രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കാൾ എനിക്ക് പത്തുവയസ്സ് കുറവാണ്……
ഒരു മനുഷ്യായുസ്സു വെച്ചു കണക്കാക്കിയാൽ,
78 വയസ്സായിരിക്കുന്നു സ്വാതന്ത്ര്യത്തിന്…..
എന്നിട്ടും,
നക്കാപ്പിച്ചപെൻഷനുകളും,
ധർമ്മക്കിറ്റുകളും,
ജാതിയും മതവുമൊക്കെയായി
കഷ്ടിച്ചു, ജീവിച്ചുപോകുന്ന മനുഷ്യരാണെല്ലാടത്തും…..
സർക്കാർ ഉദ്യോഗസ്ഥരും
വലിയ രാഷ്ട്രീയക്കാരും
വലിയ കച്ചവടക്കാരും,
കച്ചവട രാഷ്ട്രീയ ദല്ലാളന്മാരും കയ്യൂക്കുള്ളവരും….
സുഖമായി ഇഷ്ടംപോലെ ജീവിക്കുന്ന
78 വയസ്സുകാരനായ സ്വതന്ത്ര്യ ഇന്ത്യ…..
എല്ലാ പൗരന്മാരെയും
ഒന്നായിക്കാണാൻ പോലും,
ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്നും വില്ലേജ് ആപ്പീസുകൾ തൊട്ട് മന്ത്രിയാപ്പീസുകൾ വരെ
ശുപാർശയും, കൈക്കൂലിയും
ഒക്കെയായി മാത്രമേ
സാധാരണ ഭൂരിപക്ഷ ജനതക്ക് ജീവിച്ചുപോകാൻ കഴിഞ്ഞിട്ടുള്ളൂ….
ബുറോക്രസിയുടെ മേൽക്കോയ്മക്ക്
കടിഞ്ഞാണിടാൻ പോലും
78 വർഷമായി കഴിഞ്ഞിട്ടില്ലാത്ത രാജ്യത്ത്,
ഒരുപാട് സ്വാതന്ത്ര്യ വേർതിരുവുകളുള്ള,
ഈ ജനാധിപത്യത്തിന്റെ
ആഘോഷം പോലും
പൂർണ്ണമായി ഇല്ലാത്ത ഒന്നിന്റെ കാട്ടിക്കൂട്ടലാണ്…..
ഇപ്പോഴും വേർതിരിവുകളും
പരിമിതികളും പക്ഷപാതങ്ങളും ഉണ്ടെങ്കിലും……
സ്വാതന്ത്ര്യത്തിന്റെ പലസുഖങ്ങളും അനുഭവിക്കാൻ വലിയൊരു പരിധിവരെ,ജനാധിപത്യവും സഹായിക്കുന്നു എന്നുള്ളത്
മറ്റൊരുതരത്തിൽ, വലിയകാര്യംതന്നെയാണ്……
അതിനെപ്പോലും ഇല്ലാതെയാക്കുന്ന
ഒരു ശക്തിയോടും
ഒരു ഒത്തുതീർപ്പും പാടില്ലെന്ന് തീരുമാനിക്കേണ്ടതും
ഒഴിച്ചുകൂടാത്തതാണ്……
നമുക്ക് സ്വാതന്ത്ര്യവും,
ജനാധിപത്യവും
പരിപൂർണ്ണമായി വേണം,
അതിനുവേണ്ടി,
കച്ചമുറുക്കുക…..
ലാൽസലാം……