2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍, സൗമ്യ എന്ന ഒരു പാവം 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഒരു ദുഷ്ടൻ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ടു…. എങ്കിലും കുറച്ചു മണിക്കൂറുകൾക്ക് ശേഷം ആ മഹാപാപിയെ പിടികൂടി എന്ന വാർത്തയും അറിഞ്ഞു.

ഇടതു കൈപ്പത്തിയില്ലാത്ത ഗോവിന്ദച്ചാമി എന്ന സൈക്കോ ക്രിമിനൽ… ഇരുളടഞ്ഞ ഒരു ഭൂതകാലം ഉണ്ടയാൾക്ക്… പക്ഷെ ഇപ്പോഴും അയാൾ ആ ഇരുട്ട് ജീവിതത്തിൽ കൊണ്ടു നടക്കുന്നു…
നിങ്ങൾ വിശ്വസിക്കുമോ.?
അയാൾ ഒരു രാജ്യസേവകന്റെ മകനായിരുന്നു!…
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമിയുടെ ജനനം..
ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവ്.
ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്.

പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ദുഷ്കരമായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്തുക്കളൊക്കെ അയാൾ വിറ്റുതുലച്ചു. അതോടെ അയാൾ ഗുണ്ടാപ്പണിയിലേക്കും, മോഷണങ്ങളിലേക്കും തിരിഞ്ഞു. പട്ടാളക്കാരൻ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി!
എല്ലാം വസ്തുവകകളും വിറ്റു നശിച്ചതോടെ അവര്‍ സമത്വപുരത്തെ ഒരു ചെറിയ കുടിലിലേക്ക് മാറി. പിതാവിന്റെ ക്രൂരമായ ചെയ്തികൾ സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി.

തെരുവുകളില്‍ അലഞ്ഞ് നടന്നു ,
ഒടുവില്‍ വ്യത്യസ്തമായ വാഹനാപകടങ്ങളിൽ മാതാപിതാക്കൾ മരണപ്പെട്ടു
അച്ഛനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവര്‍ ഇത് നിത്യ തൊഴിലാക്കി. റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.
മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളില്‍ പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു
തീവണ്ടിയിലെ പോക്കറ്റടി, മാലമോഷണം മദ്യം കടത്തൽ തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികള്‍.

ക്രമേണ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു.
ഒരു പക്ഷെ ഗോവിന്ദച്ചാമിയുടെ
കുട്ടിക്കാലത്തെ ദുരിതപൂർണമായ അനുഭവങ്ങളാകാം അയാളുടെ വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിക്കാൻ കാരണം
കൗമാരകാലത്തുതന്നെ അയാള്‍ നിര്‍ദയനായ ഒരു കുറ്റവാളിയായി മാറിയിരുന്നു.
ഇരുപതാമത്തെ വയസ്സിൽ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തില്‍ ഒരു കവര്‍ച്ചാ സംഘം രൂപപ്പെട്ടു. സേലം, ഈ റോഡ്, കടലൂര്‍, തിരുവള്ളൂര്‍, താംബരം എന്നിവടങ്ങളിലൊക്കെ അവര്‍ തീവണ്ടിക്കവര്‍ച്ചകള്‍ നടത്തി.

അയാളുടെ ക്രൂരമായ കുട്ടകൃത്യങ്ങൾക്കിടയിൽ എപ്പോഴോ അയാളുടെ ഇടതു കൈപ്പത്തി നഷ്ടമായി… ഇതിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്…പക്ഷെ പോലിസ് റെക്കോർഡുകളിൽ ഇതിനു വ്യക്തതയില്ല
കുറെ വർഷങ്ങൾക്ക് ശേഷം അയാൾ സഹോദരനെയും കൂട്ടു കുറ്റവാളികളെയും ഒക്കെ വിട്ട് മുംബൈയിലേക്ക് വണ്ടി കയറി.
സേലം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അനേകം കേസുകൾ നിലവിലുണ്ട്.. ഒരുപാട് തവണ വിവിധ കേസുകളിൽ തമിഴ്‌നാട്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്…
ഒടുവിൽ കൈപ്പത്തിയും നഷ്ടമായതോടു കൂടിയാണ് ഇയാൾ തമിഴകം വിട്ട് മുംബൈയിലേക്ക് ചേക്കേറുന്നത്.കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ മുംബൈ അയാളുടെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ പറ്റിയ ഇടമായിരുന്നു… അമിതമായ ലൈംഗിക ആസക്തിയും ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗവും അയാളെ ഒരു തികഞ്ഞ സൈക്കോ കുറ്റവാളിയാക്കി മാറ്റി…
ശാസ്ത്രീയമായി പിന്നീട് തെളിയിക്കപ്പെട്ടതാണ് ഇയാളുടെ അമിത ലൈംഗിക ആസക്തി…

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ തന്റെ ഇംഗിതങ്ങൾക്ക് വിധേയമാക്കി.
മുംബൈയിലെ പൻവേല്‍ മുതല്‍ ഇങ്ങ് കേരളംവരെ വ്യാപിച്ചുകിടക്കുന്ന, റെയില്‍വേ ഭിക്ഷാടന- മോഷണ സംഘമാണ്, പൻവേൽ ഗ്യാങ്ങ് എന്നറിയപ്പെട്ടിരുന്ന ട്രെയിൻ റോബറി സംഘം…
ഒരു ഒറ്റ ബ്ലെയിഡ് മാത്രം കൈയില്‍ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വന്‍ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ് മോഷണവുമൊക്കെ തുടർക്കഥയാക്കി അവർ ജൈത്രയാത്ര തുടർന്നു…

പിടിക്കപ്പെടുമ്പോൾ കൂട്ടത്തോടെ മൂത്രവും മലവും വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! ഇതേ ടെക്ക്നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രയോഗിച്ചത്. മലം വാരി എറിയുന്നതുകൊണ്ട് ജയില്‍ ജീവനക്കാര്‍ക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാന്‍ പേടിയായിരുന്നത്രേ.
പൻവേല്‍ മാഫിയക്ക് മറ്റൊരു രീതികൂടിയുണ്ട്. പൊലീസ് പിടിച്ചാല്‍ എല്ലാ നിയമസഹായവും അവര്‍ ഉറപ്പാക്കും. ശരിക്കും ഒരു റോബറി സിന്‍ഡിക്കേറ്റ്. ഈ പൻവേല്‍ മാഫിയ തന്നെയാണ് ലക്ഷങ്ങള്‍ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ആളൂര്‍ മരിക്കുന്നതിന് മുമ്പ്, തനിക്ക് ഈ കേസില്‍ പണം വന്നത് പൻ വേലില്‍നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.

മുംബൈയില്‍നിന്നാണ് ഗോവിന്ദച്ചാമി ഭിക്ഷക്കാരന്റെ രൂപത്തില്‍ 2011-ല്‍ കേരളത്തില്‍ എത്തുന്നത്. അതും ഇത്തരം ഗ്യാങ്ങുകളുടെ രീതിയാണ്. സ്ഥിരമായി ഒരു മേഖലയില്‍ തുടര്‍ച്ചയായി കവര്‍ച്ച നടന്നാല്‍ പൊലീസ് വിജിലന്റാവും എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതിനാൽ വാസസ്ഥലം ഇടക്കിടെ മാറ്റും.
പണ്ട് സേലത്ത് ‘ജയിലിൽ കൂടെയുണ്ടായിരുന്ന ഒരു ക്രിമിനലിനെ, ഗോവിന്ദച്ചാമി ഇടക്ക് കണ്ടിരുന്നു. അയാളാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് പാലക്കാട് -എറണാകുളം എന്നിവിടങ്ങളിൽ ഇരുപതോളം മോഷണങ്ങള്‍ ഇവര്‍ നടത്തി.
സൗമ്യ സംഭവദിവസം ഷൊര്‍ണൂര്‍ പാസഞ്ചറിലും ഈ സുഹൃത്ത് ഉണ്ടായിരുന്നു.
23കാരിയായ സൗമ്യയെ വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചാണ് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിടുന്നത്. അന്ന് ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് വിജനമായിരുന്നു. പിന്നാലെ ചാടിയിറങ്ങിയ ഗോവിന്ദച്ചാമി, പാളത്തില്‍ പരുക്കേറ്റ്, മൃതപ്രായയായി ക്കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

അര്‍ധപ്രാണനായ, ദേഹമാസകലം ചോരയൊലിക്കുന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒരു സെക്സ് മാനിയാക്കിന് അല്ലാതെ ആർക്കെങ്കിലും കഴിയുമോ?
ബോധം പുര്‍ണ്ണമായും നശിച്ചിട്ടില്ലാത്ത സൗമ്യ, പ്രതിരോധിച്ചപ്പോള്‍ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചാണ് ഈ ക്രൂര ൻ ഉപദ്രവിച്ചത്. യുവതിയുടെ പക്കല്‍ നിന്ന് വെറും 70 രൂപയും, ഒരു സാധാരണ മൊബൈല്‍ ഫോണുമാണ് ഇയാൾക്ക് ലഭിച്ചത്
സൗമ്യയുടെ പ്രതികള്‍ക്കായി പൊലീസ് നാടുമുഴുവന്‍ ഓടുമ്പോള്‍, ഒലവക്കോട്ടെ ആര്‍പിഎഫിന്റെ ലോക്കപ്പില്‍ സുഖമായി ഉറങ്ങുകയായിരുന്നു ഗോവിന്ദച്ചാമി. ചെന്നൈ മെയിലില്‍ ടിക്കറ്റില്ലാതെ വന്ന ഇയാളെ ഭിക്ഷ ക്കാരനാണെന്ന് കരുതി ആര്‍പിഎഫ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു..

ഒരു കൈപ്പത്തി ഇല്ലാത്തതു വലിയ രീതിയില്‍ ഗോവിന്ദച്ചാമിക്ക് ഗുണം ചെയ്തു. അതുവെച്ചാണ് അയാള്‍ മറ്റുള്ളവരുടെ സഹതാപം നേടുന്നത്.
സൗമ്യയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതുകണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ അയാള്‍ നാട്ടുകാരുടെ കൈയില്‍ പെട്ടെങ്കിലും ഒറ്റക്കയ്യനെന്ന പരിഗണന നേടി അയാള്‍ അവിടെ നിന്നും രക്ഷപെട്ടു
. ബസില്‍ തൃശൂര്‍ക്കും പിന്നെ പാലക്കാട്ടേക്കും പോയ ഗോവിന്ദച്ചാമി, കാര്യമറിയാതെ ആര്‍ പിഎഫിന്റെ വലയില്‍ പെടുകയായിരുന്നു. പിടിയിലാവുമ്പോള്‍ 30 വയസ്സുമാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രായം.

പൊലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഇയാള്‍ പറഞ്ഞിരുന്ന പേര് ചാര്‍ളി തോമസ് എന്നായിരുന്നു. അങ്ങനെയായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നതും.
തമിഴ്നാട് പൊലീസ് റെക്കോര്‍ഡ് പ്രകാരം, ഇയാള്‍ പലപേരുകളിലായിരുന്നു അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാര്‍ലി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങി നിരവധി പേരുകള്‍…. ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാര്‍ളി തോമസ് എന്ന ക്രിസ്ത്യന്‍ പേര്.

ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇത് കള്ളപ്പേരാണെന്ന് തെളിഞ്ഞതോടെയാണ് മാദ്ധ്യമങ്ങള്‍ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഈ പേരാണ് ഉപയോഗിച്ചത്. സുപ്രീം കോടതി വിധിയില്‍ ഗോവിന്ദസ്വാമി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഇതാണ് അയാളുടെ ശരിക്കമുള്ള പേര് എന്ന് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് മതംമാറ്റത്തിന്റെയും, അഗതികള്‍ക്കും ഭിക്ഷക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ആകാശപ്പറവകളുടെ ഇടപെടലും വിവാദമാവുന്നത്.

ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീല്‍ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് തേജസ് പത്രം ആകാശപ്പറവകളിലേക്കാണ് വിരല്‍ ചൂണ്ടിയത്.
സൗമ്യ കൊല്ലപ്പെട്ട സമയത്ത് ജന്മഭൂമി പത്രവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ആകാശപ്പറവകള്‍ക്കും, ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കലുമൊന്നും ഗോവിന്ദച്ചാമിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാന്‍ വേണ്ടി ഇവര്‍ വന്നു കണ്ടുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് സുമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭിക്ഷക്കാരനായ ഗോവിന്ദച്ചാമി കേസ് നടത്താന്‍ വേണ്ടി ചെലവാക്കപെട്ടത് 15 ലക്ഷം രൂപയില്‍ അധികമാണ്.
മൂന്ന് ഘട്ടങ്ങളിലായി അഞ്ചുലക്ഷം രൂപ വീതം പൻവേലിൽ നിന്നും താന്‍ കൈപ്പറ്റിയെന്ന് ആളൂര്‍ സമ്മതിച്ചിട്ടുണ്ട്.
അപ്പോള്‍ എത്ര സംഘടിതവും സുശക്തവുമാണ് ഇന്ത്യയിലെ റോബറി മാഫിയ എന്നോര്‍ക്കണം.
നേരത്തെയും പന്‍വേല്‍ ഗ്രൂപ്പിന്റെ കേസില്‍ താന്‍ ഹാജരായിരുന്നുവെന്നും ആളുര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആളൂര്‍ കാശുവാങ്ങിയതിന് കാര്യമുണ്ടായി. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്.
ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു.

ഇതിനെതിരെ ഗോവിന്ദച്ചാമി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി. ഹൈക്കോടതി ശിക്ഷ ശരിവച്ചപ്പോള്‍, കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വര്‍ഷത്തെ തടവായി സുപ്രീം കോടതി കുറച്ചു.
ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കോടതിയില്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം.
ഈ വിധിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്രയും ഭീകരനായ ഒരു ക്രിമിനല്‍ സമൂഹ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.
ഇപ്പോള്‍ അത് ശരിയാവുകയാണ്. ജയിലിലും വന്‍ പ്രശ്നമാണ് ഗോവിന്ദച്ചാമി സൃഷ്ടിച്ചത്.
ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തി.

എല്ലാം ദിവസും ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് അടിയുണ്ടാക്കി.
സെല്ലിനുള്ളിലെ സിസിടിവി തല്ലിത്തകര്‍ത്തു.
ജയില്‍ ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു.
ഈ അക്രമത്തിന്റെ പേരില്‍ കണ്ണുര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് വിധിച്ചു.
നേരത്തെ ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ത്ത് ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയതിനുശേഷമാണ് സ്വയം മനോരോഗിയായി അഭിനയിക്കുന്നത് നിര്‍ത്തിയത്.

നേരത്തെ ഒരു സഹതടവുകാരനെ ഇയാള്‍ സ്വവര്‍ഗരതിക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു! പക്ഷേ ഇത് പുറം ലോകം അറിഞ്ഞില്ല. സെക്സാണ് ഗോവിന്ദച്ചാമിയുടെ ഏറ്റവും വലിയ ദൗർബല്യമെന്നാണ് ജയില്‍ ജീവനക്കാര്‍ പറയുന്നത്.
സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ കണ്‍മുന്നില്‍ വരുന്ന ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് അയാൾ.
എന്തായാലും അയാളുടെ ക്രിമിനൽ മൈൻഡിൽ തെളിഞ്ഞ ബുദ്ധി ഉപയോഗിച്ച് ഒറ്റക്കയ്യനായ അയാൾ നടത്തിയ ജയിൽ ചാടൽ, പിടിക്കപ്പെട്ടുവെങ്കിലും മറ്റു പലതിലേക്കും വിരൽ ചൂണ്ടുന്നുണ്ട്..

വേലി തന്നെ വിളവ് തിന്നുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന വിധം ഗോവിന്ദച്ചാമി എന്ന മനുഷ്യമൃഗത്തിന്റെ രക്ഷപ്പെടൽ’ നാടകം (?)…
ഇനിയെങ്കിലും നിയമങ്ങൾ ശരിയായ രീതിയിൽ നടക്കട്ടെ.. കൊടുംകുറ്റവാളികളെ ഇങ്ങനെ തീറ്റിപ്പോറ്റാതെ കടുത്ത ശിക്ഷ തന്നെ നൽകണം..
ഇരകൾ അനുഭവിച്ച ദുരിതങ്ങൾക്ക് മുൻപിൽ ഇവർക്ക് മാനുഷിക പരിഗണന നൽകേണ്ടതിന്റെ ഒരാവശ്യവുമില്ല….

” ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം നില നിൽക്കുമ്പോഴും ഇവിടെ നിരപരാധികളുടെ ജീവനെടുക്കുന്നവരെ തീറ്റിപ്പോറ്റുന്നു…
അനേകം പെൺകുട്ടികൾ ഉൾപ്പെടുന്ന മനുഷ്യ ജീവിതങ്ങൾ ഈ ഭൂമുഖത്തു നിന്നു ഇല്ലാതായതിൽ ഇവിടുത്തെ നിയമങ്ങൾക്കുമുണ്ട് പങ്ക്….
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്….

പ്രിയ ബിജു ശിവകൃപ

By ivayana

Leave a Reply

Your email address will not be published. Required fields are marked *