ഞാനും, നിങ്ങളും യുദ്ധത്തെക്കുറിച്ചും
സമാധാനത്തെക്കുറിച്ചും
കവിതകൾ കുറിക്കുന്നു.
അറിയുക, നമ്മുടെ വരികൾ
കോടാനുകോടി
സമാധാനപ്രാവുകളായി പുനർജ്ജനിച്ച്,
കൊക്കിൽ ശാന്തിമന്ത്രങ്ങളുടെ ഒലീവിൻ ചില്ലകളുമായി,
യുദ്ധഭൂമിക്ക് മേൽ പറക്കുന്നു.
നിരക്ഷരനായ ശത്രുവിന്റെ ഗർജ്ജനങ്ങൾ
ഹിംസയുടെ കഴുകന്മാരായി
പ്രാവുകളെ പ്രതിരോധിക്കുന്നു.
ഞാനും നിങ്ങളും
രണഭൂമിയിൽ നിന്നുയരുന്ന
വിശപ്പിന്റെ രോദനങ്ങളെക്കുറിച്ച്
വിലാപകാവ്യങ്ങൾ രചിക്കുന്നു.
അറിയുക, നമ്മുടെ ഓരോ വരികളും
അമ്ളമഴകളായി ശത്രുവിന് മേൽ
പെയ്തിറങ്ങുന്നു.
യുദ്ധഭൂമിയിലെ ഇടിഞ്ഞുപൊളിഞ്ഞ
ലോകങ്ങൾ ശത്രു ചാരക്കൂമ്പാരങ്ങളാക്കുമ്പോൾ
അറിയുക ഓരോ ചാരക്കൂമ്പാരത്തിലെയും
ജീവന്റെ അഗ്നിസ്ഫുലിംഗങ്ങൾ
തീരാശാപത്തിന്റെ അഗ്നിശരങ്ങളായി
ശത്രുവിന്റെ നേർക്ക് കുതിക്കുന്നുണ്ട്.
ശത്രുവിന്റെ ഗർജ്ജനങ്ങൾ
ദിഗന്തങ്ങൾ മുഴങ്ങുമ്പോൾ,
അറിയുക, നമ്മുടെ കവിതകളിലെ വരികൾ
ആയിരം തീയ്യമ്പുകളായി
ശത്രുവിന്റെ നെഞ്ചിൽ
ഇടിവാളുകൾ പായിച്ച്
അവനെ ചകിതനാക്കുന്നുണ്ട്.
ഓർക്കുക ഒടുവിൽ വിജയത്തിന്റെ
കാഹളം മുഴക്കുക സമാധാനമായിരിക്കും.
ശത്രുവിന്റെ പതനവാർത്തകളായിരിക്കും.
അതിന് ചരിത്രം സാക്ഷിയായിരിക്കും.
ചരിത്രം കാവലാളായിരിക്കും……

കെ.ആർ.സുരേന്ദ്രൻ

By ivayana