രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
മായാജാലം മാനവനീമണ്ണിൽ
ജീവിതം മറിമായം
തീരാദാഹം പണത്തിനുംപദവിയ്ക്കും .
നേടുവാനതിമോഹം
ഏതോശാപം പിന്തുടരുന്നതുപോലെ
തിരിമറി നടത്തുന്നു
പോരാമോഹം ആകാശമോളം വാരി
കൂട്ടുന്നു സമ്പാദ്യം
നമ്മിൽനിന്നെന്തിനു എന്നിലേക്ക്
ചുരുക്കുന്നു അതിമോഹം?
പിന്നിൽനിന്നെന്തിനു കുത്തിമലർത്താൻ
ഇരുൾവഴി തിരയുന്നു?
വെട്ടപ്പിടിക്കുവാൻ വേടനേപ്പോലെ
അലഞ്ഞു നടക്കുന്നു
വേട്ടയ്ക്കൊടുവിൽ ഭ്രാന്തനെപ്പോലെ
പൊട്ടിച്ചിരിക്കുന്നു !
കൂടെക്കൂട്ടിയ കൂട്ടാളിയെയൊരുനാൾ
ചവിട്ടിമെതിക്കുന്നു
ഒപ്പത്തിനൊപ്പം നിന്നവർക്കൊപ്പം
നിറം മാറ്റാനറിയുന്നു
ഞാനെന്ന ഭാവം തീരില്ലഹങ്കാരം
തീകൊണ്ടു കളിക്കുന്നു
തിരശീല താഴ്ത്താതെ നടനം മുടക്കാതെ
വ്യാമോഹം പുതുക്കുന്നു …
കാലത്തിൻ മുന്നിൽ കള്ളനെപ്പോലെ
ഒരുനാൾ പകയ്ക്കുന്നു
കാച്ചിക്കുറുക്കിയ കാലത്തിൻ മറുപടി
കേട്ടുനടുങ്ങുന്നു
കാരുണ്യമില്ലാതെ കാപട്യം മറയാക്കി
പുലരുന്ന പ്രതിഭാസം
മായാജാലം മാനവനീമണ്ണിൽ ജീവിതം
മറിമായം.
