രചന : ബിന്ദു അരുവിപ്പുറം✍
സ്വപ്നങ്ങളോട് വിട പറഞ്ഞുകൊണ്ട്
കെട്ടുപാടുകളില്ലാത്ത
ലോകത്തേയ്ക്കവൾ യാത്രയായി,
പരാതിയും പരിഭവവങ്ങളൊന്നുമില്ലാതെ.
സ്നേഹത്താൽ ചേർത്തണച്ചവർ
മരവിച്ച സങ്കടങ്ങൾ പതം പറഞ്ഞ്
കരഞ്ഞു കൊണ്ടേയിരുന്നു.
എന്നും മഴയെ ഇഷ്ടപ്പെട്ടിരുന്നവൾക്ക്
യാത്രാമൊഴിയെന്നപോലെ
മഴയും ആർത്തലച്ചു കൊണ്ടേയിരുന്നു.
നിനക്കായ് കണ്ണിമ ചിമ്മാതെ
നിന്റെ വരവിനായ് സ്നേഹം കൊതിച്ച്
രാവോളം കാത്തിരുന്നതല്ലേ!…..
പ്രതീക്ഷകൾ വിങ്ങലായ്
നെടുവീർപ്പലകളുതിർത്ത്
സങ്കടക്കയങ്ങളിൽ മുങ്ങിത്താണു.
തുന്നികെട്ടിയ മുറിവിന്റെ വേദന
നെഞ്ചിലേറ്റി ഈറൻക്കിനാക്കളും
നീറ്റലോടെ മിഴിയടച്ചു.
ഇനിയും നീ കരയരുത്.
ചുറ്റിലും മരണഗന്ധം തളം കെട്ടിനിൽപ്പുണ്ട്.
ഇതുവരെ ചിതയടങ്ങിയിട്ടില്ല.
വീണ്ടും മൊബൈൽ ശബ്ദിച്ചു.
കൗതുകത്തോടെയുള്ള ചോദ്യം.
പതിയെ അമർത്തിയൊരു ഉത്തരം.
പുഴ സ്വച്ഛമായെഴുകി.
മിഴിനീരൊട്ടും പൊടിഞ്ഞില്ല,
അന്ത്യചുംബനവുമില്ല;
അന്ത്യകർമ്മത്തിനോ സാക്ഷിയും.
ആരവങ്ങളൊന്നുമില്ല.
ആത്മാവിന്റെ ആഴങ്ങളിൽ
സ്നേഹസുഗന്ധം പൊഴിയ്ക്കുന്ന
ചിറകു തുന്നുമൊരു ശലഭം
ഇഴഞ്ഞു കൊണ്ടേയിരുന്നു.
