രചന : രവീന്ദ്ര മേനോൻ ✍️
”ജനാധിപത്യം റെഡ്അലർട്ടിൽ” എന്ന ഗ്രന്ഥത്തിലെ അഞ്ചാം അധ്യായം ആരംഭിക്കുന്നത്, ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നു നമ്മൾ സ്വയം വിളിക്കുന്ന സമ്പൂർണ്ണ സാക്ഷരതാ കേരളം ഒട്ടേറെ വിചിത്രതകൾ ഉള്ള ഒരു നാട് തന്നെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.
ചില ചെറിയ രാജ്യങ്ങളുടെ അത്രയോ, ചില വൻ നഗരങ്ങളുടെ അത്രയോ ജനസംഖ്യയുള്ള കൊച്ചു കേരളത്തിലെ ആളോഹരി പ്രതിശീർഷ വരുമാനം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും, ആരോഗ്യപരിപാലനരംഗത്തും, ശിശു മരണങ്ങളുടെ തോതിലും, വിദ്യാസമ്പന്നരുടെ എണ്ണത്തിലും, പുരോഗമന ചിന്താഗതികളുടെ കാര്യത്തിലും അടക്കം പലതിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളെക്കാളും,പല ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളെക്കാളും മുന്നിലാണ്. ആളോഹരി വരുമാനതോത് അത്രയൊന്നും ഉയർന്നതല്ലെങ്കിലും, പല അർത്ഥത്തിലും ജീവിത നിലവാരസൂചികയിലും കേരളത്തിൻറെ നില മെച്ചപ്പെട്ടതാണ് എന്ന് ഈ അധ്യായത്തിൽ വ്യക്തമാക്കുന്നു.
മാറിമാറി വന്ന സർക്കാറുകളുടെ (ജനാധിപത്യവ്യവസ്ഥയിലെ ആവശ്യമായ ഘടകങ്ങളിൽ ഒന്ന്) വികസന നയങ്ങളുടെയുo, പദ്ധതി പ്രവർത്തനങ്ങടെയും, പുരോഗമന ചിന്താഗതികളുടെയും, പ്രവാസി പണത്തിന്റെയും ഒക്കെ ഫലമായി ദരിദ്രരുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ താഴെ തന്നെയാണ് എന്ന അഭിമാനഅഭിമാനകരമായ കാര്യം ഇതിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ കേരള സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആക്രമണവാസനയും, വർഗീയ സംഘർഷങ്ങളും, സ്ത്രീധന പീഡന മരണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും കണക്കിലെടുക്കുമ്പോൾ എല്ലാ അർത്ഥത്തിലും വികസിത രാജ്യങ്ങളെ പോലെ മെച്ചപ്പെട്ട ജീവിതനിലവാരമാണ് ഇവിടത്തെത് എന്നു പറയുവാൻ കഴിയുകയില്ല എന്ന കാര്യവും വിശദീകരിക്കുന്നുണ്ട്.
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളുടെ ഭാഗമായി, അതുവരെ ആ രംഗത്ത് നിലനിന്നു വന്നിരുന്ന പല അഴിമതികളും ചൂഷണങ്ങളും ഇല്ലാതാക്കുവാനും, ചില സാമുദായിക മേലാളന്മാരുടെ മേൽക്കോയ്മകൾ കുറയ്ക്കുവാനും, അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പാക്കുവാനും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനും, സിലബസ്സുകൾ പുരോഗമനപരമായ രീതിയിൽ പരിഷ്കരിക്കുവാനും, ശമ്പള വർദ്ധന നടപ്പാക്കാനും അടക്കമുള്ള ഉദ്ദേശത്തോടെ (ഇതു കേരളത്തെ സമ്പൂർണ്ണ സാക്ഷരത ലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്) കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനോടുള്ള ജാതി-മത സംഘടനകളുടെ കടുത്ത എതിർപ്പ് വിമോചന സമരമായി വളർന്നു അഥവാ വളർത്തി, തിരഞ്ഞെടുപ്പിലൂടെ ലോകത്ത് ആദ്യമായി നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിടുന്ന സ്ഥിതിയിലേക്ക് എത്തിക്കുക വഴി രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിലേക്കുള്ള ആദ്യപടിയായി പരിണമിച്ചു എന്ന ചരിത്രസത്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുപക്ഷേ ആ പിരിച്ചുവിടൽ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ അടിസ്ഥാന ശിലകൾക്ക് കൂടുതൽ കരുത്ത് നൽകുവാൻ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിലുപരി, ഇന്ത്യയിലെ ജനാധിപത്യധ്വംസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും, ജനാധിപത്യ വ്യവസ്ഥിതിയെ തെരുവു സമരങ്ങളിലൂടെയും ആക്രമ മാർഗ്ഗങ്ങളിലൂടെയും അട്ടിമറിക്കാൻ ആകുമെന്ന് തെളിയിക്കുവാനും, അങ്ങനെ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുവാനും ഇടയാക്കി എന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതൊന്നും പിന്നീട് നടമാടിയ അസഹനീയമായ ആഹിഷ്ണുതയ്ക്കും,ആക്രമണ പരമ്പരകൾക്കും ന്യായീകരണമല്ലെങ്കിലും അതും, ആശയപരമായും-രാഷ്ട്രീയപരമായും ഉള്ള അസഹിഷ്ണുതകളുടെയും, ആക്രമണങ്ങളുടെയും തുടർ കാഴ്ചകളുടെ നേർ ചിത്രങ്ങൾ തന്നെയായിരുന്നു. അങ്ങിനെ കഴിഞ്ഞ കുറേ വർഷങ്ങളായി കേരള ചരിത്രം ആത്യന്തികമായി അഥവാ അകൃത്രിമമായി, ഭരണപക്ഷത്തിന്റെയും അതിനു പിന്തുണ നൽകുന്നവരുടെയും, അതിനെ ശക്തമായ എതിർക്കുന്ന പ്രതിപക്ഷത്തിന്റെയും സമരഭൂമിയായും, അവർ തമ്മിലുള്ള തെരുവ് സംഘർഷങ്ങളുടെ വേദിയായും മാറി. ഇതൊക്കെ ‘വിദ്യാസമ്പന്നരുടെ നാട്’ എന്ന കേരള ചിത്രത്തിൻറെ ശോഭ നശിപ്പിക്കുക തന്നെ ചെയ്തു.
ഈ അധ്യായത്തിന്റെ അവസാന ഭാഗത്ത് ആശയത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരിൽ എതിർച്ചേരിയിലുള്ളവരെ അഥവാ ‘മറ്റുള്ളവരെ’ നാമാവിശേഷം ആക്കുന്ന ഗുണ്ടകളുടെ വിഹാരരംഗമായി നമ്മുടെ നാടിനെ രാഷ്ട്രീയപാർട്ടികളും, വിശ്വാസ സംഘടനകളും അധപ്പതിപ്പിക്കുകയും, മലയാള മണ്ണിൽ ചോര ചുവപ്പ് വ്യാപകമായി പടരുവാൻ ഇടയാക്കുകയും ചെയ്തു വരുന്നു എന്ന പലരുടെയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഇഎംഎസ്, എകെജി, ആർ ശങ്കർ, അച്യുതമേനോൻ, സി എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി തുടങ്ങിയ .രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും,അദ്വൈത സിദ്ധാന്തത്തിന്റെ ആചാര്യ ഗുരുവായ ആദിശങ്കരനും ജന്മം നൽകിയ ഈ നാടിനെ ആശയ-വിശ്വാസ സംഘട്ടനങ്ങൾ നിറഞ്ഞ ഒരു കലാപഭൂമിയാക്കി മാറ്റാൻ നമുക്ക് അനുവദിച്ചു കൂടാ എന്നത് വ്യക്തമാക്കിയ ശേഷം, ജനാധിപത്യ വ്യവസ്ഥിതിക്കു തന്നെ അപകടകരമായി മാറിയേക്കാവുന്ന ആക്രമവും, അസഹിഷ്ണുതയും ഒരേ കള്ള നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെയാണ് എന്നും, ആ കള്ള നാണയത്തിന്റെ വിനിമയ മൂല്യം വെറുപ്പ് എന്ന ഹീന വികാരവും,അതിൻറെ നിറം ചോര ചുവപ്പും, സ്വരം ഭീകരതയുടെയും ആണെന്ന് മലയാളികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അത്തരമൊരു കള്ള നാണയത്തെ അംഗീകരിക്കുന്നതും, അതിൻറെ പരിസഞ്ചരണം അനുവദിക്കുന്നതും മനുഷ്യത്വം എന്ന മഹത്തായ മൂല്യത്തെ തന്നെ അപകടാവസ്ഥയിലാക്കും എന്നതിനാൽ ഇത്തരം പ്രവണതകൾക്കെതിരെ പൗരസമൂഹം ജാഗരൂകരാകേണ്ടിയിരിക്കുന്നു എന്ന് നിർദ്ദേശിച്ചു കൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്.