സംസ്ക്കാര സമ്പന്നരാക, സ്തുത്യർഹമാം
കരളിലായുദയനാളത്തെ ദർശിക്കുക
തരംപോൽ കെടുത്തും മനസ്സായിരിക്കാതെ,
നിത്യമൊരു കർത്തവ്യനാളമായ്ത്തുടരുക.
വഞ്ചനാ,വൈകൃത ചിന്തകൾപ്പെരുകുകിൽ
നെഞ്ചിലായെന്നും പടർന്നുപോം കരിനിഴൽ
ഞാനെന്ന ഭാവമല്ലതി ഹൃദ്യമുണരുവാൻ
കഴിയുന്നതാം സ്നേഹദീപമായ് നിറയണം.
ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽ
തള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻ
വെള്ളിക്കിലുക്കം വെറുത്ത സ്വപ്നങ്ങളായ്
തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം.
ചേർത്തുവായിക്കുക, പ്രിയമോടൊരേ വിധം
സഹനതയേകുമുണർവ്വിൻ കവിതകൾ;
നേർത്തുപോകുന്നുദയാർദ്രമാം വാക്കുകൾ
തെളിക്കേണമഭയമായ് നൽക്കാവ്യ പുലരികൾ.
താഴ്ന്നുപോകാതെ,യെന്നും കൃപാനാളമായ്
തെളിഞ്ഞുനിൽക്കട്ടെ നിൻ മഹനീയ ചിന്തകം
തിരിതാഴ്ത്തിടില്ലുദയ ഹൃത്തടം; തിരുവരം-
കാത്തിരിക്കുന്നു സ്നേഹാർദ്രമാം ജീവിതം.
പാരിൻ ചെരാതായി നിൽക്കാം മനസ്സുകൾ-
തെളിച്ചമോടുണരാൻ കൊതിക്ക, നാം സാദരം
താരാഗണംപോൽ തിളങ്ങട്ടെ സുസ്മിതം
പുലർവെളിച്ചം പോലുണരട്ടെ മാനസം.
മൊഴിവിളക്കണയുകിൽ ചുറ്റുമിരുളിനാൽ
തീരെയറിയാതെ പോയിടാം തിരുമുഖം
വരദാനമോരോ വിചാരവും; കരളിനാൽ
കാത്തിടാം, പെരിയവനുപരി സ്നേഹാദരം.
സ്മിതംമറന്നാ,ദിവ്യ ജീവിതാർത്ഥങ്ങളും
മുൾക്കിരീടംചാർത്തി നിന്നയാ, കാലവും
തിലകമായുദയനാളത്തിൻ പ്രതീകമായ്
ഉയിർത്തെഴുന്നേറ്റതാം മഹിതാർദ്ര ചിന്തയും.
കാലമേ, നീയെത്ര കരളുകളാ,
വിധം കണ്ണീർക്കുതിർത്തുണർത്തീ സ്നേഹ പുലരിയായ്;
കണ്ടറിയുന്നില്ല കനലിൽ സ്ഫുടംചെയ്ത
കരളുകൾ കാവ്യ മാക്കുന്നതാം നിറവുകൾ..

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *