നറുചിരി തൂകുന്ന
പുലരിതൻ കവിളിൽ
കുങ്കുമകാന്തി പടർന്നു
പൂർവ്വാംബരം തന്റെ
തിരുനെറ്റിത്തടത്തിൽ
ചന്ദനം ചാലിച്ചു തൊട്ടു
കുളിർമഞ്ഞുതുളളിയിൽ
നീരാടി തുമ്പികൾ
നറുതേനുണ്ടു പറന്നു
കളകളം പാടുന്ന
കിളികളൊന്നിച്ചു
തരളസംഗീതം മുഴക്കി
കുളിരാർന്ന തെന്നലിൻ
കൂന്തലിൽ ചൂടിയ
കുടമുല്ലപ്പൂമണമൊഴുകി
നിറമാല ചാർത്തിയ
പ്രകൃതിയെ നോക്കി
നിർമ്മാല്യം തൊഴുതു ഞാൻ നിന്നു.

എം പി ശ്രീകുമാർ

By ivayana