രചന : ലീന ദാസ് സോമൻ ✍️.
പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നു
ധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്
ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെ
നൊമ്പരത്തിൻ അമ്പരപ്പിൽ
മനസ്സിൽ പതിഞ്ഞ മുഖങ്ങൾ
ഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേ
പ്രാണ ജ്വാലയിൽ ഉദിക്കുന്ന
സത്യങ്ങൾ ആരവം മുഴക്കവേ
ഇന്നലെ കൊഴിഞ്ഞതെല്ലാം
വിധിയുടെ ചാർത്തെന്ന് ചിന്തിക്കവേ
തപിച്ചതും കൊതിച്ചതും നന്മയായി പൂവിടുന്നു
തീരുമാനങ്ങൾക്ക് തിരശ്ശീലയില്ലാതെ
ആർജ്ജവത്തിൻ മണിയടി മുഴക്കട്ടെ
സുഖദുഃഖ സമ്മിശ്ര താളനിബന്ധം എന്നാർജ്ജിച്ച്
കനവിൻ കനിവിൻ ഉറവകൾ തീർക്കവേ
മൂഢഗാഢ ചിന്തകൾക്ക് വർജ്യം കൽപ്പിച്ച്
വിസ്മയ കാഴ്ചകൾ രമ്യ വർണ്ണങ്ങളാൽ വർണ്ണിക്കവേ
ആകുലതയില്ലാത്ത മൂക നിമിഷത്തിൽ
മന്ദമാരുതൻ തലോടലിൽ മന്ദഹാസം പൊഴിച്ച്
തിരസ്ക്കാര ശബ്ദം അന്ത്യം എന്നുറപ്പിച്ച്
പ്രണയം എനിക്ക് നിഷിദ്ധമല്ലെന്ന്
ഉറപ്പ് പറഞ്ഞീടുകിലും
ജീവിതവീഥിയിൽ പവിത്രമാം സ്നേഹം
വിളങ്ങീടേണം എന്നോർമ്മപ്പെടുത്തിയ ചിരാത്
നിൻ സ്നേഹ സ്മൃതികൾ
നഗ്ന സത്യമായി കുറിക്കട്ടെ.
