ഞാനൊക്കെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചൂണ്ടികാണിക്കാനെങ്കിലും ഒരു പ്രേമം ഇല്ലെങ്കിൽ പുരക്ക് പട്ടിണിയാണെന്ന് പറയുമ്പോലത്തെ കുറച്ചിലായിരുന്നു, അപ്പുറത്ത് ഇരിക്കുന്നോൾക്കും ഇപ്പുറത്ത് ഇരിക്കുന്നോൽക്കും എന്തിനേറെ പറയുന്നു ഇസ്കൂളിന്റെ മുറ്റത്ത്കൂടി പോണ പൂച്ചക്ക് വരെ ലൈനുണ്ട്.

പ്രസരിപ്പും ചുറുചുറുക്കുമുള്ള എനിക്കും ഷാനക്കും ഒപ്പമിരിക്കുന്ന സാജിക്കുമില്ല.
ഓൾ പിന്നെ കണ്ണട വെച്ച പ്രേമം അലർജിയുള്ള പഠിപ്പി ആണെന്നു വെക്കാം ഞാൻ അങ്ങനെയല്ലല്ലോ.. വല്ല പ്രിത്വിരാജിനെയോ ജോൺ എബ്രഹാമിനെയോ ഒക്കെ കെട്ടി സെറ്റിൽഡ് ആകണമെന്നൊക്കെയുള്ള കൊച്ചു കൊച്ചു മോഹങ്ങളെ എനിക്കുള്ളൂ.
പക്ഷെ ഓരെ പ്രേമിക്കാൻ മലപ്പുറം വിടണം.

സ്കൂൾ ബസ് അല്ലാത്ത ബസിൽ കേറാൻ എനിക്ക് അറിഞ്ഞൂടാ..അറിഞ്ഞാൽ തന്നെ അച്ചാർ വാങ്ങാനു ള്ള പൈസ എടുക്കണം. തിന്നുന്ന പൈസക്ക് പ്രേമമുണ്ടാക്കുന്ന കുടുംബക്കാരല്ല ഞമ്മൾ, മനസ് കല്ലാക്കി നാട്ടീന്ന് പ്രേമിക്കാം എന്ന് കണക്ക്കൂട്ടി.
“എടി ഞമ്മക്കെന്താ ലൈൻ ഇല്ലാത്തത് “
ഞാൻ ഷാനയോട് ദുഃഖം പങ്കുവെച്ചു.
അനക്കെന്തിനാ ലൈൻ…
അനക്ക് തിന്നാൻ അച്ചാർ ഞാൻ മാങ്ങുന്നില്ലേ..
മൂന്നാമത്തെ പുളിയച്ചാർ പാക്കറ്റും തന്ന് ഓളെന്റെ പ്രേമിക്കാനുള്ള പൂതിക്ക് കത്തിവെച്ചു.

“അല്ലെടി… ഞമ്മള സീനക്ക് ബേക്കറിൽ നിക്കുന്ന ചെക്കൻ അയ്‌ന്റെ മുമ്പ്ക്കൂടെ പോരുമ്പോൾ എന്നും മുട്ട പഫ്‌സ് കൊടുക്കും ഷെറിക്ക് ഓർക്കിടിൽ നിക്കുന്ന ചെർക്കൻ ഡ്രസ്സ്‌ കൊടുക്കും… ഞമ്മക്കും മാണ്ടേ അപ്പൊ..”
ഞാൻ എന്റെ സ്വപ്‌നങ്ങൾ കെട്ടഴിച്ചു ഓളെ മുന്നിലിട്ടു.
അനക്ക് ഇഞ്ഞി ആബിദാ ജ്വല്ലറിന്റെ മുന്നിൽകൂടെ നടക്കണോ…
യിപ്പോം കിട്ടും അനക്ക്.
പഠിച്ചാൻ നോക്ക് ഇന്നെപ്പോലെ..
ഓൾ സിൽമയിൽ കാണുന്ന ക്രൂരനും നീചനും കശ്മലനുമായ വില്ലനെപ്പോലെ എന്നെ ഭീഷണിപ്പെടുത്തി.

പഠിക്കാൻ നോക്ക്ന്ന്… ആര്… ഓൾ
ക്ലാസ് തുടങ്ങുന്നേനു മുമ്പ് ടീച്ചർക്ക് വയറിളക്കം വന്ന് ക്ലാസ്സ്‌ൽ കേറാതെ കക്കൂസിൽ ഇരിക്കണേന്ന് ദുആ ചെയ്യുന്ന ഓൾ.
കൂട്ട്തെറ്റും എന്ന് പറഞ്ഞ് സകലമാന സെമിനാറും അസ്സെയ്മെന്റും എന്നെക്കൊണ്ട് എഴുതിക്കുന്ന ഓൾ.
ഹും… ഇതതല്ല ഓൾക്ക് അസൂയയാണ്
എനിക്ക് പ്രേമസുരഭിലമായ മഞ്ചും മുട്ടപഫ്സും കിട്ടുന്നതിലുള്ള അസൂയ.
ലൈൻ ഉണ്ടായാൽ ഞാൻ ഓളെ മറക്കുമോ..
ഇല്ല, കിട്ടുന്ന പഫ്സിന്റെ മുട്ട ഇല്ലാത്ത ഭാഗം ഓൾക്ക് ഞാൻ കൊടുക്കും. പ്രേമലേഖനം തന്നാൽ സ്കയിൽ വെച്ച് അളന്ന് പകുതി ഭാഗം ഓൾക്കും കൊടുക്കും,അത്രക്കും ആത്മാർത്ഥയുള്ള എന്നെയാണ് ഓൾക്ക് പ്രേമിക്കാൻ വിടാൻ പേടി.
ഓളെ സമ്മതം വാങ്ങണം അല്ലാതെ ഒന്നും നടക്കൂലാ, തന്ത്രപരമായി ഓളെ വീഴ്ത്തണം.
അല്ലെങ്കിൽ ഓൾ പുരക്ക് വിളിച്ചു പറയും.

സാവരിയയിൽ രണ്ബീർ കപൂർ തോർത്ത്‌മുണ്ട് ഉടുത്ത പാട്ട് കണ്ടൂ എന്ന് പറഞ്ഞപ്പോൾ ഇന്റെ ഉമ്മാക്ക് വിളിച്ചു സബ്ന മാണ്ടാത്താ പാട്ടൊക്കെ കാണുന്നുണ്ട് എന്ന് പറഞ്ഞ് എന്റെ മയ്യത്തിനു ഒരുക്കം കൂട്ടിയ മുതലാണ്.
മലപ്പുറം മുനിസിപ്പാലിറ്റിയിലെ എല്ലാർക്കും പ്രേമലേഖനം എഴുതി കൊടുക്കുന്നത് ഞാനാണ്.
അഞ്ചുർപ്യ വെച്ച് കായി മേടിക്കുമെങ്കിലും
ഓരെ പ്രേമം പൊട്ടിപാളിസാകണേ എന്ന് മനസ്സുരികി പ്രാകിയിട്ടാണ് ഞാൻ എഴുതി കൊടുക്കാർ.കണ്ണിക്കടിയാണെന്ന് തോന്നും,
അല്ല ഫുൾ എപ്ലസ് വാങ്ങാൻ നടക്കുന്നോരുടെ ശ്രദ്ധ പോകരുതേ എന്ന ത്വരകൊണ്ടാണ്.
എന്റെ മനോരാജ്യത്തിലെ രാജകുമാരാ എന്നും പറഞ്ഞ് എത്ര എത്ര കത്തുകൾ.
ഒറ്റ ഒന്നിന്റെ മറുപടി ഞാൻ കണ്ടിട്ടില്ല
എന്നെ കാണിച്ചിട്ടില്ല..
എഴുതാൻ മാത്രം ഞാൻ,
വായിക്കാൻ അവളുമാര്.

എനിക്കും വായിക്കണം എന്റെ പഞ്ചാര കട്ടേ എന്ന് തുടങ്ങുന്ന കത്ത്.. അയ്നു പ്രേമം വേണം.
അയ്ൻ ഷാന സമ്മതിക്കണം.
സ്കൂൾ വരാന്തയിലെ ചുമരിൽ ചാരി ഞാൻ ഓളോട് എന്റെ ബുദ്ധിശക്തി കാണിച്ചു,
“നോക്കെ…
ഞാൻ പ്രേമിച്ചാൽ എനിക്ക് തോനെ മുട്ടായി കിട്ടും പിന്നെ ഞമ്മക്കത് ക്ലാസ്സിൽ മറിച്ചു
വിറ്റു പൈസക്കാരിയാകാം..അപ്പൊ അനക്കും ഇൻക്കും ഈ സ്കൂൾ വിട്ട് ഒളിംപ്യൻ അന്തോണി ആദത്തിലെ സ്കൂളിൽ പോകാം,പിന്നെ ഞമ്മൾ ഫുൾ ഇംഗ്ലീഷ് സ്പീകിംഗ് ആയിരിക്കും…”
ഞാനെന്റെ മക്കനയിട്ട് വെയിലുകൊള്ളിക്കാത്ത തലയിലെ ബുദ്ധി ശരിക്കും പ്രയോഗിച്ചു.

“ഓൾ ഒരു ഇംഗ്ലീഷ്കാരത്തി അനക്ക് എത്രയാ.. കണക്കിൽ മാർക്ക്‌..”
ദുഷ്ടത്തി ആ ഒറ്റ ചോദ്യത്തിൽ ഇന്റെ ഉത്തരം മുട്ടിച്ചു. കണക്കിൽ മാർക്ക് ഉണ്ടായിട്ട് എനിക്ക് എന്തിനാണ്, ഞാൻ ലക്ഷ്യം വെക്കുന്നത് കലാസാഹിത്യരംഗമാണ് അവിടെ കണക്കിന് പ്രസക്തിയില്ല.
“ന്നാലും…”
ഞാൻ പ്രേമിക്കാൻ മുട്ടിയ കുക്കുരുണ്ടയപ്പോലെ ഓളെ സമ്മതത്തിനായി തലങ്ങും വിലങ്ങും പറന്നു.
“മാണ്ടാന്ന് പറഞ്ഞാ മാണ്ടാ ഇജ്ജും പ്രേമിക്കണ്ടാ ഞാനും പ്രേമിക്കണ്ട”
ഷാന പ്രസ്താവന ഇറക്കി കോലുമുറിച്ചു.
പ്രിത്വിരാജിനെ കെട്ടുന്നത് വരെ പ്രേമം ഇയ്ക്ക് ഹറാമാക്കിയത് ആണ് പടച്ചോൻ.
സാരമില്ലാ പോട്ടെ എന്ന് എന്നെതന്നെ സമാധാനിപ്പിക്കുമ്പോളാണ് നിറയെ ട്രെയിനിങ് മാഷ്ന്മാരെ കുത്തിനിറച്ചു കൊണ്ട് mct കോളേജിന്റെ വണ്ടി വന്ന് ഗേൾസ്ന്റെ മുറ്റത്ത് നിന്നത്.

ഫിസിക്സ്‌നും കെമിസ്ട്രിക്കും സോഷ്യൽനും ഒക്കെ ഓരോരോ മാഷുമ്മാർ ഞങ്ങളെ ക്ലാസ്സിൽ വന്നു. ചൊർക്ക് എന്ന് പറഞ്ഞാ എമ്മാതിരിചൊർക്ക്.
കലാസാഹിത്യ രംഗം ഞാൻ ഉപേക്ഷിച്ചു,ഇയ്ക്ക് പഠിച്ചാൽ മതി.
ചോദ്യം ചോദിച്ചുതീരും മുൻപേ എണീറ്റുനിന്ന് ഉത്തരം പറയുന്ന പഠിപ്പി ആയാൽ മതി.
കണ്ണും പൂട്ടി കെമിസ്ട്രിയുടെ സാറിനെ ഞാൻ ഉറപ്പിച്ചു.
ഒരു തരം രണ്ട് തരം മൂന്ന് തരം…
സാറിന്റെ രണ്ടാമത്തെ ക്ലാസ്സ്z
ഇന്ന് എടുക്കാൻ പോണതും നാളെ എടുക്കാൻ പോണതും ലേബർഇന്ത്യ നോക്കി മനപ്പാഠമാക്കി ഞാൻ ഇരുന്നു.
തുണിഷോപ്പിൽ കേറുമ്പോൾ മുന്നിൽനിക്കുന്ന പെണ്ണിന്റെ പോലത്തെ ചിരിയും ചിരിച്ചു സാർ വന്നു.

ചോയ്ക്കി… ചോദ്യം ചോയ്ക്കി..
പഠിച്ച പഠിപ്പിന്റെ ആത്മവിശ്വാസത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു.
“ആരാ ഇവിടെ പാട്ട് പാടുന്നേ…”
വിദ്യാഭ്യാസത്തിനു ഊന്നൽ കൊടുക്കാതെ സാർ കലാരംഗത്തേക്ക് ഒറ്റ ചാട്ടം.
ഹും… എല്ലാരും ഇപ്പോൾ എന്നെ പറയും.
അപ്പോൾ ഞാൻ എന്റെ മാസ്റ്റർ പീസ് ശിവമല്ലികാവിൽ പാടും.
ഞാൻ ആഹ്ലാദത്തിന്റെ കൊമ്പത്ത് മടല് കൊണ്ടുള്ള ഊഞ്ഞാൽ കെട്ടി ആടി.
സബ്ന… സബ്ന…
എന്നും ഒരേ പാട്ടെന്നേ പാടുന്ന എന്റെ പേര് ക്ലാസിൽ നിന്ന് എല്ലാരും വിളിച്ചു പറഞ്ഞു.
“ഞാൻ എഴുന്നേറ്റു നിന്നു.
സ്ഥിരം പറയുന്നത് പോലെ ആമുഖമിട്ടു.
തൊണ്ടവേദനയാണ് ശരിയാകുമോ എന്നറീലാ…ഘും.. ഘും”
സാരമില്ല….
സാർ പ്രോത്സാഹിപ്പിച്ചു.
സാറിനു ഇന്റെ പാട്ടൊന്നു കേട്ടാൽ മതി.

ഉത്സാഹം കണ്ടപ്പോൾ സാർ ഗാനമേള ട്രൂപ്പുണ്ടാക്കി ആടെ എന്നെ സ്ഥിരം ഗായികയാക്കുമെന്ന് എനിക്കു തോന്നി.
പാട്ട് പാടാൻ എനിക്ക് കർട്ടൻ വലിച്ചു തരുന്ന പണിയാണ് ഈ മാഷ് പണിയെക്കാൾ സാറിനു ചേരുകയെന്ന് ഞാൻ മനക്കണ്ണിൽ സിൽമയോടിച്ചു.
പാടാൻ വേണ്ടി ബെഞ്ചിൽ നിന്ന് താളം ആവാഹിച്ചു ശ്രുതിയെ പിടലിക്ക് പിടിക്കാൻ നോക്കിയതും ഒരശരീരീ.
“സാറേ ശരിക്കും ഓൾക്ക് വജ്ജ..
യുമയ്യ പാടും “
ഷാന നീച്ചു നിന്നു പറയുകയാണ്.
സമ്മതിക്കില്ല..ഏപ്പരാച്ചി.
യുമയ്യ പാടുംമ്പോലും, ഓൾ മാപ്ലപാട്ടല്ലേ പാടൂ..അല്ലാതെ ഇന്നെ പോലെ സിൽമാപാട്ട് പാടുമോ,സങ്കടം വന്ന് ഷാനയെ നോക്കുമ്പോൾ ഇന്റെ കയ്യും പിടിച്ചു ഒറ്റ ഇരിപ്പിക്കൽ.
“ന്നാ യുമയ്യ പാടു…”
ഇന്നെ ഒന്ന് ശരിക്കും നിർബന്ധിക്കാൻ പോലും നിക്കാതെ സാർ മറുകണ്ടം ചാടി.
യുമയ്യഎന്റെ നെഞ്ചുംകൂട് തകർത്തു ഉറക്കെ പാടുകയാണ്,
ഞാൻ ഷാനയെ നോക്കി.
കരിങ്കല്ല് കേറ്റിവെച്ച ഭാവമാണ് മുഖത്ത്.

ഞാൻ പാടിനു..
പഞ്ചാരയിൽ തേൻ ഒഴിക്കുന്നപോലെ ഞാൻ ഓളോട് പറഞ്ഞു.
“പിന്നെ.. അന്റെ കൈതരാഗം കേക്കാഞ്ഞിട്ടാണ് ഞങ്ങൾക്ക് “
ഒന്നര കിന്റെൽ പുച്ഛത്തിൽ അവളെന്റെ സംഗീതത്തെ പഞ്ഞിക്കിട്ടു.
അതും എന്നെ കെ. എസ് ചിത്രേന്ന് വിളിച്ചു പുളിമ്മൽ കേറ്റുന്ന ഓൾ.മലയാള സിനിമയിൽ ഞാൻ കേറിച്ചെന്നാൽ ബാക്കി ഗായകർക്ക് റേഷൻ പീട്യേന്റ മുന്നിൽ വരിക്കു നിന്നാലേ കഞ്ഞി കുടിക്കാൻ എന്തേലും കിട്ടൂ എന്ന് ബോധ്യപ്പെടുത്തി തന്നുകൊണ്ടിരുന്ന ഓളാണ്
എന്റെ തൊണ്ടയിൽ നിന്ന് വരുന്ന സർഗ്ഗസംഗീതത്തെ കൈതരാഗമെന്ന് പറഞ്ഞ് കുപ്പതൊട്ടിയിലേക്ക് എറിഞ്ഞു കളഞ്ഞിരിക്കുന്നത്.
ഞാൻ താടിക്ക് കയ്യും നാട്ടിയിരുന്നു.
ഓൾ കാണാൻ വേണ്ടി സങ്കടപ്പെട്ടു.

“ഉം.. അനക്ക് അയാളെ ലൈൻ ആക്കാൻ വേണ്ടിയല്ലേ ഇജ്ജ് പാട്ട് പാടുന്നത്…
ഇഞ്ഞി എങ്ങാനും പാട്ട് പാടാൻ പറയുമ്പോൾ തൊള്ള തുറന്നാൽ കൊല്ലും ഞാൻ “
ഇടത് തിരിഞ്ഞു വലത് ചെവിയിൽ അവൾ എന്നോട് മന്ത്രിച്ചു.
യാ റബ്ബി… വല്ലാത്ത സാനം തന്നെ,
ഞാനിങ്ങനെ പ്രേമിക്കാതെ മുരടിച്ചു പോകത്തെയുള്ളൂ.പ്രേമിക്കാൻ മുട്ടിനിക്കുന്ന മനസ്സിനെയാണ് അവൾ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നത്.
അല്ലേലും ചോരയും കുരുതിയും കണ്ടേ യഥാർത്ഥ പ്രേമം വിജയിക്കൂ.
കെമിസ്ട്രി പഠിച്ചു ഞാൻ ഒന്നാം നമ്പർ കാരിയായി സാറിന്റെ മുഹബത്താകും.
ഇതു സത്യം.. സത്യം അ… സത്യം.
എരിയുന്ന മനസ്സുമായി ഞാൻ ലേബർഇന്ത്യയിൽ തൊട്ട് മനസ്സിൽ പ്രതിജ്ഞയെടുത്തു.
അങ്ങനെ എല്ലാ ദിവസവും പഠിച്ചു പഠിച്ചു ഞാൻ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം കിട്ടുമെന്ന് ഉറപ്പിച്ചു നിക്കുമ്പോളാണ് ഒരൂസം സ്കൂൾ വിട്ട് രണ്ടാം ട്രിപ്പ്ന്റെ ബസ് കാത്ത് നിക്കുമ്പോൾ ഷാന എന്നോട് ഒരു കാര്യം പറഞ്ഞത്.
“ഡി.. സീനല്ലേ മാഷ്ക്ക് കൊടുക്കാൻ കത്തെഴുതിപ്പിക്കാൻ മഞ്ചും കൊണ്ട് വരുന്നുണ്ട്…എഴുതി തരൂല എന്ന് തീർത്തു പറഞ്ഞോണ്ടി..”
ഉം..
ഞാൻ മൂളി.

അല്ലെങ്കിലും ഞാൻ എഴുതി കൊടുക്കല്ലേ..
അയ്നാണല്ലോ ഞാൻ പീരിയോടിക് ടേബിൾ കാണാതെ പഠിച്ചത്, ന്നാലും സീനന്റെ ഒരു ധൈര്യം മാഷ്ക്ക് പ്രേമലേഖനം കൊടുക്കാന്നു പറഞ്ഞാൽ.
ഉളുപ്പ്ണ്ടോ ഓൾക്ക്..
മാഷ്മ്മാരെ ഒക്കെ ബഹുമാനിക്കണമെന്ന് ഓളെ പുരക്കൂന്ന് ആരും പഠിപ്പിച്ചിട്ടില്ലേ.
ക്ലാസ്സിലെ ഐശ്വര്യറായി ആണെന്നാ വിചാരം.
ഓൾക്ക് മുട്ടപഫ്‌സ് കൊടുക്കുന്ന ആ ചങ്ങായി ഇതറിഞ്ഞാൽ ചങ്ക് പൊട്ടി മരിക്കില്ലേ.
പാവം മൻസൻ!
“ഡീ.. ഇന്നാ മഞ്ചും അഞ്ചുർപ്യം”
നാളത്തേക്കുള്ള ഹോം വർക്ക് ചെയ്യുന്ന പഠനശിരോമണി സബ്നാ കെ.പിക്കു മുന്നിൽ
കൈക്കൂലി നീട്ടി കൊണ്ട് സീന മുന്നിലിരുന്നു.
അല്ലങ്കിലും കർമ്മനിരധരായ ഒരു സമൂഹത്തെവഴിതെറ്റിക്കാൻ ഗൾഫിൽ അറബിനെ യത്തീംഖാനയിൽ ചേർത്ത പൈസ കൊണ്ട് പോച്ച കാട്ടുന്ന കുറെ തൊഴുത്തിൽ കുത്തികളുണ്ട്.

“എന്തിനാ… “
ഞാൻ കൈക്കൂലിയും അവളെയും ഷാനയെയും മാറി മാറി നോക്കി.
“ഹൗ ഓളൊരു പൗർ.. എയ്തി കൊണ്ട ബ്ലേ”
ഉസ്റും പുളിയുമില്ലാതെ ഓൾ പറയുകയാണ്.
ആർക്കാണ്..
ഞാൻ പിന്നെയും ചോദിച്ചു.
ഓൾ മിണ്ടുന്നില്ല..കള്ളത്തി.
” എയ്ത് കൊടുക്ക് വളെ .. “
ഷാന അഞ്ചുർപ്യ ഇന്റെ ബാഗിലിട്ട് മഞ്ച് സ്കെയിലു വെച്ച് അളന്ന് കൊണ്ട് പറഞ്ഞു.
ദുഷ്ടത്തി നിന്ന നിപ്പിനു ആദർശം വിട്ടിരിക്കുന്നു,
ഗാനമേള ട്രൂപിനു കർട്ടൻ വലിക്കാൻ ഞാൻ കണ്ടെത്തിയ ആൾക്ക് എന്നെ കൊണ്ടു തന്നെ കത്തെഴുതിപ്പിക്കുന്ന കണ്ണീരിൽമുങ്ങി മരിക്കുന്ന വിധി.
” നടുപ്പേജിനു എക്ലയർ കൂടി മാണം “
കണക്കറിയാത്ത ഞാൻ കണക്കു പറഞ്ഞു.
കൈവിട്ടു പോകാൻ പോകുന്ന കപ്പലിന്റെ കയറിനും വില പറയുന്നത് ന്യായമാണ്.
അല്ല അതാണ് നീതി.

ബൂർഷ്വാ ഗൾഫ് മുതലാളിയായ ഓൾ അതും സമ്മതിച്ചു, പൈസന്റെ ഇമ്മതം തന്നെ.
ലെക്സി ഫൈവ് ഇരു വിരലുകൾക്കിടയിൽ കറക്കി ഞാൻ ഇപ്രകാരം കുറിച്ചു തുടങ്ങി.
എന്റെ ഹൃദയ കോവിലിലെ സ്ഥിരപ്രതിഷ്ഠയായ
പ്രാണനാഥാ…
കത്ത് കിട്ടിയതും ഓൾ എട്ടായിമടക്കി അപ്രത്യക്ഷമായി.
എന്റെ ഹൃദയം വെള്ളപ്പൊക്കകാലത്തെ തോടുപോലെ കുത്തിയൊലിച്ചു.
മഞ്ചിന്റെ പാതി കഷ്ണം ചവച്ചിറക്കി ഞാനത് സഹിച്ചു.
” അഞ്ചുർപ്യക്ക് കടല കൊട്ന്നാ മതി “
ഷാന എന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഉം… ഞാനൊന്ന് നീട്ടി മൂളി.
” ആരാ സബ്ന ഹെഡ് ടീച്ചർ ഓഫീസിലേക്ക് വിളിപ്പിക്കുന്നു”
ഞങ്ങളെ ക്ലാസിന്റെ വാതിൽക്കൽ വന്ന് ആജാനബാഹുവായ പ്യൂൺ പറയുകയാണ്.
ഇയാളൊക്കെ ഒരു പ്യൂൺ ആണോ..
സ്കൂളിന്റെ അഭിമാനവും പാട്ടുകാരിയുമായ
സബ്നാ കെ.പി ആരാണന്നറിയാത്ത പേങ്ങൻ.

ഹെട്ടീച്ചർക്ക് എന്തിനാ എന്നെ..
ഇസ്ക്കൂൾ എന്റെ പേരിൽ എഴുതി തരാൻ ആവും,അല്ലെങ്കിൽ എന്റെ ചുറു ചുറുക്ക് കണ്ട് ഓഫീസിൽ വെക്കാൻ ഫോട്ടോ ചോദിക്കാനാവും. അല്ലാതെ എന്നെ വിളിക്കേണ്ട ആവശ്യമില്ല.
ഞാൻ ഹെട്ടീച്ചറുടെ ഓഫീസ് വാതിൽ തള്ളിത്തുറന്ന് കൈകൾ വീശി നടന്നു കയറി, പിറകിൽ വേതാളം പോലെ ഷാനയും.
ഓഫീസിൽ കസേരയിലിരിക്കുന്ന കെമിസ്ട്രീ മാഷ് ഒരു മൂലക്ക് കയ്യുംകെട്ടി നിൽക്കുന്ന സീന,മേശപ്പുറത്ത് ഞാൻ എഴുതിക്കൊടുത്ത അതിമഹത്തായ പ്രേമകാവ്യം.
സീന കയ്യും കെട്ടി കരയുകയാണ്.
എനിക്ക് ചിരി വന്നു.

” അങ്ങനെ മാണം ഓൾക്ക് “
മാണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ..
” ആരാ സബ്നാ കെ.പി “
ലോക വിവരമില്ലെന്ന് തെളിയിച്ച് ഹെട്ടീച്ചർ ചോദിക്കുകയാണ്.
ഞാൻ മുന്നിലേക്ക് നീങ്ങി നിന്നു.
” ഞാനാണ്”
വെണ്ണയുരുകും പോലത്തെ ഒച്ചയിൽ ഞാൻ പറഞ്ഞു.
ഇയ്യാണോ മാഷ്ക്ക് കത്തെഴുതി..അത് കൊടുക്കാൻ ഈ കുട്ടിയെ ഏൽപ്പിച്ചത്.
എന്റെ ബുദ്ധിമണ്ഡലം ഞെട്ടി വിറച്ചു,
എന്താണ് ഞാനീ കേട്ടത്.
കാട്ടുകോഴി രക്ഷപ്പെടാൻ എന്നെ കുരുതി വെച്ചിരിക്കുന്നത്.
അർഹമു റഹിമാനായ റബ്ബേ… എനിക്ക് ശക്തി തരൂ ..
” ഇമ്മേയ്.. എന്തോരു നുണ ,
ഓൾ ഇന്നോട് കത്തെഴുതി തരാൻ പറഞ്ഞു പൈസ തന്ന് ഭീഷണിപ്പെടുത്തി എയ്തിച്ചതാണ് ടീച്ചറെ… വള്ളാഹി “
സത്യം മാത്രം പറയുന്ന ഞാൻ സത്യമിട്ടു.

അതന്നെ ടീച്ചറെ..
ഷാന സത്യത്തിനു സിമന്റിട്ട് ഉറപ്പിച്ചു.
“പൈസ തന്നാൽ നീ കത്തെഴുതി കൊടുക്കുമോ.. “
ടീച്ചർ എന്നെ ഒറ്റക്ക് തുറങ്കിലടക്കാൻ കോപ്പ്കൂട്ടി കൊണ്ട് ചോദിച്ചു.
“പൈസ മാങ്ങിയില്ലെങ്കിൽ ഓൾ ഇന്നെ എന്തേലും കാട്ടിയാലോ..”
നിർഗ്ഗുണ പരബ്രഹ്മമായ ഞാൻ രാക്ഷസിയായ സീനയെ നോക്കി ഒന്നു രണ്ട് വിറ വിറച്ച് ടീച്ചറോട് കുണ്ഠിതപ്പെട്ടു.
ഉം… മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പഠിച്ചിട്ടില്ലേ.. മേലാൽ ആവർത്തിക്കരുത്.
ടീച്ചർ ഉറക്കെ പറഞ്ഞു.
“മാതാ പിതാ കുരു എന്ന് കേട്ടിട്ടുണ്ട് ടീച്ചർ..
ഞങ്ങക്കൊന്നും സാറിനോട് പ്രേമമില്ല.
സാറന്മാരോടൊക്കെ ആർക്കേലും പ്രേമം തോന്നുമോ..ഇൻക്കൊക്കെ പ്രിത്വിരാജിനെയാണ് ഇഷ്ടം..”
ഞാൻ സാറിന്റെ മോത്ത് നോക്കാതെ നിഷ്ക്കളങ്കമായി പറഞ്ഞു.
ഉം.. പൊയ്ക്കൊ…

ടീച്ചർ മേശയിൽ രണ്ട് താളം കൊട്ടി പറഞ്ഞു.
ഞങ്ങൾ തിരിഞ്ഞു വാതിൽക്കലെത്തി.
” അല്ല സബ്നേ..ഇങ്ങനെയൊക്കെ എഴുതാൻ എവിടുന്നാ പഠിച്ചത്”
കൊച്ചുമണിടീച്ചർ ഗൗരവം വെടിഞ്ഞ് ചിരിച്ചു കൊണ്ട് ചോദിച്ചു ഞാനൊന്നും മിണ്ടാതെ ചിരിച്ചു വാതിലു തുറന്നു നടന്നു.
അല്ലെങ്കിലും എന്ത് പറയാനാണ് , ഇതൊന്നും പഠിച്ചു പരീക്ഷ പാസായി കിട്ടുന്ന ഡൂക്കിലി കഴിവല്ല , കോടാനുകോടി തപ പുണ്ണ്യത്തിന്റെ ഫലമായുള്ള ജന്മസിദ്ധിയാണ് ടീച്ചർക്കത് പറഞ്ഞാലും മനസ്സിലാവില്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *