രചന : എം പി ശ്രീകുമാർ ✍
രാമകഥകൾ
കേട്ടുകേട്ടെന്നുടെ
രാവിൻ്റെയിരുളുകൾ
മാഞ്ഞുപോയി
രാക്കിളി പാടുന്ന
വനവാസ രാവുകൾ
പൗർണ്ണമി പോലെ
തിളങ്ങി നിന്നു !
ക്ഷിപ്രകോപത്തിൽ
ജ്വലിക്കുന്ന ലക്ഷ്മണ-
ചിത്തം പ്രശാന്ത
പ്രസന്നമായി
നിവരാൻ വയ്യാത്ത
കൂനുള്ള മന്ഥര
തികവാർന്ന മനസ്സി-
നുടമയായി
‘പുത്രദു:ഖത്താൽ
‘നീറുന്ന ദശരഥൻ
ദു:ഖങ്ങൾ പിന്നാർക്കും
നൽകിയില്ല
മൃഗയാവിനോദങ്ങ-
ളൊക്കെയും തന്നിലെ
മൃഗത്തിനു നേരെ
തിരിഞ്ഞുനിന്നു.
രാമകഥകൾ
കേട്ടുകേട്ടെന്നുടെ
രാവിൻ്റെയിരുളുകൾ
മാഞ്ഞുപോയി
രാക്കിളി പാടുന്ന
വനവാസ രാവുകൾ
പൗർണ്ണമി പോലെ ‘
തെളിഞ്ഞു നിന്നു.
