സ്കൂളുകള്‍ തുറക്കാറായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആദ്യമായി സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരിക്കും. തങ്ങളുടെ കുഞ്ഞുങ്ങള്‍ നന്നായി പഠിക്കണം എന്നും അവര്‍ മിടുക്കരാകണം എന്നുള്ള ആഗ്രഹം എല്ലാമാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കില്ല . ഒരുപക്ഷെ നിങ്ങളുടെ ആശങ്ക കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന പഠന വൈകല്യത്തെക്കുറിച്ചു ആയിരിക്കാം.

UKG വരെ നന്നായി പഠിച്ചുകൊണ്ടിരുന്ന പല കുട്ടികളും, പിന്നീട് 2-3 ക്ലാസ്സാകുമ്പോഴേക്കും പഠിത്തത്തില്‍ പുറകോട്ടു പോകുന്നത് നമ്മള്‍ സാധാരണ കാണാറുമുണ്ട്. പക്ഷെ ഇത്തരം പഠന വൈകല്യങ്ങള്‍ ആ പ്രായമാകുമ്പോള്‍ പെട്ടെന്ന് ഉണ്ടായിവരുന്നതല്ല. അതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ ജനനം മുതലേ രൂപപ്പെട്ടു വരുന്നതാണ്. പഠനത്തിന്‍റെ വിവിധഘട്ടങ്ങളില്‍ ഒരുകുട്ടിയെ സംബന്ധിച്ച പഠനത്തില്‍ ഉണ്ടാകുന്ന പ്രത്യേക തരത്തിലുള്ള കുറവുകള്‍ നമുക്ക് അതാതു ഘട്ടങ്ങളില്‍ മാത്രമേ മനസ്സിലാക്കാന്‍ പറ്റുന്നതരത്തില്‍ പ്രകടമാകുന്നുള്ളൂ. ഓരോരുത്തര്‍ക്കും അത് വ്യത്യാസപ്പെട്ടതായിക്കാം.അതുകൊണ്ടാണ് പലപ്രായങ്ങളില്‍ ആണ് അവ തുടങ്ങുന്നുന്നതെന്ന് നമുക്ക് തോന്നുന്നത്. എന്നാല്‍ പഠനവൈകല്യങ്ങളില്‍ 60 ശതമാനവും സ്കൂളില്‍ പോകുന്നതിന് മുന്‍പുതന്നെ രൂപപ്പെടുന്നു. ഏഴാം ക്ലാസ്സാകുംപോഴേക്കും 80 ശതമാനമായും അതുകഴിഞ്ഞ് ബാക്കിയും രൂപപ്പെടുന്നു. ഇന്ത്യയില്‍ ശരാശരി 10.7% കുട്ടികള്‍ക്ക് ഇത്തരം പഠന തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതായത് ഏകദേശം 10 കുട്ടികളില്‍ ഒരാള്‍ക്ക്‌ എന്നതോതില്‍. അവരെല്ലാം സ്കൂളില്‍ പോകുന്നതിനു മുന്‍പ് മിടുക്കരായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത് എന്നത് അറിയണം. ‘മിടുക്കരായ’ എല്ലാ കുട്ടികളും എപ്പോഴും ‘മിടുക്കര്‍’ ആയിരിക്കണം എന്നില്ല എന്ന് സാരം

എന്നാല്‍ 4-5 വയസ്സ് കാലങ്ങളില്‍ എട്ടോളം പ്രധാന പഠനഘടകങ്ങളും അനുബന്ധമായ മറ്റുള്ള കഴിവുകളും വേണ്ടതരത്തില്‍ വളര്‍ന്നു രൂപപ്പെട്ടിട്ടുണ്ടോ എന്ന് ഒരു ലളിതമായ പരിശോധനയിലൂടെ നമുക്ക് മനസ്സിലാക്കാം. ആ സമയത്ത് അവ കണ്ടുപിടിച്ചു പരിഹരിച്ചാല്‍ ഭാവിയിലെ പഠനതടസ്സങ്ങള്‍ 75%നവും നമുക്ക് ഫലപ്രദമായി പരിഹരിക്കുവാനും തടയുവാനും കഴിയും.

അതുകൊണ്ട് എല്ലാ കുട്ടികളെയും സ്കൂളില്‍ പോകുന്നതിന് മുന്‍പുതന്നെ ലളിതമായ ഒരു പരിശോധന നടത്തി പഠന ഘടകങ്ങള്‍ക്കു തകരാരില്ലെന്നു ഉറപ്പു വരുത്തണം. കുഴപ്പം ഉണ്ടെങ്കില്‍ ആ പ്രായത്തില്‍ പരിഹരിക്കാന്‍ എളുപ്പം ആണെന്നതും എല്ലാ മാതാപിതാക്കളും മനസിലാക്കി പ്രവര്‍ത്തിക്കണം.ഇപ്പോള്‍ സൂക്ഷിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ല എന്ന് ചുരുക്കം

ഇനി പഠനവൈകല്ല്യം വരാന്‍ ആര്‍ക്കൊക്കെയാണ് സാദ്ധ്യത എന്ന് നോക്കാം. ഏതൊരു കുട്ടിക്ക് വേണമെങ്കിലും അതുണ്ടാകാം, പക്ഷെ ചില കുട്ടികള്‍ക്ക് അല്‍പ്പം കൂടി സാദ്ധ്യത കൂടുതല്‍ ഉണ്ട്. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം
അവര്‍ ആരൊക്കെ ആണെന്ന് നോക്കാം. മാസം തികയാതെ ജനിച്ചകുട്ടികള്‍ ( പ്രത്യേകിച്ച് 2 മാസത്തിലേറെ നേരത്തെ ജനിച്ചവര്‍). കാരണം ജനിക്കുന്നതിനുമുന്പു ഈ ലോകജീവിതത്തിന് വേണ്ടതായ തയ്യാറെടുപ്പുകള്‍ തലച്ചോര്‍ ചെയ്യുന്നത് ഗര്‍ഭസ്ഥകാലത്തെ അവസാനത്തെ 3 മാസമാണ്‌. നേരത്തേ ജനിക്കുന്നവര്‍ വേണ്ടതായ തയ്യാറെടുപ്പുകള്‍ കൂടാതെ ജീവിതയാത്ര നടത്താന്‍ വിധിക്കപ്പെട്ടവരാണ്.ആ കുറവ് അവരുടെ ശൈശവകാലത്ത് അവര്‍ക്ക് നമ്മള്‍ നല്‍കേണ്ടതായ വ്യത്യാസപ്പെട്ട പരിചരണത്തിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഭാവിയിലെ പഠന തടസ്സങ്ങളും മറ്റ് പ്രശ്നങ്ങളെപ്പോലെ ഉണ്ടാകാം.

അതുപോലെ ജനനസമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുള്ളവര്‍, നടക്കാനും സംസാരിക്കാനും മറ്റു കഴിവുകള്‍ക്കും സാധാരണയില്‍ കൂടുതല്‍ താമസ്സമോ വ്യത്യാസമോ ഉണ്ടായിട്ടുള്ളവര്‍, കമഴ്ന്നു വീഴാനും മുട്ടില്‍ നീന്തുന്നതിലും താമസമോ അതിനു രണ്ടു വശത്ത കൈകാലുകള്‍ വേണ്ടത്ര ഏകോപിപ്പിച്ചു ഉപയോഗിക്കാത്തവര്‍, രണ്ടു വശങ്ങളും വ്യത്യസ്തമായി ഉപയോഗിക്കുന്ന ശിശുക്കള്‍ എന്നിവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ്.

2 വയസ്സാകുമ്പോള്‍ 2 വാക്കുകള്‍ ചേര്‍ത്തു പറയാത്തകുട്ടികള്‍, ആ പ്രായത്തില്‍ കുറഞ്ഞത് 50 വാക്കെങ്കിലും പറയാത്തവര്‍, പറയുന്നതിന്‍റെ പകുതിയും അപരിചിതര്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അത് പിന്നീട് “ശരിയായാലും” അവര്‍ക്ക് പില്‍ക്കാലത്ത് എഴുതാനും വായിക്കാനും ബുദ്ധിമുട്ട് ഉണ്ടായേക്കാം. കാരണം സംസാരതടസ്സവും പഠന തടസ്സവും ചിഹ്ന്നങ്ങളുമായി ബന്ധപ്പെട്ട് വികാസം പ്രാപിക്കുന്ന കഴിവുകളാണ്.

കുഞ്ഞിന്‌ 5 വയസ്സാകുമ്പോള്‍ പഠന കഴിവുകളുമായി ബന്ധപ്പെട്ട കുറെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയും. അവയില്‍ ചിലത് മാത്രം താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കി മനസ്സിലാക്കുക. തങ്ങളുടെ കുട്ടിക്ക് ഈ കാര്യങ്ങള്‍ നിങ്ങളുടെ സഹായം ഇല്ലാതെ സ്വയം ചെയ്യുവാന്‍ കഴിയുന്നുണ്ടോ എന്ന് സ്വയം മനസ്സിലാക്കുക.കുഞ്ഞിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം

ഒരു നല്ല ചൈല്‍ഡ് ഡേവലപ്മെന്റ്റ് സ്പെഷ്യലിസ്റ്റ്നെ കണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തുകയോ പ്രശ്നപരിഹാരം തേടുന്നതോ ആണ് നല്ലത്. അത് ചെയ്യാന്‍ താമസിപ്പിക്കരുത്. അത്തരം കാര്യങ്ങള്‍ താമസിപ്പിക്കുന്നതാണ് മാതാപിതാക്കള്‍ സ്വന്തം കുട്ടിയുടെ ഭാവിയോടു ചെയ്യുന്ന വലിയ അപരാധം. നിങ്ങളുടെ “കുഞ്ഞിന്‍റെ പ്രശ്നങ്ങള്‍ സാരമില്ല, കുഴമില്ല ഒന്നും ചെയ്യണ്ട, എല്ലാം പതുക്കെ ശരിയായിള്ളും” എന്ന് ആരെങ്കിലും വെറുതെ പറയുന്നത് നിങ്ങള്‍ അപ്പടി സ്വീകരിച്ചാല്‍ പിന്നീട് മിക്കവാറും ദുഖിക്കെണ്ടിവന്നേക്കാം. അത് മാതാപിതാക്കള്‍ അറിയാതിരിക്കരുത്.
ഏകദേശം 5 വയസ്സായ കുട്ടികള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:

  • ഓടാനും ചാടാനും കഴിയും
  • ഒറ്റക്കാലിൽ മാറി മാറി (10 സെക്കൻറ്) എങ്ങും പിടിക്കാതെ സ്റെഡി ആയി നില്‍ക്കണം. അതുപോലെ നേരേ നിവര്‍ന്നു നില്‍ക്കുമ്പോള്‍ രണ്ടുവശത്തെയും തോള്‍പ്പലകയുടെ താഴത്തെ അറ്റം ഒരേ ലെവലില്‍ നില്‍ക്കണം
  • ഉടുപ്പ് ഇടാനും ബട്ടൻ ഇടാനും അറിയണം
  • ഒരു ചെറിയ വൃത്തത്തിനുള്ളില്‍ മറ്റൊരു വൃത്തം പുറത്തുള്ളതില്‍ മുട്ടാതെ വരക്കാന്‍ കഴിയണം
  • കത്രിക ഉപയോഗിക്കാന്‍ കഴിയണം
  • ഒരു ചതുര ആകൃതിയില്‍ ഉള്ള കടലാസ് കൊണോടുകോണ്‍ മടക്കാന്‍ പറഞ്ഞാല്‍ ചെയ്യണം
  • കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഓർത്തു ക്രമമായി വാക്കുകള്‍ സാധാരണ വേഗത്തില്‍ വിവരിച്ചു വ്യക്തമായി പറയാന്‍ കഴിയണം
  • 5 മുതല്‍ 7 വാക്കുകള്‍ ചേര്‍ത്തു തപ്പലില്ലാതെ സുഗമമായി സാരിക്കും.”പക്ഷെ” തുടങ്ങിയ പദങ്ങള്‍ ആവശ്യമുള്ളപ്പോള്‍ സംസാരത്തില്‍ ചേര്‍ത്ത് ഉപയോഗിക്കും
  • 8-10 അറിയാവുന്ന പടങ്ങൾ നോക്കി അവയുടെ പേര് വ്യക്തമായി പറയും. (ഒരു സെക്കണ്ടില്‍ ഒരുവാക്ക് വേഗം)
  • ഒരുപോലെ ശബ്ദമുള്ള വാക്കുളിൽ നിന്നും വ്യത്യാസമുള്ളതു തിരിച്ചറിയാം (തല ,വല,മല, തറ )
  • പരിചയമുള്ള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മുന്‍പിലും പിന്നിലും വരുന്നവ അറിയാം —B— , —5—
  • 5-6 അക്ഷരങ്ങൾ എങ്കിലും എഴുതാനും വായിക്കാനും അറിയണം. ഉദാ: സ്വന്തം പേരിന്‍റെ അക്ഷരങ്ങള്‍
  • * കുറച്ചു അക്ഷരങ്ങൾ (ചെറിയക്ഷരവും വലിയക്ഷരവും) കണ്ടു പറയും / കേട്ടെഴുതും*
  • T യും O യും Y യും നോക്കി എഴുതാൻ അറിയാം
  • മുൻപിൽ , പുറകിൽ താഴെ മുകളിൽ , നടുക്ക് , വലുത് ചെറുത് , കൂടുതൽ, കുറവ് എന്ന് പറഞ്ഞാല്‍ മനസ്സിലാകും
  • ഇടതു വലതു നടുക്ക് ഏതെന്നു തിരിച്ചറിയാം
  • 1 മുതൽ 20 വരെയുള്ള അക്കങ്ങൾ തെറ്റാതെ എണ്ണും (കുറഞ്ഞത്‌ 10 വരെയെങ്കിലും)
  • 1 മുതൽ 10 വരെയുള്ള അക്കങ്ങൾ കണ്ടാൽ അറിയാം / പറയും
  • 5 വരെയുള്ള എണ്ണം അറിയാം (അതായത് 4 വിരൽ കാണിക്കാൻ പറഞ്ഞാൽ 4 വിരല്‍ കാണിക്കും)
  • 4 ഷെയ്പ്പുകള്‍ കാണിച്ചാല്‍ ഓരോന്നിന്‍റെയും പേര് തെറ്റാതെ പറയും
  • 4 ഷെയിപ്പ് പേരുപറഞ്ഞാൽ അത് വരക്കുകയും ചെയ്യും (E.g SQUIRE, CIRCLE, TRIANGLE, CROSS)
  • 4 നിറങ്ങൾ കാണിച്ചാൽ തെറ്റാതെ പറയും (E.g RED, GREEN, BLUE, YELLOW)
  • ഒരുപോലെയുള്ള ഷെയ്പ്പുകള്‍ക്കിടയില്‍ വ്യത്യാസം ഉള്ളത് കണ്ടാല്‍ തിരിച്ചറിയാം
  • എത്ര വയസ്സായെന്ന് ചോദിച്ചാൽ ഉത്തരം പറയും
  • പാലിന് വെള്ള നിറം; പുല്ലിനു—-?. ( പൂരിപ്പിച്ചു പറയും )
  • 10 മിനിട്ടു വരെ കഥകൾ ശ്രദ്ധയോടെ കേൾക്കും; അതിനെക്കുറിച്ചു 5 ചോദ്യങ്ങള്‍ ചോദിച്ചാൽ മിക്കതിനും ശരിയായ ഉത്തരങ്ങള്‍ പറയും
  • 3-4 കാര്യങ്ങൾ പറഞ്ഞിട്ട് അത് ക്രമമായി ചെയ്യാൻ പറഞ്ഞാൽ വീണ്ടും ഓര്‍പ്പിക്കാതെ തന്നെ ഓർത്തു ക്രമമായി ചെയ്യും (ഉദാ: എഴുന്നെല്‍ക്കുക, കൈകൊട്ടുക, കൈ പൊക്കുക, ഇരിക്കുക
  • 8-10 പടങ്ങൾ കാണിച്ചിട്ട്‌ മറച്ചുവച്ചു. അവ ഇതെല്ലാം എന്ന് ചോദിച്ചാല്‍ മൂന്നില്‍ കുറയാത്ത എണ്ണം( 5 ആണ് നല്ലത്) എങ്കിലും ഓർത്തു പറയും
  • നമ്മള്‍ പറഞ്ഞ ഒരു ചെറു വാചകം തിരിച്ചു പറയാൻ പറഞ്ഞാൽ പറയും
  • പ്രധാന ടോയ്‌ലറ്റ് ആവശ്യങ്ങൾ സ്വയം നിർവ്വഹിക്കാൻ അറിയാം
  • അനന്തരഫലങ്ങളെക്കുറിച്ചു അറിയാം (ഉദാ: മഴനഞ്ഞാൽ–? -(-പനിവരും)
  • ഒരു പടത്തില്‍ ക്യൂവില്‍ നില്‍ക്കുന്ന 5 ആളുകളില്‍ നാലാമത് നില്‍ക്കുന്ന ആള്‍ ആരെന്നു ചോദിച്ചാല്‍ തൊട്ടു കാണിക്കും
  • പടങ്ങള്‍ ചേരുംപടി ചേര്‍ക്കും.
  • നിറവും ആകൃതിയും അനുസരിച്ചു വസ്തുക്കളെ തരം തിരിക്കും
  • പേര്, ആണോ പെണ്ണോ, രാത്രി / പകല്‍ എന്നിവ അറിയാം
  • 5 ചതുരക്കട്ടകള്‍ കൊണ്ട് ഗേറ്റ്, 6 ചതുരക്കട്ടകള്‍ കൊണ്ട് സ്റെപ്പും (നട) ഉണ്ടാക്കും
  • ആഴ്ചകളുടെ പേര് ക്രമമായി പറയും
    ( * ഇട്ടിട്ടുള്ള കഴിവുകള്‍ ചിലപ്പോള്‍ നേടിയെന്നു വരില്ല)
    കുഞ്ഞുങ്ങള്‍ അവരുടെ സ്വന്തം കഴിവ് ഉപയോഗിക്കട്ടെ , നിങ്ങള്‍ സഹായിക്കരുത് അവരുടെ സ്വന്തം കഴിവാണല്ലോ നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഇവയല്ലാം പരിശോധനയില്‍ ചിലതാണ് .മറ്റുചില ലളിതമായ പരിശോധനകളും ഇതോടൊപ്പം നടത്താറുണ്ട്‌
    ഏതായാലും സ്കൂളില്‍ വിടുന്നതിനു മുന്‍പ് ഇത്തരം ഒരു ചെക്കപ്പ്എല്ലാ കുട്ടികള്‍ക്കും ചെയ്യുന്നത് അവരുടെ ഭാവിപഠനം കൂടുതല്‍ സുഗമമാക്കും എന്നതിന് സംശയം ഇല്ല. തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ അവ താരതമ്യേന എളുപ്പത്തിലും കാര്യക്ഷമായും പരിഹരിക്കാനും കഴിയും
    ശ്രദ്ധിക്കുക:
    കഴിവുകള്‍ ഉണ്ടെങ്കിലും ചില കുട്ടികള്‍ക്ക് പ്രവര്‍ത്തിക പരിചയം ഇല്ലാത്തതിനാല്‍ മുകളില്‍ പറഞ്ഞ ചിലതെല്ലാം ചെയ്യാന്‍ പറ്റിയെന്നു വരികയില്ല. അങ്ങിനെയെങ്കില്‍ പഠിപ്പിച്ചിട്ട് ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞ് ഒന്നുകൂടി ചെയ്തു നോക്കുക സംശയം ഉണ്ടെങ്കില്‍ വിദഗ്ധരോട് ചോദിച്ചു പരിഹരിക്കുക.
  • Dr. THOMAS ABRAHAM, CDC, MAR SLEEVA MEDICITY, PALA
ഡോ : തോമസ് എബ്രഹാം

By ivayana