രചന : അജിത്ത് റാന്നി. ✍
നാവാമുകുന്ദ സ്തുതി കേട്ടൊഴുകും
നിളേ നിൻ്റെ ദുഃഖം ആരു കേൾക്കാൻ
പുണ്യം പിറന്ന നിൻ ജന്മത്തെ വാഴ്ത്തിയ
തൂലിക പോലും മടിയ്ക്കയാണോ?
യവ്വനയുക്തയായ് നീ ഒഴുകേ നിൻ
മാറിൻ്റെ സൗന്ദര്യം വാഴ്ത്തിയോരും
നീരുവറ്റി വിറയാർന്നൊരുടൽ കാൺകെ
മിഴിപൊത്തി മൗനമായ് അകന്നുവെന്നോ?
നിൻകരലാളനമേറ്റു വളർന്നതാം
മണ്ണും പെരുകിനിൻ കാന്തി മായ്ക്കെ
നിൻ രൂപലാവണ്യം വാഴ്ത്തിയ നാവും
ചങ്ങലക്കെട്ടോടകന്നു നിന്നോ ?
നീളമേറും നിൻ രൂപ വടിവുകൾ
ദേവേന്ദ്ര നർത്തകിമാരോട് വാഴ്ത്തിയോർ
കബന്ധമായ് മാറിയോരുടൽ കാൺകിലിന്ന്
കുരുട സമമായി മാറിയെന്നോ?
ആത്മാവിൻ ശാന്തിയ്ക്കനേകപിണ്ഡങ്ങൾ
ഏറ്റുവാങ്ങി നീമോക്ഷമേകേ
നിൻ ശ്വാസഗതിതൻ മന്ദത കണ്ടവർ
നിനക്കും വായ്ക്കരി ഏകുവാണോ?
പെറ്റമ്മ പോലെത്ര മണ്ണ് പൊന്നാക്കി
എത്ര ജന്മങ്ങൾക്കന്നദാതാവുമായി
ഒക്കെ മറക്കുന്ന മാനവക്കൂട്ടം
വൃദ്ധജന്മത്തിൻ ഗണത്തിൽ പെടുത്തിയോ?
മാമലനാടിൻ റാണിയായ് വാണവൾ നീ
മാനവ സംസ്കൃതി കണ്ട് വളർന്നവൾ
നീ കണ്ണടയ്ക്കല്ലേ നിൻ രോദനം കേൾക്കാൻ
പുത്തൻ തലമുറയുണ്ടാവും നിശ്ചയം.
