രചന : വൈഗ ക്രിസ്റ്റി ✍
കവിത എന്നുകൂടി വായിക്കപ്പെട്ടേക്കാവുന്ന
ഒരു ദുർമന്ത്രവാദിനി …
അവളുടെ മന്ത്രവടിയിൽ
നിന്നയഞ്ഞുതൂങ്ങി കിടക്കുന്ന
കാറ്റ് ,
ജലത്തിൻ്റെ ഉപരിതലത്തിൽ
മാത്രം തൊട്ട് മാറിനില്ക്കുന്നു .
അവളുടെ ചുണ്ടുകൾ ആഭിചാര മന്ത്രങ്ങൾ ഉരുവിടുമ്പോൾ
കവിതകൾ മലർന്നുവീഴുന്നു
സ്വർഗത്തിലേക്ക് പ്രവേശനമില്ലാത്തവൾ
അവളുടെ അലോസരങ്ങളുടെ
നിദ്രയിൽ
പച്ചപ്പിൻ്റെ സ്വർഗം കടംകൊള്ളുന്നു
വചനം കൊണ്ടാ മണ്ണിൻ്റെ ദൈവം
ആകാശവും ഭൂമിയും ഭൂമിക്കുതാഴെ
പാതാളവും സൃഷ്ടിക്കുന്നു
സ്വർഗവും പാതാളവും വിട്ട്
ഭൂമിയുടെ ആഴത്തിൽ
അവൾ ജീവൻ്റെ വിത്തിടുന്നു
സ്വന്തം ശ്വാസം ഊതി
അവളതിനെ ഉണർത്തുന്നു
പിന്നീട്
ദീർഘമായൊരുറക്കം നൽകി
അവളതിൻ്റെ വാരിയെല്ലിൽ നിന്നും
കവിതയെ സൃഷ്ടിക്കുന്നു
ആഴവും കവിതയും പരസ്പരം
പ്രലോഭനത്തിൽ വീഴുകയും
ഭൂമിയതിനെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു
വീണ്ടും മുളയ്ക്കുന്നതിന്
മഴ കാത്തവ ആഴത്തിൽ നിന്നു
നോക്കുന്നു .
കവിത എന്നുകൂടി വായിക്കപ്പെട്ടേക്കാവുന്ന ദൈവം
അവളുടെ സ്വർഗത്തിൽ നിന്നും
പുത്രനെ അയച്ചേക്കുമെന്നും
അവൻ സ്വയം മരിച്ച് തങ്ങളെ
മുളപ്പിച്ചേക്കുമെന്നും
അവർ പരസ്പരം വിശ്വസിപ്പിക്കുന്നു
ആഴത്തിൻ്റെ അന്ധതയിൽ
അവർ പരസ്പരം പുണരുകയും
മരണത്തിൽ വച്ചുതന്നെ
മക്കളെ പ്രസവിക്കുകയും ചെയ്യുന്നു
കവിത എന്നുകൂടി വിളിക്കപ്പെട്ടേക്കാവുന്ന ദുർമന്ത്രവാദിനി
സ്വന്തം കൈയിൽ നിന്നും ചങ്ങല
പുറപ്പെടുവിക്കുകയും
ആഴത്തെ ബന്ധിക്കുകയും ചെയ്യുന്നു
കണ്ണില്ലാത്ത പാവം ഇരുട്ട്
ദൈവത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു
ഇരുട്ടിൻ്റെ നിർമലതയിൽ
മുളപൊട്ടുന്നതും
സ്വർഗത്തിലേയ്ക്ക് വിടരുന്നതും കാത്ത് ,
അവ ഉറക്കമെന്നോ ഉണർവ്വെന്നോ വിളിക്കാവുന്ന
നിശബ്ദതയിൽ ശയിക്കുന്നു.
