രചന : അനിൽ ബാബു✍
സ്വർഗ്ഗപ്പെട്ടിയിൽ നിന്ന്.
വിശ്വാസം.
പശുവിനെ കെട്ടാൻ
പോയപ്പോ
യാദൃച്ഛികമായി കയറ്
കഴുത്തിൽ കുരുങ്ങിയാണ്
പാട് വീണതെന്ന്
ഞങ്ങളെ
അടുത്തറിയാവുന്നവർ
പോലും
മൂക്കത്ത് വിരൽ വെച്ചല്ലോ!!
ബ്ലൗസിലൂടെ
ഇടതു മുല വീങ്ങിയത് നോക്കി
അതിശയിച്ച കൂട്ടുകാരിയുടെ
ചെവിയിൽ പറഞ്ഞത്
കേട്ടവൾ
പൊട്ടിച്ചിരിച്ചപ്പോൾ
പോയ രാത്രിയിലൊരു
കള്ള് കുപ്പിയുടെ അടികൊണ്ടു
വീർത്തത് ചങ്കിലല്ലായിരുന്നു എന്നത്
ഞാനും വിശ്വസിച്ചല്ലോ!!
ചുള്ളി വെട്ടിയിട്ടാ ഇടതു
കൈയ്യേലെ
ഞരമ്പ് മുറിഞ്ഞതെന്ന് പറഞ്ഞപ്പോ
അങ്ങേരൊഴിച്ച്
ഡോക്ടറ് വരെ വിശ്വസിച്ചല്ലോ!!
ചവിട്ടേറ്റ് ചോര ഒഴുകുന്ന
അടിവയർ വേദനിച്ചപ്പോൾ
ക്രമം തെറ്റിയ ആർത്തവമാണെന്ന്
പറഞ്ഞതും കൂട്ടുകാർ
വിശ്വസിച്ചല്ലോ!!
‘കല്യാണരാമൻ’
സിനിമേലേപ്പോലെ
സ്ലാബിന്റെ മോളീന്ന്
മണ്ണെണ്ണയെടുത്തപ്പം
അടുപ്പിൽ തീയില്ലാത്തത് കൊണ്ടാ
ഞാൻ കത്തിത്തീരാഞ്ഞതെന്ന്
പറഞ്ഞപ്പോഴും
എല്ലാവരും വിശ്വസിച്ചല്ലോ!!
കള്ളും കുടിച്ചു ലക്കില്ലാതെ
മൂത്രമൊഴിക്കാൻ
അടുക്കളേന്ന് വടക്കേപ്രത്തോട്ടിറങ്ങിയപ്പം
കട്ടളപ്പടിയേൽ കാലിടിച്ച് തെന്നി
തല വെളിയിലെ കല്ലേൽ ഇടിച്ചാ
അങ്ങേര് ചത്തേന്നു
പറഞ്ഞപ്പോ
മാത്രമെന്താ ആരും
വിശ്വസിക്കാഞ്ഞത് ??!!