് അല്ല!
രോഗം ബാധിച്ചവരിൽ പലരുടെയും അവസ്ഥ വളരെ വേഗത്തിൽ മോശമായി. അവർക്ക് നേരത്തെ തന്നെ ബാലൻസ് നഷ്ടപ്പെട്ട് വീഴ്ചകൾ സംഭവിച്ചു, കണ്ണുകൾ, പ്രത്യേകിച്ച് മുകളിലേക്കും താഴേക്കും ചലിപ്പിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ടായി. സാധാരണ പാർക്കിൻസൺസ് രോഗത്തിന് നൽകുന്ന ‘ലിവോഡോപ’ എന്ന മരുന്ന് ഈ രോഗികളിൽ കാര്യമായ ഫലം നൽകിയതുമില്ല.

യൂറോപ്പിലും വടക്കേ അമേരിക്കയിലും പാർക്കിൻസൺസ് രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ ഏകദേശം 70 ശതമാനവും സാധാരണ പാർക്കിൻസൺസ് രോഗമുള്ളവരായിരിക്കും. എന്നാൽ ഗ്വാഡലൂപ്പിൽ ഇത് വെറും 20-30 ശതമാനം മാത്രമായിരുന്നു. ഭൂരിഭാഗം രോഗികളും അസാധാരണ പാർക്കിൻസണിസം വിഭാഗത്തിൽ പെടുന്നവരായിരുന്നു.

എന്താണ് അസാധാരണ പാർക്കിൻസണിസം?
പാർക്കിൻസൺസ് രോഗത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന, എന്നാൽ അതിന്റെ സാധാരണ രൂപത്തിൽ നിന്ന് വ്യത്യസ്തമായ രോഗാവസ്ഥകളെയാണ് ‘അസാധാരണ പാർക്കിൻസണിസം’ (Atypical Parkinsonism) എന്ന് വിളിക്കുന്നത്. സാധാരണ പാർക്കിൻസൺസ് രോഗം (Idiopathic Parkinson’s Disease – IPD) ബാധിച്ചവരിൽ ലിവോഡോപ (Levodopa) എന്ന മരുന്ന് താരതമ്യേന ഫലപ്രദമാണ്. എന്നാൽ അസാധാരണ പാർക്കിൻസണിസം ബാധിച്ചവരിൽ ഈ മരുന്ന് വലിയ ഫലം ചെയ്യില്ല. രോഗം കൂടുതൽ വേഗത്തിൽ മൂർച്ഛിക്കാം, നേരത്തെ തന്നെ ബാലൻസ് നഷ്ടപ്പെട്ട് വീഴാനുള്ള സാധ്യത കൂടാം, കണ്ണുകളുടെ ചലനം (പ്രത്യേകിച്ച് മുകളിലേക്കും താഴേക്കും) നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ വരാം, ഓർമ്മക്കുറവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകാം.
ഗ്വാഡലൂപ്പിൽ കാണപ്പെടുന്ന അസാധാരണ പാർക്കിൻസണിസത്തിന് ‘പ്രോഗ്രസ്സീവ് സുപ്രാന്യൂക്ലിയർ പാൾസി’ (Progressive Supranuclear Palsy – PSP) എന്ന മറ്റൊരു നാഡീക്ഷയ രോഗവുമായി ഏറെ സാമ്യമുണ്ട്. അതുകൊണ്ട് ഇതിനെ ഗ്വാഡലൂപ്പിയൻ-പി.എസ്.പി (Guadeloupean-PSP or Gd-PSP) എന്നും വിളിക്കാറുണ്ട്. ഇവിടെ രോഗം ബാധിച്ചവരിൽ നല്ലൊരു പങ്കും ഒന്നുകിൽ ഈ PSP-ക്ക് സമാനമായ രോഗമുള്ളവരോ അല്ലെങ്കിൽ കൃത്യമായി നിർവചിക്കാൻ കഴിയാത്ത മറ്റ് അസാധാരണ പാർക്കിൻസണിസം ഉള്ളവരോ ആണ്.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ട് ഗ്വാഡലൂപ്പിൽ മാത്രം ഈ അസാധാരണ രോഗം ഇത്രയധികം പേരെ ബാധിക്കുന്നു? പാരമ്പര്യമാണോ കാരണം? അതോ, ആ ദ്വീപിൽ ഒളിഞ്ഞിരിക്കുന്ന മറ്റേതെങ്കിലും അജ്ഞാത ഘടകമാണോ ഇതിന് പിന്നിൽ? ഗവേഷകർ തലപുകഞ്ഞാലോചിച്ചു.

ഗ്വാഡലൂപ്പിലെ ദുരൂഹത
അന്വേഷണം ചെന്നെത്തിയത് ഗ്വാഡലൂപ്പിലെ ആളുകളുടെ ഭക്ഷണശീലങ്ങളിലേക്കാണ്. അവിടെ സാധാരണയായി ഉപയോഗിക്കുന്ന ചില നാടൻ പഴങ്ങളും അവയുടെ ഇലകളുപയോഗിച്ചുണ്ടാക്കുന്ന ചായകളും (Herbal teas) സംശയത്തിന്റെ നിഴലിലായി. അന്നൊനേസി (Annonaceae) എന്ന സസ്യകുടുംബത്തിൽ പെട്ട ചെടികളായിരുന്നു പ്രധാനമായും സംശയിക്കപ്പെട്ടത്. നമ്മുക്ക് സുപരിചിതമായ ആത്തച്ചക്ക (മുള്ളാത്ത, Soursop, ശാസ്ത്രനാമം: Annona muricata), മറ്റ് സമാനമായ പഴങ്ങൾ (സീത ചക്ക, സീതപ്പഴം) എന്നിവയെല്ലാം ഈ കുടുംബത്തിൽ പെടുന്നവയാണ്.
ഗവേഷണങ്ങളിൽ ഈ ചെടികളുടെ പഴങ്ങളിലും ഇലകളിലും വിത്തുകളിലുമെല്ലാം ‘അസറ്റോജെനിനുകൾ’ (Acetogenins) എന്നറിയപ്പെടുന്ന ചില രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിൽ ‘അന്നൊനാസിൻ’ (Annonacin) എന്ന അസറ്റോജെനിൻ ഒരു ശക്തമായ നാഡീവിഷമാണെന്ന് (Neurotoxin) തിരിച്ചറിഞ്ഞു. ഗ്വാഡലൂപ്പിലെ അസാധാരണ പാർക്കിൻസണിസം ബാധിച്ച പലരും ഈ പഴങ്ങൾ സ്ഥിരമായി കഴിക്കുന്നവരോ ഇവയുടെ ഇലകളിട്ടുണ്ടാക്കിയ ചായ കുടിക്കുന്നവരോ ആയിരുന്നു എന്ന് എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ സൂചിപ്പിച്ചു.

അന്നൊനാസിൻ എങ്ങനെ പ്രവർത്തിക്കുന്നു?
നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം നൽകുന്ന ഭാഗങ്ങളാണ് മൈറ്റോകോൺഡ്രിയ (Mitochondria). ഈ ഊർജ്ജോത്പാദന പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണ് ‘മൈറ്റോകോൺഡ്രിയൽ കോംപ്ലക്സ് I’ (Mitochondrial complex I). അന്നൊനാസിൻ എന്ന വിഷവസ്തുവിന് ഈ കോംപ്ലക്സ് I-ന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയും. ഇത് കോശങ്ങളുടെ ഊർജ്ജോത്പാദനത്തെ തകരാറിലാക്കുകയും ക്രമേണ നാഡീകോശങ്ങളുടെ നാശത്തിന് വഴിവെക്കുകയും ചെയ്യും. സാധാരണ പാർക്കിൻസൺസ് രോഗത്തിൽ പ്രധാനമായും തലച്ചോറിലെ ‘സബ്സ്റ്റാൻഷ്യ നൈഗ്ര’ (Substantia nigra) എന്ന ഭാഗത്തെ ഡോപമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. എന്നാൽ അന്നൊനാസിൻ ഇതിനുപുറമെ ബേസൽ ഗാംഗ്ലിയ (Basal ganglia), ബ്രെയിൻസ്റ്റെം (Brainstem) തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങളെയും നശിപ്പിക്കാം. ഇതാവാം ഗ്വാഡലൂപ്പിൽ കാണുന്ന PSP-ക്ക് സമാനമായ ലക്ഷണങ്ങൾക്ക് കാരണം എന്ന് കരുതപ്പെടുന്നു.

നിലവിലെ അവസ്ഥയും ഗവേഷണവും
ഈ കണ്ടെത്തലുകൾ ഗ്വാഡലൂപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അന്നൊനേസി കുടുംബത്തിൽപ്പെട്ട പഴങ്ങളുടെയും ഇലച്ചായകളുടെയും അമിതവും സ്ഥിരവുമായ ഉപയോഗം ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഈ പഴങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും എത്ര അളവിലാണ് ഇവ അപകടകാരിയാവുന്നത് എന്നതിനെക്കുറിച്ചുമെല്ലാം കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ഗ്വാഡലൂപ്പിലെ ഈ അനുഭവം നാഡീക്ഷയ രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. ജനിതക കാരണങ്ങൾ പോലെത്തന്നെ പാരിസ്ഥിതിക ഘടകങ്ങൾക്കും, പ്രത്യേകിച്ച് ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന വിഷവസ്തുക്കൾക്കും, ഇത്തരം രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പങ്കുണ്ട് എന്നതിന് ഇത് വ്യക്തമായ തെളിവായി മാറി. അന്നൊനാസിനും മറ്റ് അസറ്റോജെനിനുകളും എങ്ങനെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഗ്വാഡലൂപ്പിൽ സംശയത്തിന്റെ നിഴലിലായ ഈ മുള്ളാത്ത അഥവാ ആത്തച്ചക്ക (Annona muricata) നമുക്കും ഏറെ പരിചിതമാണല്ലോ. ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിലും കാൻസറിന് അത്ഭുതകരമായ പ്രതിവിധിയാണെന്ന രീതിയിലുള്ള പ്രചാരണത്തെത്തുടർന്ന് ഈ ചെടി വ്യാപകമായി നട്ടുപിടിപ്പിക്കുകയും ഇതിന്റെ പഴത്തിനും ഇലകൾക്കും വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു എന്നത് ഓർക്കുമല്ലോ. എന്നാൽ ഗ്വാഡലൂപ്പിലെ അനുഭവം കാണിക്കുന്നത്, ശാസ്ത്രീയമായി പൂർണ്ണമായി തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇത്തരം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ പോലും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം എന്നാണ്
സസ്യജന്യമായതെല്ലാം അമൃതാണ് അല്ലെങ്കിൽ പൂർണ്ണമായും സുരക്ഷിതമായ ഔഷധമാണ് എന്നൊരു ധാരണ പലർക്കുമുണ്ട്. ഇത്തരം ധാരണകളുടെ പുറത്ത്, ആരെങ്കിലും പറയുന്നത് കേട്ടോ സാമൂഹിക മാധ്യമങ്ങളിലോ യൂട്യൂബ് ചാനലുകളിലോ കണ്ടോ പലതരം ഒറ്റമൂലികളും പാനീയങ്ങളും പരീക്ഷിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ചെന്നുചാടുന്നവർ നമ്മുടെ ഇടയിലും ധാരാളമുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണെന്ന കേട്ടറിവിൽ അത് സ്ഥിരമായി ഉപയോഗിച്ച് വൃക്കകളുടെ പ്രവർത്തനം തകരാറിലായവരെക്കുറിച്ച് പോലും നാം കേട്ടിട്ടുണ്ട്.

ഇവിടെയാണ് വിഷശാസ്ത്രത്തിന്റെ (Toxicology) അടിസ്ഥാന തത്വം പ്രസക്തമാകുന്നത്: “അളവാണ് ഒരു വസ്തുവിനെ വിഷവും ഔഷധവുമാക്കുന്നത്” (The dose makes the poison). പ്രകൃതിദത്തമെന്ന് കരുതുന്ന വസ്തുക്കൾ പോലും തെറ്റായ അളവിലോ രീതിയിലോ ഉപയോഗിച്ചാൽ അപകടകരമായേക്കാം. അതിനാൽ, ഫേസ്ബുക്ക് റീലുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും കാണുന്ന ആരോഗ്യ ‘ഉപദേശങ്ങൾ’ അതേപടി വിഴുങ്ങാതെ, ഏത് ആരോഗ്യപരമായ കാര്യത്തിനും ശാസ്ത്രീയമായ വിവരങ്ങൾ നൽകാൻ കഴിവുള്ള, യോഗ്യതയും അനുഭവപരിചയവുമുള്ള ഒരു ആരോഗ്യ വിദഗ്ദ്ധന്റെ (ഡോക്ടർ, അംഗീകൃത ഡയറ്റീഷ്യൻ തുടങ്ങിയവർ) നിർദ്ദേശം തേടുന്നതാണ് ഏറ്റവും വിവേകപൂർണ്ണമായ സമീപനം. കാരണം, ഓർക്കുക, നഷ്ടപ്പെട്ടാൽ അത്ര എളുപ്പത്തിൽ തിരികെ ലഭിക്കുന്ന ഒന്നല്ല നമ്മുടെ ആരോഗ്യം.

By ivayana