അലാറം ചെവിക്കുള്ളിലേക്ക് ഇരച്ചു കയറിയിട്ടും പുതപ്പ് കൊണ്ട് ഒന്നു കൂടി തല മൂടി കിടന്നു…. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അലാറം…
”’ഇവള്‍ എന്തിന് കിടക്കുകയാണ്…. നാശം എഴുന്നേറ്റ് പോയിക്കൂടെ….”
പിറുപിറുത്തു കൊണ്ട് കണ്ണു തുറന്നപ്പോഴാണ് അവള്‍ ഇല്ലല്ലോയെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മ വന്നത്….. വീണ്ടും അടഞ്ഞു തുടങ്ങിയ കണ്ണുകളെ ബദ്ധപെട്ട് വലിച്ചു തുറന്നു കൊണ്ട് കിടക്കയില്‍ നിന്നും എഴുന്നേറ്റു… വേച്ചു പോയ കാലുകളെ നേരേയാക്കീ ബാത്ത്റൂമിലേക്ക് നടക്കൂമ്പോള്‍ ചെയ്യേണ്ട ജോലികള്‍ ഓരോന്നായി മനസ്സില്‍ കൂട്ടിത്തുടങ്ങി…

ചന്തൂന് ഇഡ്ഡലി ഇഷ്ടമല്ല… അവന് ദോശയുണ്ടാക്കണം… ചാരൂ ഇഡ്ഡലി കഴിച്ചോളും… ചമ്മന്തിയോ സാമ്പാറോ ഉണ്ടാക്കണം… ഉച്ചയ്ക്ക് വേണ്ട ഊണും തയാറാക്കണം.. എല്ലാം കൂടി എപ്പോഴാണ്…. എട്ടരയ്ക്ക് എങ്കിലും ഇറങ്ങിയാലെ ഓഫീസില്‍ കൃത്യസമയത്ത് എത്തു.. ചാരൂനെ സ്കൂള്‍ ബസില്‍ കയറ്റി വിട്ടിട്ടു വേണം.. പോകാന്‍…. എല്ലാം കൂടി ആലോചിച്ചിട്ടു തല പെരുക്കുന്നു…. ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വേഗം അടുക്കളയിലേക്ക് ചെന്നു… തലേ ദിവസം തന്നെ ചോറ് വെയ്ക്കാനുള്ള വെള്ളം എടുത്ത് അടുപ്പില്‍ വെച്ചിരുന്നു…

ഇഡ്ഡലി പാത്രം സ്റ്റൗവില്‍ വെച്ചു തീ കത്തിച്ച ശേഷം അടുപ്പില്‍ തീ കത്തിക്കാനുള്ള പ്രയത്നം തുടങ്ങി… മണ്ണെണ്ണ കുപ്പി എടുത്തു നോക്കിയപ്പോള്‍ ഒരു തുള്ളി പോലും അവശേഷിച്ചിട്ടില്ല… ഒടൂവില്‍ പേപ്പറും വിറക് ചെറിയ കഷ്ണങ്ങളും കൊണ്ട് ഒരു വിധം തീ ക ത്തിച്ചു വെള്ളം അടുപ്പില്‍ വെച്ചു ..തിളച്ചു വന്നപ്പോള്‍ അരി കഴുകി ഇട്ടൂ ഇഡ്ഡലിക്ക് മാവ് ഒഴിച്ചു വെച്ചു…

ഫ്രിഡ്ജില്‍ നിന്നും പച്ചക്കറി എടുത്ത് അരിഞ്ഞു മറ്റുള്ളവയോടൊപ്പം കുക്കറില്‍ കഴുകി വെച്ചപ്പോഴേക്കും എവിടെയെങ്കീലും ഒന്നു ഇരുന്നാല്‍ മതീന്നായി….
ഇരുന്നാല്‍ പറ്റൂലല്ലോ…. ഓടിപ്പോയി കുട്ടികളെ വിളിച്ചുണര്‍ത്തി… രണ്ടിനും എഴുന്നേല്‍ക്കാന്‍ നല്ല മടിയാണ്…..
” ചന്തൂ വേഗം എഴുന്നേല്‍ക്ക് നിനക്ക് സ്കൂളില്‍ പോകേണ്ടതല്ലേ… ” അവന്റെ ചുമലില്‍ കുറേ തട്ടി വിളിച്ചപ്പോള്‍ അവന്‍ ഇഷ്ടക്കേടോടെ ഉണര്‍ന്നു… ചാരൂടെ ഉണര്‍ത്താന്‍ പിന്നെയും ബുദ്ധിമുട്ടി…അടുക്കളയില്‍ കുക്കര്‍ ഇരുന്ന് വീസിലടിക്കാന്‍ തുടങ്ങി… ചാരൂന് ബ്രഷില്‍ പേസ്റ്റ് പുരട്ടി കൊടുത്തിട്ട് അടുക്കളയിലേക്ക് ഓടി… കുട്ട്യോള്‍ക്ക് ചായ കൊടുക്കണം…. അടുപ്പ് ഒഴിയൂലല്ലോ…..

” സുധിയേട്ടാ… മൂന്ന് ബര്‍ണറുള്ള ഒരു അടുപ്പ് വാങ്ങി തരുമോ..രാവിലത്തെ പാചകത്തിന് അതാ എളുപ്പം.. ” ചിത്ര പല തവണ തന്റെ പുറകെ നടന്നതാണ്‌….
” പിന്നെ രണ്ടു ബര്‍ണറില്‍ ചെയ്യാവുന്ന ജോലിയെ ഇവിടെയുള്ളു….. അതുമതി… വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ക്ക് പണത്തിന്റെ വില അറിയില്ലല്ലോ… ഞാനല്ലേ കഷ്ടപെടുന്നത്… കുറച്ചു കൂടി നേരത്തെ എഴുന്നേറ്റാല്‍ ഒരു ബര്‍ണര്‍ കുറച്ചു മതി…. ”
അന്ന് താന്‍ അവളെ പരിഹസിച്ചു…ഇപ്പോള്‍ എത്ര നേരത്തെ എഴുന്നേറ്റാലും അവള്‍ ചെയ്യുന്നതിന്റെ ഒരു ഭാഗം ചെയ്യാന്‍ കഴിയുന്നില്ല.. പോരാത്തതിന് തുണി നനയ്ക്കാനും മുറ്റം വൃത്തിയാക്കാനും അടുത്ത വീട്ടിലെ വിമല ചേച്ചിയെ ഏല്‍പ്പിക്കുകയും ചെയ്തു…
അടുക്കളയില്‍ വന്നപ്പോഴേക്ക് അരിയുടെ തീ അണഞ്ഞിരുന്നു…. അത് വീണ്ടും കത്തിച്ചു ഇഡ്ഡലി പാത്രം മാറ്റി വെച്ചു ചന്തുവിന് ദോശ ഉണ്ടാക്കുവാന്‍ പാനെടുത്ത് അടൂപ്പില്‍ വെച്ചു…. ഊണിന് കറി എന്തുണ്ടാക്കുമെന്ന ചിന്ത എങ്ങുമെങ്ങും എത്തീല… ഫ്രിഡ്ജ് തുറന്നു നോക്കീയപ്പോള്‍ തലേന്ന് വാങ്ങികൊണ്ടു വന്ന പാവയ്ക്കാ ഇരിക്കുന്നു… ചാരൂ പാവയ്ക്കാ കഴിക്കില്ല.. തനിക്കും അത്ര ഇഷ്ടമില്ല… എന്തു ചെയ്യും…

ഒടുവില്‍ രണ്ടും കല്‍പിച്ചു പാവയ്ക്കാ മെഴുക്കുപുരട്ടാന്‍ അരിഞ്ഞു.. സാമ്പാറിന് കടൂക് വറുത്ത് മാറ്റിയിട്ട് മെഴുക്കൂപൂരട്ടിക്ക് അടുപ്പില്‍ വെച്ചു അരിയുടെ പരുവം നോക്കി.. കുറച്ചു കൂടി വേവാനുണ്ട്.. ഇനിയും അതും നോക്കി നില്‍ക്കാന്‍ വയ്യ… അടുപ്പ് ഇപ്പോ അണയുമെന്നും പറഞ്ഞു നില്‍ക്കുകയാണ്.. അരി വാര്‍ത്തിട്ടിട്ടു ഹാളിലേക്ക് ചെന്നപ്പോഴും ചാരൂ ബ്രഷും പിടിച്ചു നില്‍ക്കുന്നതേയുള്ളു… സമയം ഏഴേമുക്കാലായി… ചന്തു കുളിച്ചിറങ്ങിയിരുന്നു…

” അച്ഛ എത്ര പ്രാവശ്യം പറഞ്ഞതാ മോളേ തനിയെ ബ്രഷ് ചെയ്തു ശീലിക്കണമെന്ന്… ” ചുണുങ്ങി കൊണ്ടിരുന്ന ചാരൂനെ ബ്രഷ് ചെയ്യിപ്പിച്ചു ബാത്ത് റൂമിലേക്ക് കയറ്റുന്നതിനിടയില്‍ അയണ്‍ ബോക്സ് ഓണ്‍ ചെയ്തു… ചാരൂനെ വേഗം കുളിപ്പിച്ചിറക്കു കുട്ടികള്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തപ്പോഴാണ് ചായ ഇട്ടില്ലല്ലോന്ന് ഓര്‍ത്തത്..
” അച്ഛ ചായ ഇട്ടില്ല.. ഇന്ന് മക്കള് വെള്ളം കുടിക്ക് ..” എന്നു പറഞ്ഞു വെള്ളം കൊടുത്ത ശേഷം യൂണിഫോമും തന്റെ ഡ്രസുകളും അയണ്‍ ചെയ്യാന്‍ തുടങ്ങി… ചന്തൂനും ചാരൂനുമുള്ള ലഞ്ച് ബോക്സ് ബാഗില്‍ വെച്ചൂ കൊടുത്തു.

ചന്തു വേഗം കഴിച്ചു യൂണിഫോമും ഇട്ടു ധൃതിയില്‍ ഇറങ്ങിപ്പോയി… പത്താം ക്ലാസിലാണ് അവന്‍ പഠിക്കുന്നത്…. എട്ടര മുതല്‍ ഒന്‍പതര വരെ ട്യൂഷനുണ്ട്..
കഴിച്ചു വന്ന ചാരുവിനെ യൂണിഫോമിട്ടൂ ഒരുക്കി ടിവി ഓണാക്കി അതിനു മുന്നില്‍ ഇരുത്തി.. വേഗം പോയി കുളിയും ഒരുക്കവും കഴിഞ്ഞു വന്നപ്പോഴേക്ക് എട്ടേ കാലായി.. ലഞ്ച് ബോക്സും എടുത്ത് ഇറങ്ങുമ്പോള്‍ കഴിക്കാനുള്ള സമയം കിട്ടിയില്ലെന്നു മാത്രമല്ല പാത്രങ്ങള്‍ കൊണ്ട് അടുക്കള നിറഞ്ഞിരുന്നു… അതിപ്പോള്‍ പതിവാണ്..

എട്ടരയ്ക്ക് ചാരൂന്റെ വണ്ടി വരും.. വീടും പൂട്ടി തിടുക്കത്തില്‍ ഇറങ്ങി… അടുത്ത സ്റ്റോപ്പ് വരെ കൊണ്ടു വിടണം…. വണ്ടി വര്‍ക്ക് ഷോപ്പിലാണ്…വൈകുന്നേരം പോയി വാങ്ങണം.. ചാരൂനെ വിട്ടിട്ട് വേണം ബസ് കയറി പോകാന്‍…
” അച്ഛാ അമ്മ ഇനി വരൂലേ… ” ചാരൂന്റെ ചുണ്ടുകള്‍ വിറച്ചു… അടക്കി പിടിച്ച സങ്കടം ആ മുഖത്ത് തെളിഞ്ഞു… മൂന്നാം ക്ലാസിലാണ് അവള്‍ പഠിക്കുന്നത്… അവളോട് എന്തു മറുപടി പറയുമെന്ന് അറിയാതെ കുഴങ്ങി…
” വരും മോളെ… ”
” എന്നും അച്ഛ വരും വരും എന്നു പറയും… പക്ഷെ ഇതുവരെ അമ്മ വന്നില്ലെല്ലോ…”
അവളുടേ ചോദ്യത്തെ അവഗണിച്ചു വണ്ടി വരുന്ന ദിശയിലേക്ക് നോക്കി നിന്നു.. വണ്ടി ദൂരെന്ന് വരുന്നത് കണ്ടപ്പോഴും ചാരൂന്റെ പരിഭവം മാറിയിട്ടില്ലായിരുന്നു… അവളുടെ നോട്ടത്തെ കാണാത്ത പോലെ നടിച്ചു വണ്ടീയില്‍ കയറ്റി യാത്രയാക്കീ ബസ്റ്റോപ്പിലേക്ക് നടന്നു… ഏറെ നേരം കാത്തു നില്‍ക്കാതെ തന്നെ ബസ് എത്തി….

രാവിലെ തിരക്കായി വരുന്നതേയുള്ളു..ആദ്യം കണ്ട സീറ്റില്‍ ഇരിപ്പ് ഉറപ്പിച്ചു….. രാവിലത്തെ ജോലിയും അഹാരം കഴിക്കാതെ ഇരുന്നതും ഏറേ ക്ഷീണിപ്പിച്ചു…
ചിത്ര അവള്‍ എത്ര പെട്ടെന്നാ മറഞ്ഞു പോയത്.. ഇന്നേക്ക് പത്തു ദിവസമായി…
ഒരു ദിവസം ജോലി കഴിഞ്ഞു ചെന്നപ്പോള്‍ ചാരു വരാന്തയില്‍ ഇരിപ്പുണ്ട്.. എന്നും മോളോടൊപ്പം ചിത്രയും കാണും… അവളെ പഠിപ്പിച്ചു കൊണ്ടോ തലമുടീ ചീകി കെട്ടി കൊണ്ടോ… ചന്തു ആറര ആകുമ്പോഴേ എത്തു..
”മോളേ…. അമ്മ എവിടെ. … ”
പതിവില്ലാതെ ഒറ്റയ്ക്ക് യൂണിഫോമില്‍ അവളെ കണ്ടപ്പോഴാണ് തിരക്കിയത്…
”’ അച്ഛേ അമ്മ ഇവിടെ ഇ ല്ലാലോ.. ”

ഇല്ലേ… അവള്‍ പിന്നെ എവിടെ പോകാന്‍…എവിടെയും പോകുന്ന കാര്യം പറഞ്ഞില്ലല്ലോ…. അല്ലെങ്കിലും ഞങ്ങളില്ലാതെ എവിടെയും പോകാറുമില്ല…
വീടിന് മുന്നിലുള്ള ചെടീചട്ടിയിലാണ് പുറത്തു പോകുമ്പോള്‍ താക്കോല്‍ വെയ്ക്കുന്നത്.അവിടേ നോക്കിയപ്പോള്‍ താക്കോല് ഉണ്ട്..താക്കോലെടുത്ത് വീടു തുറന്നു അകത്തു കയറി…
” സുധിയെട്ടാ… ഞാന്‍ പോകുന്നു. നിങ്ങള്‍ക്ക് ഭാര്യ എന്നൊരു സ്ത്രീയെയല്ല വേണ്ടത് ഭാര്യ എന്ന യന്ത്രത്തെയാണ്‌…. ഇത്ര കാലം എന്റെ ഇഷ്ടങ്ങള്‍ അടക്കി വെച്ചു നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ യന്ത്രമായി… ഇനി വയ്യ… ഞാനെന്റെ ഇഷ്ടങ്ങളോടോപ്പം പോകുന്നു… മക്കള്‍ക്ക് ഒരുവിധം അറിവായിട്ടുണ്ട്….. ഇത്രയും നാളും നിങ്ങളുടെ എല്ലാ കാര്യവും നോക്കി നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചു… ഇനി എനിക്കായി കുറച്ചു ജീവിക്കണം… ഒരു ജീവിതമല്ലേയുള്ളു… അത് മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ഹോമിക്കുന്നതിലെന്ത് അര്‍ത്ഥമാണുള്ളത്….

ദയവു ചെയ്തു ഇനിയും എന്റെ പുറകെ വരരുത്…… എന്നെ എന്റെ വഴിക്ക് വിട്ടേക്കുക…. ഞാന്‍ എന്റെ വസ്ത്രമല്ലാതെ മറ്റൊന്നും എടുത്തിട്ടില്ല.. പോകുന്നു…. ”
ആദ്യം ഒരു ഞെട്ടലായിരുന്നു…. പിന്നെ അവളുടെ വീട്ടീലേക്ക് വിളിച്ചു… അപൂര്‍വ്വമായെ അങ്ങോട്ടു വിളിക്കാറുള്ളു… അച്ഛന് തീരെ സുഖമില്ലാതെ കിടന്നപ്പോള്‍ പോലൂം അവളെ വിടുകയോ താന്‍ പോകുകയോ ചെയ്തതല്ല.. അതിന്റെ ഒരൂ ജാള്യത ഉണ്ടായിരുന്നു…അമ്മയാണ് ഫോണെടുത്തത്…താനാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ എവിടെയെന്നു തിരക്കി.. അപ്പോഴേ അവിടെ എത്തീട്ടില്ലെന്നു മനസ്സിലായി വിശേഷങ്ങള്‍ തിരക്കീ ഫോണ്‍ കട്ടാക്കി… മറ്റെവിടെയെങ്കിലും വിളിച്ചു അവളെ തിരക്കാനും ധൈര്യം വന്നില്ല…. ഭാര്യ കളഞ്ഞിട്ട് പോയി എന്ന നാണക്കേട് മറ്റൊരു വശത്ത്..അവളുടെ സഹോദരിമാരെ വിളിച്ചു തിരക്കണമെന്നു കരുതിയെങ്കിലും അവരോടൊന്നും വലിയ അടുപ്പം കാട്ടാത്തത് കൊണ്ട് അതിനും തുനിഞ്ഞില്ല…

അവള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നുമില്ല… വരുന്നതു പോലെ വരട്ടെന്നു കരുതി…. ആരെങ്കിലും എന്നെങ്കിലും അറിയട്ടെ…അല്ലെങ്കില്‍ അവള്‍ മടങ്ങി വരട്ടെ… അപ്പോള്‍ അങ്ങനെയാ തോ ന്നീത്… ചന്തൂനോടും അമ്മ യാത്ര പോയീന്നാ പറഞ്ഞത്..അവന്‍ വിശ്വസിച്ച മട്ടില്ല..എങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല..
ഇത്രയുമ ദിവസങ്ങള്‍ കൊണ്ട് താന്‍ ചിത്രയെ മനസ്സിലാക്കുകയായിരുന്നു…. ജോലി കഴിഞ്ഞു വീട്ടീലെത്തിയാലും ആജ്ഞകളും പരിഹാസങ്ങളുമേ അവള്‍ക്ക് നല്‍കീയിട്ടുള്ളു..ശരാശരി മലയാളികളെ പോലെ രണ്ടു കുട്ടികളായാല്‍ കുടുംബം ആ കുട്ടികളുടെ ഭാവി മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു താന്‍… സ്വന്തം വീട്ടില്‍ പോലും സ്വാതന്ത്ര്യത്തോടെ പോകാന്‍ അനുവദിക്കാതെ തന്റെയും മക്കളുടെയും സൗകര്യത്തിനും സന്തോഷത്തിനും അവളെ തടവറയില്‍ ഇട്ടേക്കുകയായിരുന്നു… എത്ര നാളുകളായി അവളോട് സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ട്…

ആ അവസരം ആരെങ്കിലും മുതലാക്കീയെങ്കില്‍ അത് അവളുടെ അല്ല തന്റെ തെറ്റു തന്നെയാണ്..വീട്ടിലെ മറ്റു ഉപകരണങ്ങളെ പോലെ ഒരു പരിഗണനയും വേണ്ടാത്ത ഒരു യന്ത്രം മാത്രമാണ് അവളെന്നു താന്‍ കരുതി… രാവിലെ എല്ലാം ഒരുക്കി തന്നു വിടുന്ന അവളോട് ആഹാരം കഴിച്ചോന്നു പോലും ചോദിച്ചിട്ടില്ല….
ബന്ധങ്ങള്‍ ചെടികള്‍ പോലെയാണ്… സ്നേഹവും പരിഗണനയും വെള്ളവും വളവും പോലെ നല്‍കിയാല്‍ അവ തഴച്ചു വളരും…. അല്ലാത്തവ ,,ആര്‍ക്കും ഗുണമില്ലാതെ മുരടിച്ചു പോകും… മറ്റു ചിലവ പ്രകാശമുള്ളിടത്തേക്ക് പോകുന്ന ചെടികളെ പോലെ പോകും..ചിത്രയും…..!!!!!!

ചിന്തകള്‍ ഭ്രാന്തു പിടിപ്പിച്ചു… കുറ്റബോധവും അപകര്‍ഷതാബോധവും വല്ലാതെ തളര്‍ത്തി… വൈകുന്നേരം ആയപ്പോള്‍ വര്‍ക്ക് ഷോപ്പില്‍ പോയി വണ്ടീയും എടുത്തു നേരേ വീട്ടിലേക്ക് പോയി…ഇന്ന് ഓഫീസിലുള്ള രാജുവിന്റെ വീട്ടില്‍ പാര്‍ട്ടീയുണ്ട്… മുന്‍പ് ,അതൊക്കെ കഴിഞ്ഞേ വീട്ടില്‍ പോകു….. പലരും ഫാമിലിയായി വരുമ്പോള്‍ താന്‍ മാത്രം ഒറ്റയ്ക്ക് പോയി ,വരും..ചിത്രയുമായി പുറത്തു പോയിട്ട് ഏറെ നാളുകളായി…

ഇപ്പോള്‍ വീട്ടില്‍ മോള് തനിച്ചായി പോകും.. അതുകൊണ്ട് എത്രയും വേഗം വീട്ടിലെത്തണം…. കാലം വല്ലാത്തതാണ്… അതുമല്ല രാവിലത്തെ ബാക്കി ജോലിയുണ്ട്..
ഒരു ജോലിക്കാരിയെ വെയ്ക്കാമെന്നു കരൂതിയാല്‍ അധികച്ചിലവാണ്‌…. പിന്നെ വിശ്വസിച്ചെങ്ങനെ വീട്ടില്‍ കയറ്റും…
വീട്ടിലെത്തിയപ്പോള്‍ മോളെ വരാന്തയില്‍ കാണാനില്ല..എന്നും അവള്‍ അവിടെ വന്നു തന്നെ കാത്തിരിക്കാറാണ് പതിവ്..വൈകുന്നേരം ഇപ്പോള്‍ അവള്‍ തനിച്ചു വരും..മുന്‍പ് ചിത്ര പോയി കൂട്ടികൊണ്ടു വരുകയായിരുന്നു പതിവ്.. വണ്ടി സ്റ്റാന്‍ഡില്‍ വെച്ചു ഓടി റോഡിലിറങ്ങി ചുറ്റും നോക്കി….

ആരോട് ചോദിക്കും… തല കറങ്ങുന്നതു പോലെ തോന്നി…. കുഞ്ഞിന് എന്തു പറ്റി…. ?? മുന്നില്‍ ആകെ ശൂന്യത…. ഒന്നും ചെയ്യാനാവാതെ തറച്ചു നിന്നു…
” അച്ഛേ..” പുറകില്‍ നിന്നും വിളി കേട്ടപ്പോള്‍ ഒരു കുളിര്… ചാരൂ..
തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ വരാന്തയില്‍… ഡ്രസൊക്കെ മാറിയിട്ടുണ്ട്..
ഇവള്‍ എങ്ങനെ വീടിന് അകത്തു കയറി.. അത്ഭുതത്തോടെ ഓടി അവളുടെ അടുത്തെത്തി ചേര്‍ത്തു പിടിക്കുമ്പോള്‍ കൈവിട്ടു പോയത് തിരികെ കിട്ടീയ ഭാവമായിരുന്നു…
” അച്ഛേ അമ്മ വന്നിട്ടുണ്ട് …അമ്മയാ എന്നെ വിളിച്ചു കൊണ്ടു വന്നത്.” വാതിലിലേക്ക് ചൂണ്ടീ ചാരു അത് പറഞ്ഞപ്പോള്‍ അങ്ങോട്ടു നോക്കി… അവീടെ ചിത്ര…
എന്തു പറയണം എന്തു ചെയ്യണം എന്നറീല…ഇവള്‍ ഇത്ര ദിവസം എവിടാരുന്നു… ഇപ്പോള്‍ എന്തിന് വന്നു..ഇനി പോകുമോ… ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍….
” ഇതാ സുധി ചായ… ‘_ ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കിയപ്പോള്‍ ചിത്രയുടെ ചേച്ചി…
” സുധി പേടിക്കേണ്ട…ചിത്ര വേറേ ആരോടും ഒപ്പം പോയതല്ല…. അവള്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു… അവളുടെ പരിഭവങ്ങളും വിഷമങ്ങളും മാറുമ്പോള്‍ മടക്കി അയയ്ക്കാഃ എന്നു കരൂതി…. തനിച്ചിരുന്ന ആലോചിച്ചു കൂട്ടിയപ്പോള്‍, അവള്‍ സുധിയുടെ ഭാഗം ചിന്തിച്ചില്ല..ഇപ്പോള്‍ അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി…

പക്ഷേ സുധി ഒരു പ്രാവശ്യമെങ്കിലും വിളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു… അതു മാത്രം ഉണ്ടായില്ല.”
അവര്‍ അത് പറയുമ്പോള്‍ ചിത്രയുടെ മുഖം താഴ്ന്നിരുന്നു…
” തെറ്റ് എന്റെ ഭാഗത്തും ഉണ്ട്.. അവളെ കുറച്ചു കൂടി കെയര്‍ ചെയ്യണമായിരുന്നു. ആ കുറ്റബോധം എന്റെയുള്ളിലും ഉണ്ടായിരുന്നു… അവള്‍ ,എവിടെ എന്നു അന്വേഷിക്കുമ്പോള്‍ എന്തിന് അവള്‍ പോയി എന്നതിനും ഞാന്‍ മറുപടി നല്‍കേണ്ടേ…..
പിന്നെ അവള്‍ മടങ്ങി വരുമെന്ന് എന്റെ ,മനസ്സ് പറഞ്ഞിരുന്നു… . അതുകൊണ്ട് കാത്തിരുന്നു.”
അതുപറയുമ്പോള്‍ അറിയാതെ സ്വരം ഇടറിയിരുന്നു…
”സുധിയേട്ടന്‍ ക്ഷമിക്കണം… ഞാന്‍ ഒന്നും ആലോചിക്കാതെ എടുത്തു ചാടിയതാണ്… ഇനി അങ്ങനെ ഉണ്ടാകില്ല.. ” ചിത്ര കൈകള്‍ കൂട്ടി പിടിച്ചു അതു പറയുമ്പോള്‍ അവളെ നെഞ്ചോടു ചേര്‍ത്തൂ പിടിച്ചു

” അതിന് ഇനി അങ്ങനെ പോകാന്‍ ഞാന്‍ അവസരം തന്നിട്ടു വേണ്ടേ …” എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ രണ്ടു കുഞ്ഞു നക്ഷത്രം തിളങ്ങി….. കണ്ണു നീര്‍ത്തുള്ളികളായി….
ചേര്‍ത്തു പിടിക്കൂവോളം ബന്ധങ്ങള്‍ കൈവിട്ടു പോകില്ല….. അവ തഴച്ചൂ വളരുന്നതും മുരടിക്കുന്നതും വഴിമാറി വളരുന്നതും നമ്മുടെ പ്രവൃത്തി പോലെയാണ്… എല്ലാം അങ്ങനെയാകില്ല..എങ്കിലും ഭൂരിഭാഗവും അങ്ങനെ തന്നെയാണ്……
✍️

By ivayana