രചന : പ്രസീദ.എം.എൻ ദേവു ✍
ഞാനിന്നു
പോർബന്തറിലേയ്ക്ക്
നടന്നു,
ഗാന്ധിയെന്ന
കുഞ്ഞിനെ കാണാൻ,
സ്വാതന്ത്ര്യം
എന്ന് നെറ്റിയിൽ
ആലേപനമിട്ട്,
സത്യാഗ്രഹം
എന്ന് ചുണ്ടിൽ
തേനുരച്ച്,
സത്യമെന്ന്
നെഞ്ചിൽ തേച്ചുരച്ച്,
തീവണ്ടി ബോഗികളിലൂടെ,
പല പല ആളുകൾക്കിടയിലൂടെ,
വർത്തമാനങ്ങളിലൂടെ,
തിരക്കിലൂടെ,
തിക്കിലൂടെ,
ഇവർക്കെല്ലാം
സ്വാതന്ത്ര്യമുണ്ടോ?
ഉണ്ടായിരുന്നിരിക്കാം,
ഉണ്ടാവുമെന്നുറപ്പിക്കാം,
ഉണ്ടെന്ന് ഉറപ്പു വരുത്താം,
ദണ്ഡി വരെ നടക്കാം,
നടന്ന് നടന്ന്
കിട്ടുമായിരിക്കാം,
നടത്തം നിർത്തില്ലായിരിക്കാം,
ഈ ജന്മത്ത് കിട്ടാത്ത
സ്വാതന്ത്ര്യം,
നേടിയെന്നു ഞാനും
ഊറ്റം കൊള്ളുന്നുണ്ട്,
മരണപ്പെട്ട ഗാന്ധി
എന്നെയൊന്നു
നോക്കി,
മൊട്ടു സൂചി പഴുതിലൂടെ
തോക്കു കുഴൽ നീളുന്നതും,
ഞാൻ പിടഞ്ഞു വീഴുന്നതും,
സ്ക്രീൻ ഷോട്ടെടുത്ത്
ആരൊക്കെയോ
സ്റ്റാസ്സ് ഇട്ടതും
അവ്യക്തമായ്
കാണുന്നുണ്ടായിരുന്നു,
സ്വാതന്ത്ര്യം
കുപ്പ തൊട്ടിയിൽ നിന്ന്
പെറുക്കി
കിട്ടിയതും കൊണ്ട്
ആരൊക്കെയോ
പായുന്നുമുണ്ടായിരുന്നു,…
