ഞാൻ
പ്രകൃതിയെ വായിക്കുന്നു.
കനവിലും നിനവിലും
ഞാൻ
പ്രകൃതിയെ വായിക്കുന്നു.
പ്രകൃതി
എനിക്കൊരു
കവിതയാണ്.
ഞാൻ
പ്രകൃതിയെ വായിക്കുന്നു.
ഞാൻ,
ശ്യാമനിബിഡതകളെ
വായിക്കുന്നു.
ശ്യാമനിബിഡതകളിൽ
പാറി നടക്കുന്ന
പക്ഷികളെ വായിക്കുന്നു.
വൃക്ഷശിഖരങ്ങളിൽ,
തെങ്ങോലകളിൽ,
വാഴക്കൈകളിൽ
ഊയ്യലാടുന്ന
പക്ഷികളെ വായിക്കുന്നു.
പക്ഷികളുടെ
ചിറകടികൾ
വായിക്കുന്നു.
പക്ഷികളുടെ
സംഗീതം വായിക്കുന്നു.
അവയുടെ
മൗനഭാഷണങ്ങൾ
വായിക്കുന്നു.
കൊക്കുരുമ്മി
കിന്നരിക്കുന്ന
ഇണപ്പക്ഷികളെ
വായിക്കുന്നു.
പുറംലോകത്തിൽ
നിന്നുൾവലിഞ്ഞ്
രാപ്പകൽ
ഭേദഭാവങ്ങളില്ലാതെ,
പ്രപഞ്ച
സംഗീതത്തെയോർമ്മിപ്പിക്കുന്ന
സംഗീതക്കച്ചേരി
നടത്തുന്ന
ചീവീടുകളെ വായിക്കുന്നു.
ഞാൻ പൂച്ചെടികളെ
വായിക്കുന്നു.
വൈവിധ്യങ്ങളുടെ
സുഗന്ധപ്പൂക്കളെ
വായിക്കുന്നു.
മധുപനെ,
തുമ്പികളെ വായിക്കുന്നു
വൈവിധ്യങ്ങളുടെ
ഏകത്വത്തെ
വായിക്കുന്നു.
ജനാലയിലൂടെ
ചിറകടിച്ചെത്തി
എന്നെത്തഴുകുന്ന
കാറ്റിന്റെ സന്ദേശം
വായിക്കുന്നു.
ഞാൻ ആകാശത്തിന്റെ
ഭാവപ്പകർച്ചകൾ
വായിക്കുന്നു.
ചിലപ്പോൾ
മഴയെ,
മഞ്ഞിനെ,
വെയിലിലെ
നിഴലുകളെ
വായിക്കുന്നു.
സൂര്യസ്പർശങ്ങളെ,
ചാന്ദ്ര സ്പർശങ്ങളെ,
കൺചിമ്മിത്തുറക്കുന്ന
നക്ഷത്രങ്ങളെ
വായിക്കുന്നു.
ഇനി ഞാൻ
തരിശുനിലങ്ങളെ
വായിക്കും…….

കെ.ആർ.സുരേന്ദ്രൻ

By ivayana