മോഹപുഷ്പശലഭത്തെത്തേടി
എൻ വിരലേന്തുന്ന തൂലികത്തുമ്പിലായ്
എന്നും പറന്നെത്തും ശലഭമല്ലേ…..
എന്മനോവീണയിൽ നാദം തുളുമ്പിക്കും
എത്രയും സുന്ദരിയല്ലയോ നീ
എന്നിട്ടുമെന്തേ നീ കാണാൻ കൊതിയ്ക്കുന്ന
എന്നിൽ നിന്നെന്നും അകന്നുനില്പൂ…..
എൻ രാഗസീമയിൽ ചുറ്റിപ്പറക്കുന്ന
എത്രമനോഹരിയെന്നുമെന്നാൽ
എന്മുന്നിലെന്തേ നീ എത്തിപ്പെടാത്തതും
എന്നുടെ കയ്യിൽ വന്നെത്താത്തതും…..
എത്രമേൽ ഇഷ്ടം ചൊരിഞ്ഞു ഞാൻ നിന്നുടെ
ഏകാന്തതയുടെ ചൂടകറ്റാൻ
എങ്കിലുമെന്നുടെ കൈവിരൽത്തുമ്പിൽ നീ
എന്തേ വന്നൊന്നങ്ങിരിപ്പതില്ലാ……
എന്മാനസത്തിങ്കൽ പദമായ് പറന്നെത്തും
ഏഴിലം പാലപ്പൂ ഗന്ധമത്രേ
എന്നും നിനക്കായ് വിരൽമുന നീട്ടി ഞാൻ
ഏകനായ് നിത്യം തപിച്ചു നില്പൂ…..

കൃഷ്ണമോഹൻ കെപി

By ivayana