രചന : സുധ തെക്കേമഠം ✍
ഒരുത്രാടത്തലേന്നാണ് അവന്റെ കത്തു വന്നത്. എന്നെ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി അറിയിപ്പു തന്നു തല താഴ്ത്തി നടന്നു പോയ ഒരാളുടെ കത്ത്
എനിക്കങ്ങനെ തോന്നാഞ്ഞിട്ടോ പേടി കാരണമോ ഞാൻ നിരസിച്ചിട്ടും അവന്റെ ഒരേയൊരു കത്ത് അന്നെന്നെത്തേടി വന്നു. സംഭ്രമത്തോടെയാണ് ഞാനാ ഇൻലൻഡിന്റെ അരിക് കീറിയത്. എന്നാൽ ഉള്ളിലെവിടെയോ നുരച്ചു പൊന്തുന്ന സന്തോഷക്കുമിളകളെ ഞാനറിയുന്നുണ്ടായിരുന്നു.
കാരണം അങ്ങനൊരു കത്തുവരുന്നത് എനിക്കിഷ്ടമായിരുന്നു.
ഈ ഭൂമിയിലെ നിരവധിയനവധി മനുഷ്യർക്കിടയിൽ നിന്നും എന്നെ മാത്രം തെരഞ്ഞെടുത്തു തേടി വരുന്നതാണത്. എന്നോടു മാത്രമായി പറയുന്ന സ്വകാര്യങ്ങൾ നിറഞ്ഞത്. അങ്ങനൊന്നു കയ്യിലെത്തുമ്പോൾ പരിഭ്രമത്തിനൊപ്പം ആനന്ദവും നിറയും.
പക്ഷേ, വീട്ടിലാരുടെ കൈയിൽ കിട്ടിയാലും കുഴപ്പം തോന്നാത്ത വായിക്കുമ്പോൾ വെറും സാധാരണമായ ഒരു കത്തായിരുന്നു അത്. കൂട്ടുകാരുടെ വിശേഷങ്ങളും ഞങ്ങൾ ട്യൂഷൻ ക്ലാസിലേക്കു നടന്നിരുന്ന വഴിയെക്കുറിച്ചുള്ള ചെറുവാചകങ്ങളും ഞാനതീവ ധൃതിയിലാണു വായിച്ചത്. ഞാനെന്തോ തിരയുകയായിരുന്നു..
വെറുതെയല്ല ,അതിലെ ഓരോ വരികളിലും വാക്കുകൾക്കിടയിലും മറഞ്ഞിരിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു. എനിക്കു മാത്രം വായിച്ചെടുക്കാനായ ചിലത്.
തട്ടിലെ മാതേരിനു ചുറ്റും ചെണ്ടുമല്ലിയും കാശിത്തുമ്പയും കുത്തിവയ്ക്കുന്നതിനിടയിൽ ഞാനാ വരികൾ പിന്നെയും പിന്നെയും ഓർത്തു. സന്തോഷമല്ല, അതീവരഹസ്യം നിറഞ്ഞ ആനന്ദാനുഭൂതിയുടെ നിറവ് ഞാനറിഞ്ഞു. അവന്റെ മുഖമോ പേരോ ആയിരുന്നില്ല എന്നെ സന്തോഷിപ്പിച്ചത്. എന്റെയുള്ളിലെ പ്രേമം പ്രേമത്തിനോടു തന്നെയായിരുന്നു.
തൊട്ടാവാടിയും പൂച്ചെടിയും തുമ്പയും മുക്കുറ്റിയും നുള്ളിപ്പെറുക്കി പിറ്റേന്നു ഞാനുണ്ടാക്കിയ പൂക്കളത്തിന് എന്തൊരു ചന്തമായിരുന്നു. പച്ച നെല്ലിന്റെ മണമിഴുകിയ മുറ്റത്തെ ചെറുവെയിലും രാത്രിനിലാവുമൊക്കെ അന്നെന്റേതു മാത്രമായി .
ആ നിമിഷങ്ങളിലൊന്നും ഞാനവനെ ഓർത്തിട്ടില്ലെന്നത് പിന്നീടെന്നെ അമ്പരപ്പിച്ചിട്ടുണ്ട് സിനിമകളിലും നോവലുകളിലു ഞാൻ പരിചയിച്ച പ്രണയം വേറെയാണ്.
ആരുടെയോ ഇഷ്ടം അക്ഷരമായോ നോട്ടമായോ സ്പർശമായോ ഒരാളെ മാത്രമായി വന്നു തൊടുമ്പോൾ അയാളുടെ പ്രപഞ്ചം മറ്റൊന്നായി തീരുന്നു. ആ മറ്റൊരാളിനെയല്ല .. നമ്മളിൽ പതിഞ്ഞ ഇഷ്ടത്തെയാണ് നമ്മൾ പ്രണയിക്കുന്നത്. ഇഷ്ടമെത്തിയവൾ ഏറ്റവും സുന്ദരിയാവുന്നതും ഇടക്കിടെ കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുന്നതും മറ്റൊരാൾക്കു വേണ്ടിയല്ല.
സ്നേഹം എന്ന വാക്കിന്റെ മയം മറ്റൊന്നിനും നൽകാനാവില്ലല്ലോ..
ഓണം സ്നേഹമാകുന്നു. ഓർമ്മയും സ്വപ്നവുമാകുന്നു.