അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും മൃതദേഹം ആദ്യം എത്തിക്കുക എകെജി സെന്ററിലേക്കാണ്. അവിടെ നിന്ന് രാത്രി എട്ട് മണിയോടെ മൃതദേഹം തിരുവനന്തുപുരത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കും. എട്ട് മണി മുതല്‍ ഇവിടെ പൊതുദർശനമുണ്ടാകും.

രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ അടുത്തിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വിഎസ് വിട പറയുകയായിരുന്നു.

വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. ഇടവേളകളില്ലാത്ത സമരമാണ് വിഎസ് എന്നും അദ്ദേഹം അനുസ്മരിച്ചു. ‘അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്.’ എംവി ഗോവിന്ദന്‍ കുറിച്ചു. 2006-2011 കാലഘട്ടത്തിൽ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന വിഎസ് കേരളത്തിലെ ഏറ്റവും ‘ജനകീയ മുഖ്യമന്ത്രി’ മാരില്‍ ഒരാളായിരുന്നു. 1923-ൽ ആലപ്പുഴയിലെ പുന്നപ്രയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഏഴാം ക്ലാസ്സിൽ പഠനം നിർത്തി. തുടർന്ന് തുണിക്കടയിലും കയർ ഫാക്ടറിയിലും ജോലി ചെയ്തു. 1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നാണ് വി.എസ്. പൊതുപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ ആശയങ്ങളിൽ ആകർഷിതനായ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളുമാണ് വി എസ് അച്യുതാനന്ദൻ. 1952 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വി.എസ്. അച്യുതാനന്ദൻ നിരവധി പ്രധാന പദവികൾ വഹിച്ചു. 1952-ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി. 1954-ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി, 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959-ൽ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം, 1964-ലെ പാർട്ടി പിളർപ്പിനുശേഷം സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും 1964 മുതൽ 1970 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്നു. 1980 മുതൽ 1991 വരെ മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1986 മുതൽ 2009 വരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ഏഴ് തവണ വിജയിച്ച അദ്ദേഹം 1992-1996, 2001-2006, 2011-2016 കാലഘട്ടങ്ങളിൽ കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു. 2006 ലാണ് അദ്ദേഹത്തെ തേടി മുഖ്യമന്ത്രി പദം എത്തുന്നത്. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സാഹചര്യം ആയിരുന്നതിനാല്‍ മന്ത്രിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയായി നേരിട്ട് അധികാരമേറ്റ രാഷ്ട്രീയ നേതാവ് കൂടിയാണ് വിഎസ്. 2011 ലെ തിരഞ്ഞെടുപ്പില്‍ വിഎസ് വിജയം തുടർന്നെങ്കിലും മുന്നണിക്ക് നാല് സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ അധികാരം നഷ്മായി. എന്നാല്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ അദ്ദേഹം തീപ്പൊരിയായി മാറുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്.

അച്ചടക്കമില്ലായ്മയും പാർട്ടിയുടെ കൂട്ടായ തീരുമാനങ്ങളോടുള്ള ആവർത്തിച്ചുള്ള എതിർപ്പും വീണ്ടുമൊരു അച്ചടക്ക നടപടിയിലേക്ക് നയിച്ചു. പി ജയരാജൻ, എംവി ജയരാജൻ പോലുള്ള നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ അദ്ദേഹം തയ്യാറായില്ലെന്നതാണ് പ്രധാന കാരണങ്ങളിലൊന്നും. അന്ന് വിഎസ് മുഖ്യമന്ത്രിയായിരുന്നുവെന്ന് കൂടി ഓർക്കണം. മാത്രമല്ല സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായും അദ്ദേഹം പോരടിച്ചു. ഇതിന്റെ പേരിൽ മാധ്യമങ്ങളിലൂടെ അടക്കം അദ്ദേഹം പരസ്യ പ്രതികരണം നടത്തി. ഇതെല്ലാമാണ് നടപടിയിൽ കലാശിച്ചത്, പിബിക്ക് പുറത്താക്കുകയായിരുന്നു. കേരളത്തിന് എഡിബി അനുവദിച്ച വായ്പയെ പാർട്ടി പിന്തുണച്ചപ്പോൾ അതിനെ എതിർത്തുള്ള വിഎസിന്റെ പ്രതികരണങ്ങളും അച്ചടക്ക നടപടിക്ക് കാരണമായി.. വായ്പ സ്വകാര്യവത്കരണത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ എതിർപ്പ്. പാർട്ടിയ്ക്കെതിരായ പ്രവർത്തിച്ചതിന് 2015 ൽ കേന്ദ്രകമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ നേതൃത്വം നീക്കം ചെയ്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരസ്യനിലപാടുകൾ സ്വീകരിച്ചതിനും വിഎസ് നടപടി നേരിട്ടിരുന്നു. വിലക്ക് ലംഘിച്ച് ടിപിയുടെ ഭാര്യ കെകെ രമയെ സന്ദര്‍ശിക്കനായി അദ്ദേഹം വീട്ടിലെത്തിയ നടപടി കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. അന്ന് പാർട്ടിക്കെതിരെ തിരിഞ്ഞതിന് കടുത്ത നടപടിക്ക് നേതൃത്വം ഒരുങ്ങിയെങ്കിലും പിന്നീട് നടപടി ശാസനയിൽ ഒതുക്കുകയായിരുന്നു.

By ivayana