രചന : മംഗളൻ. എസ്✍️
കുന്നും പുഴകളും പച്ചപ്പാടങ്ങളും
കുത്തൊഴുക്കില്ലാത്ത പുഴയുള്ള ഗ്രാമം
കുഞ്ഞാമ്പൽ വിരിയും തെളിനീരിളകും
കുളങ്ങളിലരയന്നം നീന്തും ഗ്രാമം
കുളിരോലും നറുമഞ്ഞും സൂര്യാംശുവും
കുന്നിൻ മറവിലായ് പ്രണയിക്കും ഗ്രാമം
കുളമാവിൽ ഹിമകണമിറ്റും നേരം
കുയിലുകൾ ചേക്കേറി പാടുന്ന ഗ്രാമം
കുലകളായ് പീതാംബരപ്പൂക്കളാടും
കുരുവികൾ മധുവുണ്ണാനെത്തും ഗ്രാമം
കുടുകുടെ പെയ്യും മഴകൂസാതെങ്ങും
കുഞ്ഞാറ്റക്കിളികൾ പ്രണയിക്കും ഗ്രാമം
കുട്ടിക്കുറുമ്പന്മാരുമോദത്തോടെങ്ങും
കുട്ടിയും കൂന്തും കളിക്കുന്നൊരു ഗ്രാമം
കുടമുല്ലപ്പൂ ചൂടി മങ്കമാരല്ലൊം
കുമ്മിയടിച്ചു കളിക്കുന്നൊരെൻ ഗ്രാമം
കുലകുത്തി ഇളനീര് നൽകും കേരങ്ങൾ
കുടങ്ങളിൽ മധുരക്കള്ളിറ്റും ഗ്രാമം
കുംഭം നിറച്ചുള്ളൊരന്തിക്കള്ളോ നിത്യം
കുംമ്പ നിറയ്ക്കുന്നവരുള്ളൊരെൻ ഗ്രാമം!